Published: November 14, 2025 08:25 AM IST Updated: November 14, 2025 08:32 AM IST
1 minute Read
രാജ്കോട്ട്∙ വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ സെഞ്ചറിക്കരുത്തിൽ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. നാലു വിക്കറ്റ് വിജയമാണ് രാജ്കോട്ടിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. 129 പന്തുകൾ നേരിട്ട ഗെയ്‍ക്‌വാദ് 117 റൺസടിച്ചു പുറത്തായി. ഓപ്പണറായി ഇറങ്ങിയ താരം 12 ഫോറുകളാണ് മറുപടി ബാറ്റിങ്ങിൽ ബൗണ്ടറി കടത്തിയത്. ഋതുരാജ് ഗെയ്‍ക്‌വാദാണു കളിയിലെ താരം.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു മോശം തുടക്കമായിരുന്നു ലഭിച്ചത്. ഒരു റണ്ണെടുക്കും മുന്‍പേ റുബിൻ ഹെർമൻ, ജോർദാൻ ഹെര്‍മൻ എന്നിവര്‍ ആദ്യ ഓവറിൽ തന്നെ പുറത്തായി. റുബിൻ അർഷ്ദീപ് സിങ്ങിന്റെ പന്തിൽ തിലക് വർമ ക്യാച്ചെടുത്തു പുറത്തായെങ്കിൽ ജോർദാനെ തിലക് റണ്ണൗട്ടാക്കുകയായിരുന്നു. രണ്ടാം ഓവറിൽ ക്യാപ്റ്റൻ മാർകസ് അക്കര്‍മാനും പിന്നാലെ റിവാൾഡോ മൂൻസമിയും പുറത്തായതോടെ ദക്ഷിണാഫ്രിക്ക നാലിന് 16 എന്ന നിലയിലേക്കു വീണു. മധ്യനിരയിൽ ഡെലാനോ പോർട്ട്ഗെറ്റർ (105 പന്തിൽ 90), ഡയാൻ ഫോറസ്റ്റർ (83 പന്തിൽ 77), ജോൺ ഫോര്‍ചുൺ (56 പന്തിൽ 59) എന്നിവർ അർധ സെഞ്ചറി നേടിയതാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലെത്തിച്ചത്.
ഇന്ത്യയ്ക്കായി ക്യാപ്റ്റൻ തിലക് വർമയുൾപ്പടെ എട്ടു പേര്‍ പന്തെറിഞ്ഞപ്പോൾ, അര്‍ഷ്ദീപ് സിങ്ങും ഹർഷിത് റാണയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഗെയ്‌ക്‌വാദും അഭിഷേക് ശർമയും ചേർന്ന് അർധ സെഞ്ചറി കൂട്ടുകെട്ടാണ് ഓപ്പണിങ്ങിൽ പടുത്തുയർത്തിയത്. 31 റൺസെടുത്ത് അഭിഷേക് ശർമ പുറത്തായെങ്കിലും ഋതുരാജ് തകർത്തടിച്ചു. 118 പന്തുകളിലാണ് ഋതുരാജ് സെഞ്ചറിയിലെത്തിയത്. ക്യാപ്റ്റൻ തിലക് വർമയും (58 പന്തിൽ 39), ഇഷാൻ കിഷനും (21 പന്തിൽ 17) ഗെയ്ക്‌വാദിനു മികച്ച പിന്തുണ നൽകി. സ്കോർ 219ൽ നിൽക്കെ ഗെയ്ക്‌വാദ് പുറത്തായപ്പോൾ, നിതീഷ് കുമാർ റെഡ്ഡി (26 പന്തിൽ 37), നിഷാന്ത് സിന്ധു (26 പന്തിൽ 29) എന്നിവരുടെ ഇന്നിങ്സുകള്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
English Summary:








English (US) ·