Published: May 24 , 2025 08:09 AM IST
1 minute Read
-
ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവർക്ക് സാധ്യത
മുംബൈ ∙ ഇംഗ്ലണ്ടിനെതിരെ ജൂൺ 20ന് ലീഡ്സിൽ ആരംഭിക്കുന്ന വിദേശ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കും. രോഹിത് ശർമ വിരമിച്ചതിനാൽ പകരം ആരു ക്യാപ്റ്റനാകുമെന്ന് അറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിനും ഇന്ന് അവസാനമാകും. ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഇരുപത്തഞ്ചുകാരൻ ഗിൽ രോഹിത് ശർമയുടെ പിൻഗാമിയാകുമെന്നാണ് സൂചനകൾ. രോഹിത്തിന്റെ ടീമിലെ വൈസ് ക്യാപ്റ്റൻ ബുമ്രയ്ക്ക് ഫിറ്റ്നസ്– വർക്‌ലോഡ് പ്രശ്നങ്ങളുള്ളതിനാൽ സാധ്യത കുറവാണ്.
ഐപിഎൽ പ്രകടനത്തിൽ നിറം മങ്ങിയെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമായ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കാനാണു സാധ്യത. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നതിനപ്പുറം ടീമിൽ വലിയ ഇളക്കി പ്രതിഷ്ഠകൾക്കു സാധ്യതയില്ല. രോഹിത്തിന്റെ ഒഴിവിൽ പരിചയസമ്പന്നനായ കെ.എൽ.രാഹുലും യശസ്വി ജയ്സ്വാളും ചേർന്നാകും ബാറ്റിങ് ഓപ്പൺ ചെയ്യുക. ഐപിഎലിൽ തിളങ്ങിയ യുവതാരം സായ് സുദർശനെ റിസർവ് ഓപ്പണറായി ടീമിലെടുക്കാനും സാധ്യതയുണ്ട്. സ്പെഷലിസ്റ്റ് ബാറ്ററായി ശ്രേയസ് അയ്യർ, കരുൺ നായർ, സർഫറാസ് ഖാൻ എന്നിവരിലൊരാളും ടീമിലുണ്ടാകും. ആർ.അശ്വിനും വിരമിച്ചതിനാൽ രവീന്ദ്ര ജഡേജയാകും ടീമിലെ ലീഡ് സ്പിന്നർ.
ഇംഗ്ലണ്ടിലെ സാഹചര്യം പരിഗണിച്ച്, എത്ര സ്പിന്നർമാരെ സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തുമെന്നതിൽ ആകാംക്ഷ ബാക്കിയാണ്. രണ്ടുപേർക്കാണ് അവസരമെങ്കിൽ കുൽദീപ് യാദവിനെ മറികടന്ന് വാഷിങ്ടൻ സുന്ദർ ടീമിലെത്തിയേക്കാം. വിക്കറ്റ് കീപ്പർ ബാറ്ററായി പന്ത് ടീമിലുള്ളപ്പോഴും റിസർവ് ഓപ്ഷനായി ധ്രുവ് ജുറേലും എത്തിയേക്കാം. 5 പേസർമാരെ പരിഗണിക്കുകയാണെങ്കിൽ ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ് എന്നിവരിൽ 2 പേർക്കും അവസരം കിട്ടും. 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര പൂർത്തിയാക്കാനുള്ള ഫിറ്റ്നസ് ബുമ്രയ്ക്കും ഷമിക്കുമുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
English Summary:








English (US) ·