Published: April 23 , 2025 05:17 PM IST
1 minute Read
മുൾട്ടാൻ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ (പിഎസ്എൽ) വിക്കറ്റ് നേട്ടത്തിന്റെ ആവേശത്തിൽ വിക്കറ്റ് കീപ്പറിന്റെ ഉയർത്തിപ്പിടിച്ച കൈയ്ക്ക് അടിച്ച ബോളർക്ക് ഉന്നം തെറ്റി. ഗ്ലൗസ് അണിഞ്ഞ കൈകളിലേക്കാണ് വിക്കറ്റ് നേട്ടത്തിന്റെ ആവേശത്തിൽ ആഞ്ഞടിച്ചതെങ്കിലും അടി കൊണ്ടത് വിക്കറ്റ് കീപ്പറിന്റെ തലയ്ക്ക്. ശക്തമായ അടിയേറ്റ് ഇരുന്നുപോയ വിക്കറ്റ് കീപ്പറിനെ ഉടൻതന്നെ വൈദ്യസംഘമെത്തി പരിശോധന നടത്തി. കുഴപ്പമില്ലെന്ന് കണ്ട് മത്സരം തുടരുകയും ചെയ്തു.
മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മുൾട്ടാൻ സുൽത്താൻസ് – ലഹോർ ക്വാലാൻഡേഴ്സ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുൾട്ടാൻ സുൽത്താൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 228 റൺസ്. മറുപടി ബാറ്റിങ്ങിൽ ലഹോറിന്റെ പോരാട്ടം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 195 റൺസിൽ അവസാനിച്ചിരുന്നു.
മറുപടി ബാറ്റിങ്ങിനിടെ ലഹോർ ക്വാലാൻഡേഴ്സിന് പ്രതീക്ഷ നൽകി ക്രീസിലുണ്ടായിരുന്ന സാം ബില്ലിങ്സിനെ പുറത്താക്കി മുൾട്ടാൻ സുൽത്താൻസിന് നിർണായക ബ്രേക്ക്ത്രൂ സമ്മാനിച്ചത് ഉബൈദ് ഷാ. സിക്കന്ദർ റാസയ്‌ക്കൊപ്പം ലഹോറിനെ ട്രാക്കിലേക്ക് കൊണ്ടുവരുന്നതിനിടെയാണ്, 23 പന്തിൽ 43 റൺസെടുത്ത ബില്ലിങ്സിനെ ഉബൈദ് പുറത്താക്കിയത്. ക്യാച്ചെടുത്തത് കമ്രാൻ ഗുലം.
വിക്കറ്റ് നേട്ടത്തിന്റെ ആഹ്ലാദത്തിൽ കയ്യുയർത്തി ഓടിയെത്തിയ വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാന്റെ കൈകളിലേക്ക് ഉബൈദ് ആഞ്ഞടിച്ചെങ്കിലും, ലക്ഷ്യം മാറിപ്പോയി. കയ്യിൽത്തട്ടാതെ തെന്നിപ്പോയ ഉബൈദിന്റെ അടിയേറ്റത് ഉസ്മാൻ ഖാന്റെ തലയ്ക്ക്. ഹെൽമറ്റ് ഇല്ലാതിരുന്നതിനാൽ ഉബൈദിന്റെ കനത്ത അടിയേറ്റ് ഉസ്മാൻ പുളഞ്ഞുപോയി. നിലത്തിരുന്നുപോയ ഉസ്മാൻ ഖാനെ ഉടൻതന്നെ മുൾട്ടാൻ സുൽത്താൻസിന്റെ മെഡിക്കൽ സംഘമെത്തി പരിശോധിച്ചു. കുഴപ്പമില്ലെന്ന് വ്യക്തമായതോടെ മത്സരം തുടരുകയും ചെയ്തു.
അതേസമയം, ഉസ്മാന്‍ ഖാന്റെ തലയ്ക്ക് ഉബൈദിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒട്ടേറെപ്പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. പിഎസ്എലിൽ ഈ സീസണിലെ ഏറ്റവും രസകരമായ നിമിഷമെന്ന ക്യാപ്ഷനോടെയാണ് ചില ആരാധകർ ഈ ദൃശ്യം പങ്കുവച്ചത്.
English Summary:








English (US) ·