ഉർവശിക്കായി സംവിധായകൻ കാത്തിരുന്നത് 4 വർഷം, ഒടുവിൽ ദേശീയ അവാർഡും; മലയാളത്തിന്റെ അഭിമാനം

5 months ago 5

'നീ എന്നോടും എന്റെ മോനോടും ചെയ്തതിനേക്കാള്‍ വലുതല്ല ഇതൊന്നും...' അഭിനയത്തിന്റെ ഉര്‍വശിക്കാലത്തില്‍ മലയാളസിനിമ കേട്ട ഏറ്റവും പുതുതായ വികാരഭരിതമായൊരു ഡയലോഗ്. ഉള്ളൊഴുക്കും മട്ടില്‍ ഉര്‍വശിയില്‍ നിന്നും നൈസര്‍ഗികമായി ആ ഭാവം ഒഴുകുകയായിരുന്നു. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരപ്രഖ്യാപന വേദി ഉള്ളൊഴുക്കിനു കൂടിയുള്ളതായി മാറി. ക്രിസ്‌റ്റോ ടോമിയുടെ പ്രഥമ സിനിമ 'ഉള്ളൊഴുക്ക്' മികച്ച മലയാള സിനിമയായും ഉര്‍വശി മികച്ച സഹനടിയായും പുരസ്‌കൃതമായിരിക്കുന്നു. ഉള്ളൊഴുക്കിലെ അതേ കഥാപാത്രം തന്നെയായിരുന്നു ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച നടിയായി ഉര്‍വശിയെ തിരഞ്ഞെടുക്കാന്‍ നിദാനമായതും. മലയാളത്തിന്റെ ഉര്‍വശിക്കാലം തുടരുക തന്നെയാണ്. ഇന്ത്യന്‍ അഭിനേതാവ് എന്ന പദവിയിലേക്ക് എത്രയോ കാലം മുന്നേ അനായാസം നടന്നു കയറിയ ഉര്‍വശി തൊട്ട കഥാപാത്രങ്ങളെല്ലാം ഉര്‍വശിക്കുമാത്രം ചെയ്യാനാവുന്നത് എന്ന ലേബലിലേക്ക് ഉയര്‍ത്തപ്പെട്ടു. മലയാള സിനിമയുടെ ബ്രാന്‍ഡായി മാറാന്‍ കഴിഞ്ഞ അഭിനേതാക്കളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു ആ പേര്.

പത്താം വയസ്സില്‍ ബാലനടിയായി അരങ്ങേറ്റം കുറിച്ച ഉര്‍വശി കഴിഞ്ഞ നാലുദശകമായി അഭിനയരംഗത്ത് തന്റെതായ കസേരയില്‍ ഇരിപ്പുറപ്പിച്ചിട്ട്. കവിതാ മനോരഞ്ജിനി എന്ന ബാലതാരത്തില്‍ നിന്നും മലയാളിയുടെ സ്വന്തം വീട്ടിലെ പെണ്‍കുട്ടിയായി, സഹോദരിയായി, ഭാര്യയായി, മുറപ്പെണ്ണായി, അമ്മയായി, അമ്മായി അമ്മയായി ഉര്‍വശി നിറഞ്ഞാടി. ഏതു കുപ്പായവും ഇണങ്ങുന്ന ദേഹം പോലെ ആ അഭിനയശരീരം തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ, ഭാവത്തിലൂടെ വലിപ്പച്ചെറുപ്പങ്ങളില്ലാതെ കഥാപാത്രങ്ങളെ ആവാഹിച്ചു. സത്യന്‍ അന്തിക്കാടിന്റെ സംവിധായക ജീവിതത്തില്‍ ഉര്‍വശി കാരണം അഭിമാനം കൊണ്ട ഒരു നിമിഷമുണ്ട്. 'അച്ചുവിന്റെ അമ്മ'യുടെ കഥ പറയാനായി അദ്ദേഹം ഉര്‍വശിയെ മദ്രാസില്‍ പോയി കണ്ടു. കഥ ഉര്‍വശിയുടെ രണ്ടാം വരവിനെ ഘോഷിച്ചുകൊണ്ട് പറഞ്ഞുതുടങ്ങിയ അന്തിക്കാട് ഒരു ശങ്കയോടെ പറഞ്ഞു: 'ഉര്‍വശീ, ഇതില്‍ മീരാ ജാസ്മിന്റെ അമ്മയായിട്ടാണ് വേഷം.' സംവിധായകന് ശങ്കയുണ്ടായിരുന്നു. മുന്‍നിര അഭിനേതാക്കള്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കും മുമ്പ് മുന്നോട്ടുവെക്കുന്ന 'ക്ലോസുകള്‍'ക്കനുസരിച്ച് വെട്ടിത്തറയ്ക്കുന്ന തിരക്കഥകള്‍ അനവധിയാണ്. ഉര്‍വശി സ്വതസിദ്ധമായ മുഖഭാവത്തോടെ സംവിധായകനെ നോക്കിയിട്ട് പറഞ്ഞു: സുകുമാരിയമ്മയുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടതെങ്കിലും സത്യന്‍ അന്തിക്കാടിന്റെ ചിത്രമാണെങ്കില്‍ ഞാന്‍ അഭിനയിക്കും'. ആ നിമിഷത്തിലാണ് ഉര്‍വശി സംവിധായകന്റെ നടിയാണെന്ന് താന്‍ ഒരിക്കല്‍ കൂടി മനസ്സാപറഞ്ഞതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്.

എണ്‍പത്- തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ സക്‌സസ് ചേരുവയില്‍ ഒന്നാമതായിരുന്നു ഉര്‍വശി. പിതൃമേധാവിത്വ സിനിമാസമ്പ്രദായങ്ങള്‍ പുരസ്‌കാരശ്രേണിയിലും പ്രബലത നിലനിര്‍ത്തിയപ്പോള്‍ റെക്കോഡിട്ടുകൊണ്ട് ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തന്റെ സ്വീകരണമുറിയിലെ ഷോകേസില്‍ നിറച്ചാണ് ഉര്‍വശി വ്യവസ്ഥകളോട് മൗനമായി തലയാട്ടിയത്. തന്റെ നടികര്‍കാലത്തിന്റെ രണ്ടാമൂഴത്തില്‍ 'അച്ചുവിന്റെ അമ്മ' നല്‍കിയ ദേശീയ സഹനടിപ്പട്ടം വീണ്ടുമൊരു രണ്ടാമൂഴത്തിന് വഴിയൊരുക്കിയിരിക്കുകയാണ് 'ഉള്ളൊഴുക്കി'ലൂടെ.

മലയാളം, തമിഴ്, കന്നട, തെലുങ്ക്...ഉര്‍വശിയുടെ തെന്നിന്ത്യന്‍ പ്രൗഢകാലം നാലു പതിറ്റാണ്ടുകളായി നിറഞ്ഞുനില്‍ക്കുക തന്നെയാണ്. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ രണ്ട് തിരക്കഥകളും രചിച്ചു ഉര്‍വശി.

702 സിനിമകള്‍. 1979-ല്‍ കതിര്‍മണ്ഡപം എന്ന സിനിമയിലൂടെ ജയഭാരതിയുടെ മകളായി തുടങ്ങിയ അരങ്ങേറ്റം. പതിമൂന്നാം വയസ്സില്‍ കാര്‍ത്തികിന്റെ നായികയായി ബിഗ്‌സ്‌ക്രീന്‍ പ്രവേശം. ഓരോ സിനിമയിലും ഓരോ ഉര്‍വശിയെ കണ്ടെടുത്തു സംവിധായകരും ആസ്വാദകരും. ഒന്നുമിന്നിമായുന്ന വേഷമായാലും തന്നെ ആവശ്യപ്പെടുന്ന തിരക്കഥയാണെങ്കില്‍ മുഷിച്ചിലില്ലാതെ. പരാതിയില്ലാതെ മേക്കപ്പിട്ടു ഉര്‍വശി. യോദ്ധ എന്ന സിനിമയില്‍ അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ മുറപ്പെണ്ണായ ദമയന്തി എന്ന കഥാപാത്രം തന്നെ ഉദാഹരണം.

സിനിമയില്‍ കത്തിനില്‍ക്കുന്ന കാലം എന്നൊരു കാലമില്ല ഉര്‍വശിക്ക്. എക്കാലവും ഉര്‍വശി കത്തിനില്‍ക്കുക തന്നെയാണ്. നാടകത്തെ സ്‌നേഹിച്ച അച്ഛനും അമ്മയും സഹോദരങ്ങളായ കലാരഞ്ജിനിയും കല്പനയും ഒന്നിനൊന്ന് മികച്ച അഭിനേതാക്കള്‍. വ്യക്തിജീവിതത്തിലെ ഇടര്‍ച്ചകളെ നിര്‍നിമേഷമായി മറികടന്ന് തന്റെ അമ്പത്തിയാറം വയസ്സിലും പുതുമയുള്ള വേഷം തേടി ഇറങ്ങാന്‍ യാതൊരു മടിയും കാണിക്കാത്ത ഉര്‍വശിയുടെ കരിയറിലെ മികച്ച രണ്ട് തമിഴ് സിനിമകളാണ് സുരരൈപോട്ര്, ഒ.ബേബി എന്നിവ. ജീവിതത്തിന്റെ ചില ഉള്ളൊഴുക്കളില്‍ സംഭവ്യമായ ഒരു കഥ ക്രിസ്‌റ്റോ പറയുമ്പോള്‍ ഉര്‍വശിയുടെ നിലപാട് മറിച്ചായിരുന്നു. തനിക്ക് സന്തോഷമുള്ള സിനിമകള്‍ ചെയ്താല്‍ മതി. ഡാര്‍ക്ക് സിനിമ വേണ്ട. ഉര്‍വശിയുടെ 'നോ'യുടെ കനം തിരിച്ചറിഞ്ഞ ക്രിസ്‌റ്റോ തിരഞ്ഞെടുത്ത വഴി കാത്തിരിപ്പായിരുന്നു. നാലുവര്‍ഷമാണ് ഉര്‍വശി ക്രിസ്റ്റോയുടെ കാത്തിരിപ്പിന്റെ സഹനം പരീക്ഷിച്ചത്. ഉര്‍വശി അഭിനയിക്കുന്നില്ലെങ്കില്‍ പ്രൊജക്ട് ഉപേക്ഷിക്കും എന്ന പുതുമുഖ സംവിധായകന്റെ നിലപാട് മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഒടുക്കം അവര്‍ ഉള്ളൊഴുക്കിലേക്കിറങ്ങി. തിരിച്ചുകയറുമ്പോള്‍ തന്റെ കരിയറിലെ മികച്ച സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ രണ്ടുകൈയിലും ഉര്‍വശി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു; ഈ അഭിനയജീവിതം തുടരുക തന്നെയാണ് എന്നുറക്കേ പ്രഖ്യാപിച്ചുകൊണ്ട്.

Content Highlights: Urvasi won National Film Award for champion Supporting Actress Ullozhukku

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article