കോഴിക്കോട്: ചെറിയ ടീമുകളെക്കൊണ്ട് വലിയ റിസൾട്ടുണ്ടാക്കിയ പരിശീലകനാണ് ഖാലിദ് ജമീൽ. കാഫ നേഷൻസ് കപ്പ് ഫുട്‌ബോളിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിലും വമ്പൻപേരുകൾ അധികമില്ല. ഇവിടെയും പതിവ് ജമീൽ മാജിക് വരുമോയെന്നാണ് അറിയേണ്ടത്.
കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിന്റെ മൊത്തം വിപണിമൂല്യം 43 കോടി രൂപയുടേതാണ്. അതായത് ഒരു ഐഎസ്എൽ ക്ലബ് ഒരു സീസണിൽ കളിക്കാർക്കായി ചെലവഴിക്കേണ്ട തുക.
വിരമിക്കൽ പിൻവലിച്ച് തിരിച്ചെത്തിയ സുനിൽ ഛേത്രിയെ ഒഴിവാക്കാനുളള ധീരമായ തീരുമാനത്തോടെയാണ് ജമീൽ ടീം ക്യാമ്പ് ആരംഭിച്ചത്. 23 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ കാര്യമായി മത്സരപരിചയമുള്ളവർ വളരെക്കുറവ്. എന്നാൽ, ആരും അറിയാതെകിടന്ന ഐസോൾ എഫ്‌സിയെ ഐലീഗ് ചാമ്പ്യന്മാരാക്കുകയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷേദ്പുർ എഫ്‌സി ടീമുകളെ മുൻനിരയിലെത്തിക്കുകയുംചെയ്ത ജമീലിന് ഈ ഇന്ത്യൻ ടീമിനെയും സ്വാധീനിക്കാനാകുമെന്ന് ഫുട്‌ബോൾപ്രേമികൾ പ്രതീക്ഷിക്കുന്നു.
ബഗാൻ, താരങ്ങളെ വിട്ടുകൊടുക്കാത്തത് മുന്നേറ്റത്തിൽ പ്രതിഫലിക്കും. ലിസ്റ്റൺ കൊളാസോ, മൻവീർ സിങ് എന്നിവർ ടീമിലില്ല. ലാലിയൻ സുവാല ചാങ്‌തേ, വിക്രം സിങ്, മലയാളി താരം ജിതിൻ എം.എസ്., ഇർഫാൻ യദ്‌വാദ്, മൻവീർ സിങ് ജൂനിയർ എന്നിവരാണ് മുന്നേറ്റത്തിലുള്ളത്. മുന്നേറ്റത്തിലെ ജിതിനും മൻവീറും ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല. ഇർഫാൻ ഒരു മത്സരം കളിച്ചു. വിക്രം അഞ്ചുമത്സരവും. 44 മത്സരം കളിച്ച ചാങ്‌തേയാണ് കൂട്ടത്തിലെ സീനിയർ.
മധ്യനിരയിൽ മലയാളി താരം ആഷിഖ് കുരുണിയൻ, നിഖിൽ പ്രഭു, സുരേഷ് സിങ്, ഡാനിഷ് ഫാറൂഖ്, ജീക്‌സൻ സിങ്, ബോറിസ് സിങ്, ഉദാന്ത സിങ്, നവോറം മഹേഷ് സിങ് എന്നിവരുണ്ട്. പ്രതിരോധക്കോട്ടകെട്ടാൻ മലയാളി താരം മുഹമ്മദ് ഉവൈസ്, രാഹുൽ ഭെക്കെ, നവോറം റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിംഗാൻ, ചിങ്‌ലെന സിങ്, മിങ്താങ്മാവിയ റാൾട്ട എന്നിവരുണ്ട്. ടീമിലേക്ക് തിരിച്ചെത്തിയ ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ഹൃതിക് തിവാർ എന്നിവരിലൊരാൾ ഗോൾവലകാക്കും.
കാഫയിലെ എതിരാളികൾ
താജികിസ്താനിലും ഉസ്‌ബെക്കിസ്താനിലുമായി ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ എട്ടുവരെയാണ് കാഫ ടൂർണമെന്റ്. ബി ഗ്രൂപ്പിൽ താജികിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഓഗസ്റ്റ് 29-ന് താജികിസ്താനെതിരേയാണ് ആദ്യമത്സരം. സെപ്റ്റംബർ ഒന്നിന് ഇറാനെയും നാലിന് അഫ്ഗാനെയും നേരിടും. രണ്ടുഗ്രൂപ്പുകളിലായി എട്ടു ടീമുകൾ മത്സരിക്കും. ഗ്രൂപ്പ് ചാമ്പ്യന്മാർ ഫൈനലിൽ ഏറ്റുമുട്ടും.
മലയാളി സംഘം
മലപ്പുറം നിലമ്പൂർ സ്വദേശിയായ മുഹമ്മദ് ഉവൈസ് ആദ്യമായാണ് ദേശീയടീമിലെത്തുന്നത്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഉവൈസ് നിലവിൽ പഞ്ചാബ് എഫ്‌സിയുടെ താരമാണ്. മുൻപ് ജംഷേദ്പുർ എഫ്‌സിക്കും ഗോകുലം കേരള എഫ്‌സിക്കും കളിച്ചിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ജിതിൻ എം.എസ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിന്നുംതാരമാണ്. മലപ്പുറത്തുകാരൻ ആഷിഖ് കുരുണിയൻ വിങ്ബാക്കായും വിങ്ങറായും മിഡ്ഫീൽഡറായും കളിപ്പിക്കാൻകഴിയുന്ന താരമാണ്.
Content Highlights: amerind shot squad khalid jamil enactment malayali players








English (US) ·