Published: January 11, 2026 10:58 AM IST
1 minute Read
വഡോദര∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽനിന്നു പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. പന്തിനു പകരം ധ്രുവ് ജുറേൽ ഇന്ത്യൻ ഏകദിന ടീമിന്റെ ഭാഗമാകുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്‌ജിത് സൈകിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നു ഉച്ചയ്ക്ക് ആരംഭിക്കുന്ന ഏകദിനത്തിന് മുന്നോടിയായി താരം ടീമിനൊപ്പം ചേർന്നെന്നും ബിസിസിഐ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ഉത്തപ്രദേശ് താരമായ 24 വയസ്സുകാരൻ ധ്രുവ് ജുറേൽ, നാല് സെഞ്ചറിയടക്കം നേടി ഉജ്വല ഫോമിലാണ്.
ടീമിനൊപ്പം ചേർന്നെങ്കിലും ജുറേലിന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചേക്കില്ല. കെ.എൽ.രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പർ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പരിശീലന സെഷനിൽ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് ഋഷഭ് പന്തിനു പരുക്കേറ്റത്. എംഎർഐ സ്കാനിൽ പേശിക്കു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെയാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയത്.
വിജയ് ഹസാരെ ട്രോഫിയിൽ, ഡൽഹി ടീമിനെ നോക്കൗട്ടിലേക്കു നയിച്ചശേഷമാണ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഡൽഹിക്കായി പന്ത് രണ്ട് അർധസെഞ്ചറി നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയുടെ ഏകദിന ടീമിന്റ ഭാഗമാണെങ്കിൽ 2024 ഓഗസ്റ്റിൽ ശ്രീലങ്കൻ പര്യടനത്തിലാണ് താരം ഏറ്റവുമൊടുവിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടത്. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ് പന്തിനെ ടീമിൽനിന്ന് ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും താരത്തെ ടീമിൽ നിലനിർത്തുകയായിരുന്നു.
എന്നാൽ നിർഭാഗ്യവശാൽ പരുക്കേറ്റ് പുറത്തുപോകേണ്ടി വന്നിരിക്കുകയാണ്. 2022ൽ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷം ടീമിലേക്കു മടങ്ങിയെത്തിയ പന്തിന് കഴിഞ്ഞവർഷം മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയിലും കാലിനു പരുക്കറ്റിരുന്നു. ഇതിനു ശേഷം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ഇന്ത്യയുടെ പുതുക്കിയ ഏകദിന ടീം:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, യശസ്വി ജയ്സ്വാൾ, അർഷ്‌ദീപ് സിങ്, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ)
English Summary:








English (US) ·