Published: August 08, 2025 10:46 AM IST
1 minute Read
ലണ്ടന്‍∙ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ മലയാളി താരം കരുൺ നായർക്ക് പരുക്കേറ്റതായി സ്ഥിരീകരണം. നാലാം ടെസ്റ്റിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ കാലിന് പൊട്ടലുണ്ടായിരുന്നു. തുടർന്ന് അഞ്ചാം ടെസ്റ്റിൽ ഋഷഭ് പന്ത് കളിച്ചിരുന്നില്ല. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലെ ബാറ്റിങ്ങിനിടെയാണ് കരുണിന്റെ വിരലിനു പരുക്കേറ്റത്. ഇന്ത്യ ആറു റൺസിനു ജയിച്ച മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കരുണ്‍ നായർ അർധ സെഞ്ചറി നേടിയിരുന്നു. 109 പന്തിൽ 57 റൺസെടുത്ത കരുണ്‍ നായരാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ടീമിന്റെ ടോപ് സ്കോറർ.
എന്നാൽ രണ്ടാം ഇന്നിങ്സിൽ 32 പന്തുകൾ നേരിട്ട കരുൺ 17 റൺസടിച്ചു പുറത്താകുകയായിരുന്നു. ഗുസ് അക്കിന്‍സണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന്റെ ക്യാച്ചിലാണു കരുണിന്റെ മടക്കം. അഞ്ചാം ടെസ്റ്റിലേറ്റ പരുക്ക് ആഭ്യന്തര സീസണിൽ കരുണിനു തിരിച്ചടിയാകും. താരത്തിന്റെ വിരലിനു പൊട്ടലുണ്ട്. ദുലീപ് ട്രോഫിക്കുള്ള സെൻട്രൽ സോൺ ടീമിൽ കരുണും ഇടം പിടിച്ചിരുന്നു. ഓഗസ്റ്റ് 28ന് തുടങ്ങുന്ന നോർത്ത് സോണിനെതിരായ മത്സരം താരത്തിനു നഷ്ടമാകും.
എട്ടു വർഷങ്ങള്‍ക്കു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയ കരുൺ നാലു കളികളിൽനിന്ന് 205 റൺസാണു നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ ടീം മാറ്റത്തിന് ഒരുങ്ങുന്നതിനിടെയാണു കരുണിനു പരുക്കേൽക്കുന്നത്. കഴിഞ്ഞ സീസണുകളിൽ വിദർഭയുടെ താരമായിരുന്ന കരുൺ ഇനി കർണാടകയ്ക്കു വേണ്ടിയാകും കളിക്കുക. മുൻപ് വര്‍ഷങ്ങളോളം കർണാടകയുടെ താരമായിരുന്നു.
കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ സെഞ്ചറി നേടിയ താരം വിദർഭയെ കിരീടത്തിലെത്തിച്ചിരുന്നു. ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനു പുറമേ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, ആകാശ്ദീപ് എന്നിവരും പരുക്കേറ്റ് ചികിത്സയിലാണ്. അഞ്ചാം ടെസ്റ്റ് വിജയിച്ചതോടെ ഇന്ത്യ പരമ്പര 2–2ന് സമനിലയിലാക്കിയിരുന്നു.
English Summary:








English (US) ·