ഋഷഭ് പന്തിന്റെ പ്രശ്നം പരിഹരിക്കാൻ എനിക്ക് അഞ്ചു മിനിറ്റ് മതി; സഹായ വാഗ്ദാനവുമായി മുൻ ഇന്ത്യൻ താരം

8 months ago 8

ഓൺലൈൻ ഡെസ്ക്

Published: May 22 , 2025 06:28 PM IST

1 minute Read

rishabh-pant
ഋഷഭ് പന്ത്

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്കോർ കണ്ടെത്താനാകാതെ പാടുപെടുന്ന ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്തിനെ സഹായിക്കാമെന്ന വാഗ്ദാനവുമായി മുൻ ഇന്ത്യൻ താരം യോഗ്‍രാജ് സിങ്. ഋഷഭ് പന്തിന്റെ ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്നങ്ങൾ വെറും അഞ്ചു മിനിറ്റുകൊണ്ടു പരിഹരിക്കുമെന്നാണു യോഗ്‍രാജ് സിങ്ങിന്റെ ഓഫർ. ഐപിഎലിൽ പന്ത് നയിക്കുന്ന ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

12 മത്സരങ്ങൾ കളിച്ച യുവതാരം ഒരു അർധ സെഞ്ചറിയുൾപ്പടെ 135 റൺസ് മാത്രമാണ് ആകെ നേടിയത്. 27 കോടി രൂപയ്ക്കാണ് മെഗാലേലത്തിൽ ലക്നൗ ഫ്രാഞ്ചൈസി താരത്തെ സ്വന്തമാക്കിയത്. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഋഷഭ് പന്ത് രൂക്ഷവിമർശനമാണു നേരിടുന്നത്. അവസാനം കളിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരെ ഏഴു റൺസ് മാത്രമെടുത്ത് താരം പുറത്തായിരുന്നു.

‘‘ഋഷഭ് പന്തിന്റെ പ്രശ്നം അഞ്ചു മിനിറ്റിൽ എനിക്ക് തീർക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ തല നേരെയല്ല നില്‍ക്കുന്നത്. പന്തു നേരിടുമ്പോൾ ഇടത്തേ മുതുകിലും പ്രശ്നങ്ങളുണ്ട്. അതു തിരുത്തിയാൽ അദ്ദേഹം വളരെ പെട്ടെന്നു തന്നെ ഫോമിലേക്കു തിരിച്ചെത്തും.’’– യോഗ്‍രാജ് സിങ് ഒരു വാർത്താ ഏജൻ‌സിയോടു പ്രതികരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും യോഗ്‍രാജ് സിങ്ങിനു കീഴിൽ പരിശീലിച്ചവരാണ്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും കുറച്ചുനാൾ യോഗ്‍രാജ് സിങ്ങിനൊപ്പം പരിശീലിച്ചിരുന്നു.

English Summary:

Yograj Singh's '5 Minutes' Statement On How To Fix Rishabh Pant

Read Entire Article