ഭുവനേശ്വറിൽനിന്ന് ∙ ഷീന കെ.തോമസ്
Published: October 16, 2025 11:08 AM IST
1 minute Read
-
കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളത്തിന് പാഠമായി ഒഡീഷ മോഡൽ
കായികതാരങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ കേരളം എത്രമാത്രം പിന്നിലാണെന്നു മനസ്സിലാക്കാൻ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ സർക്കാരിന് കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകൾ സന്ദർശിച്ചാൽ മതി. കേരളത്തിൽ സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെയാണെങ്കിൽ, ഭുവനേശ്വറിലെ സ്പോർട്സ് ഹോസ്റ്റൽ കളർചിത്രമാണ്. രാജ്യാന്തര നിലവാരത്തിലാണ് ഭുവനേശ്വർ സ്പോർട്സ് ഹോസ്റ്റലിന്റെ നിർമിതി. അത്‍ലറ്റിക്സിൽ മാത്രം ഇവിടെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 111 കുട്ടികളുണ്ട്. ഒരു റൂമിൽ പരമാവധി 2 പേർ.
എല്ലാ റൂമിലും എസി. കുട്ടികളെ പഠനത്തിൽ സഹായിക്കാൻ ഹോസ്റ്റലുകളിൽ അധ്യാപകരുടെ സേവനവുമുണ്ട്. കായികരംഗത്തെ സമഗ്ര വികസനത്തിനായി 1319 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ ഒഡീഷ സർക്കാർ നീക്കിവച്ചിരിക്കുന്നത്. അത്‌ലീറ്റുകളുടെ ആരോഗ്യത്തിനു പ്രാധാന്യം നൽകിയുള്ള ഭക്ഷണമാണു നൽകുന്നത്. ജിംനേഷ്യം, ഫിസിയോതെറപ്പി സെന്റർ, പഠനകേന്ദ്രം തുടങ്ങിയവയും ഉണ്ട്. കേരളത്തിലെ സ്പോർട്സ് ഹോസ്റ്റലുകളിൽ കായികതാരങ്ങൾ എത്തുമ്പോൾ ബെഡ് മുതൽ ഭക്ഷണം കഴിക്കാനുള്ള പാത്രം വരെ കൊണ്ടുവരണം. ഭക്ഷണം പോലും പലപ്പോഴും അളന്നാണ് കൊടുക്കുന്നതെന്നു നമ്മുടെ താരങ്ങൾ പറയുന്നു.
എല്ലാം സർക്കാർ നോക്കുംജില്ലാ, സംസ്ഥാന സ്കൂൾ കായികമേളകളിൽ മികച്ച പ്രകടനം നടത്തുന്നവരാണ് ഒഡീഷയിൽ സ്പോർട്സ് ഹോസ്റ്റലിലേക്ക് എത്തുക. ഇതുകൂടാതെ സംസ്ഥാന കായിക വകുപ്പ് മേഖല തിരിച്ച് സിലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ നിന്നു മികച്ച പ്രകടനം നടത്തുന്ന 6–ാം ക്ലാസ് മുതൽ 8–ാം ക്ലാസ് വരെയുള്ള കുട്ടികളെയും തിരഞ്ഞെടുക്കും. ഹോസ്റ്റലിലെത്തുന്ന കുട്ടികളുടെ താമസ, ഭക്ഷണ, പരിശീലന ചെലവുകൾ പൂർണമായും സർക്കാർ വഹിക്കും. കേരളത്തിലാകട്ടെ ഭക്ഷണ അലവൻസ് തുക മുടങ്ങുന്നതും പ്രശ്നങ്ങളും പതിവാണ്.
താരങ്ങൾക്ക് വിമാനയാത്രമത്സരങ്ങൾക്കായി 500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കണമെങ്കിൽ ഒഡീഷയിലെ കായിക താരങ്ങളുടെ യാത്ര വിമാനത്തിലാണ്. ട്രെയിൻ യാത്രകൾ എസി കോച്ചിലായിരിക്കണമെന്നും 3 സ്റ്റാർ നിലവാരമെങ്കിലുമുള്ള ഹോട്ടലുകളിൽ താമസം ഒരുക്കണമെന്നും സർക്കാരിന്റെ നിർദേശമുണ്ട്. 8000 മുതൽ 15,000 രൂപയുടെ ബ്രാൻഡഡ് സ്പോർട്സ് കിറ്റാണ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഓരോ വർഷവും നൽകുന്നത്. അത്‌ലറ്റിക്സിൽ ദേശീയ തലത്തിൽ മികച്ച പ്രകടനം നടത്തുന്നവരെ റിലയൻസ് ഫൗണ്ടേഷന്റെ ഹൈ പെർഫോമൻസ് സെന്ററിലേക്കു തിരഞ്ഞെടുക്കും. അപ്പോഴും അത്‌ലീറ്റുകൾക്കുള്ള ധനസഹായവും യാത്രാ ചെലവും മറ്റ് ആനുകൂല്യങ്ങളും സംസ്ഥാന സർക്കാർ തന്നെയാണ് വഹിക്കുന്നത്.
റിവേഴ്സ് ഗിയറിൽ കേരളംദേശീയ ജൂനിയർ അത്‌ലറ്റിക്സിനു മുന്നോടിയായി കേരള താരങ്ങൾക്കു സംസ്ഥാന സ്പോർട്സ് കൗൺസിൽ മുഖേന സംഘടിപ്പിക്കേണ്ട പരിശീലന ക്യാംപ് ഇത്തവണയും നടന്നിരുന്നില്ല. കഴിഞ്ഞ 2 വർഷമായി ഇതു തന്നെയാണ് അവസ്ഥ. സംസ്ഥാന സർക്കാരിൽനിന്ന് സ്പോർട്സ് കൗൺസിലിന് ലഭിക്കേണ്ട ധനസഹായം മുടങ്ങിയതാണ് കാരണം. ദേശീയ അത്‌ലറ്റിക്സിൽ കേരളത്തിനായി മത്സരിക്കുന്ന താരങ്ങൾക്ക് സർക്കാരിൽനിന്ന് ലഭിക്കേണ്ട 400 രൂപ ദിനബത്തയും ട്രെയിൻ യാത്രയ്ക്കുള്ള തുകയും 3 വർഷമായി മുടങ്ങിക്കിടക്കുകയാണ്.
English Summary:








English (US) ·