ഉരുണ്ടെത്തിയ നിര്‍ഭാഗ്യം; കണ്ണീരണിഞ്ഞ് സിറാജ്, ആശ്വസിപ്പിക്കാനെത്തി ഇംഗ്ലീഷ് താരങ്ങള്‍

6 months ago 8

15 July 2025, 10:34 AM IST

india-england-lords-test-siraj

Photo: Getty Images

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞതായിരുന്നു ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ രണ്ട് ടീമുകള്‍ക്ക് ഇതിലും മികച്ച രീതിയില്‍ പൊരുതാനാകുമോ എന്ന് തോന്നുന്ന തരത്തിലായിരുന്നു മത്സരം. 193 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് ഒരു ഘട്ടത്തില്‍ ഏഴിന് 82 റണ്‍സെന്ന നിലയില്‍ തകര്‍ന്ന് പരാജയം മുന്നില്‍ കണ്ട ടീമാണ് പിന്നീട് ഇംഗ്ലീഷ് താരങ്ങളുടെയും ആരാധകരുടെയും മനില്‍ തീകോരിയിട്ട് പൊരുതാന്‍ തുടങ്ങിയത്. ഒടുവില്‍ 75-ാം ഓവറിലെ അഞ്ചാം പന്തില്‍ 22 റണ്‍സകലെ ആ പോരാട്ടം അവസാനിച്ചപ്പോഴാണ് പലരുടെയും ഹൃദയമിടിപ്പ് സാധാരണ നിലയിലായത്.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ അവസാനം പുറത്തായത് മുഹമ്മദ് സിറാജായിരുന്നു. തീര്‍ത്തും നിർഭാഗ്യമെന്ന് പറയാവുന്ന പുറത്താകല്‍. മറ്റൊരു തരത്തിലും ഒരുപക്ഷേ സിറാജിന്റെ പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. പുറത്തായതിന്റെ നിരാശയില്‍ ബാറ്റില്‍ ഇടിച്ച് കണ്ണീരണിഞ്ഞ് പിച്ചില്‍ ഇരുന്ന സിറാജിനെ ആശ്വസിപ്പിക്കാന്‍ ആദ്യം എത്തിയത് ഹാരി ബ്രൂക്കും സാക് ക്രോളിയും ജോ റൂട്ടുമായിരുന്നു. പിന്നീട് മറ്റ് ഇംഗ്ലീഷ് താരങ്ങളുമെത്തി. സിറാജിന്റെ കണ്ണുകള്‍ അപ്പോഴേക്കും ഈറനണിഞ്ഞിരുന്നു. സിറാജിനെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ കൈ അടിച്ചാണ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് താരത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചത്.

147 റണ്‍സില്‍ ഇന്ത്യയ്ക്ക് ഒമ്പതാം വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഒരറ്റത്ത് രവീന്ദ്ര ജഡേജയുടെ പോരാട്ടമായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ. വാഷിങ്ടണ്‍ സുന്ദറിനെയും നഷ്ടമായി ഏഴിന് 82 റണ്‍സെന്ന നിലയിലായിരുന്ന ടീമിനെ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാറിനൊപ്പം 30 റണ്‍സും ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം 35 റണ്‍സും അവസാന വിക്കറ്റില്‍ സിറാജിനൊപ്പം 23 റണ്‍സും ചേര്‍ത്ത ജഡേജയാണ് വിജയത്തിന്റെ വക്കോളമെത്തിച്ചത്. എന്നാല്‍ ഷോയബ് ബഷീര്‍ എറിഞ്ഞ 75-ാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യയുടെ ദൗര്‍ഭാഗ്യമുണ്ടായിരുന്നു. സാധാരണ പോലെ ടേണ്‍ ചെയ്തുവന്ന പന്ത് സിറാജ് കൃത്യമായി പ്രതിരോധിച്ചു. പക്ഷേ പന്തിന്റെ കറക്കം അപ്പോഴും നിലച്ചിട്ടുണ്ടായിരുന്നില്ല. സിറാജിന്റെ ബാറ്റില്‍ തട്ടി ഉരുണ്ട പന്ത് നേരേ ചെന്നുപതിച്ചത് വിക്കറ്റില്‍. ഒരു ബെയ്ല്‍ മാത്രം വീഴാന്‍ പാകത്തിന് അത്ര ശക്തികുറഞ്ഞാണ് പന്ത് വിക്കറ്റില്‍ പതിച്ചത്. ഇംഗ്ലണ്ടിന് ഭാഗ്യവും ഇന്ത്യയ്ക്ക് നിര്‍ഭാഗ്യവുമായി ആ പന്ത്. 30 പന്തുകള്‍ പ്രതിരോധിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും സിറാജ്. നിരാശ സഹിക്കാനാകാതെ ഒരറ്റത്ത് സിറാജ് തലകുമ്പിട്ടിരുന്നപ്പോള്‍ മറ്റേ അറ്റത്ത് 181 പന്തില്‍ നിന്ന് 61 റണ്‍സുമായി ജഡേജ നില്‍ക്കുന്നുണ്ടായിരുന്നു.

Content Highlights: India narrowly missed triumph astatine Lord`s, with Siraj`s unfortunate dismissal causing affectional scenes

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article