03 June 2025, 06:18 PM IST

വിരാട് കോലി, | AFP, മുകേഷ് കുമാർ | X.com/@WoKyaHotaHai
ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ ടീമിന്റെ അനൗദ്യോഗിക ടെസ്റ്റിൽ വിരാട് കോലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ പേസര്‍ മുകേഷ് കുമാറിനെതിരേ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. ബിസിസിഐ കോലിയെ അപമാനിച്ചു എന്നുവരെ ആരാധകര്‍ ആരോപിച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. ഇന്ത്യ എയുടെ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് ഏത് ജേഴ്‌സി നമ്പറും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം.
അതേസമയം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇതായിരിക്കില്ല സ്ഥിതി. നേരത്തേ താരങ്ങള്‍ക്ക് അനുവദിച്ചിരുന്ന ജേഴ്‌സി നമ്പര്‍ തന്നെ തുടരും. മുകേഷ് കുമാര്‍ നിലവില്‍ ഇംഗ്ലണ്ടിനെതിരായ പര്യടനത്തില്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ല. എന്നാല്‍ അദ്ദേഹം ഇന്ത്യയ്ക്കായി കളിക്കുകയാണെങ്കില്‍ നേരത്തേ അനുവദിച്ച 49-ാം നമ്പറില്‍ തന്നെയായിരിക്കും കളിക്കുക.
ഇന്ത്യ എയ്ക്കായി 18-ാം നമ്പര്‍ ജേഴ്‌സി ധരിച്ചിരിക്കുന്ന മുകേഷിന്റെ ചിത്രം പുറത്തുവന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ആരാധകര്‍ താരത്തിനെതിരേ രംഗത്തെത്തി. ചിത്രം പങ്കുവെച്ചുകൊണ്ട് പലരും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ 10-ാം നമ്പര്‍ ജേഴ്‌സിയും മഹേന്ദ്രസിങ് ധോനിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയും വിരമിച്ചതുപോലെ കോലിയുടെ 18-ാം നമ്പര്‍ ജേഴ്‌സിയും ചെയ്യണമെന്നും ആരാധകർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
Content Highlights: Mukesh Kumar wearing Virat Kohlis No 18 jersey successful England bcci response








English (US) ·