Published: May 11 , 2025 03:33 PM IST Updated: May 12, 2025 10:10 AM IST
1 minute Read
ബാർസിലോന ∙ കളിയുടെ തുടക്കത്തിൽ രണ്ടു ഗോൾ നേടിയതേ റയൽ മഡ്രിഡിന് ഓർമയുണ്ടായുള്ളൂ; ആദ്യ പകുതിയിൽ തന്നെ റയലിനെ നിസ്സഹായരാക്കി നേടിയ നാലു ഗോളുകളിൽ എൽ ക്ലാസിക്കോ പോരിൽ ബാർസിലോനയ്ക്ക് ആവേശജയം. രണ്ടാം പകുതിയിൽ ഹാട്രിക് തികച്ച എംബപെയിലൂടെ റയൽ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും ബാർസ അനായാസം പിടിച്ചുനിന്നു (4–3).
ജയത്തോടെ ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബാർസയ്ക്ക് 7 പോയിന്റ് ലീഡായി. 3 മത്സരങ്ങൾ മാത്രം ശേഷിക്കെ കപ്പിൽ ബാർസ ഒരു കൈവച്ചു. സീസണിലെ 4 എൽ ക്ലാസിക്കോകളിലും റയലിനെതിരെ ജയിച്ചു എന്ന സമ്പൂർണ നേട്ടവും ബാർസയ്ക്കു സ്വന്തമായി.
∙ 45 മിനിറ്റ്, 6 ഗോൾ
ബാർസിലോനയിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ആതിഥേയരെ ഞെട്ടിക്കുന്ന തുടക്കമായിരുന്നു റയലിന്റേത്. ബോക്സിലേക്കു കുതിച്ചുവന്ന കിലിയൻ എംബപെയെ ബാർസ ഗോൾകീപ്പർ വോയിചെക് സ്റ്റെൻസ്നേ വീഴ്ത്തിയതിന് 5–ാം മിനിറ്റിൽ റയലിനു പെനൽറ്റി. എംബപെയുടെ കിക്ക് ഗോൾകീപ്പറുടെ ഗ്ലൗവിൽ ഉരുമ്മി വലയിലേക്ക്. 15–ാം മിനിറ്റിൽ എംബപെ വീണ്ടും ആഞ്ഞടിച്ചു. വിനീസ്യൂസിന്റെ പാസിൽ നിന്നുള്ള ഫ്രഞ്ച് സ്ട്രൈക്കറുടെ ഷോട്ടിൽ റയൽ 2–0നു മുന്നിൽ. കഴിഞ്ഞ വാരം ഇന്റർ മിലാനെതിരെയുള്ള ചാംപ്യൻസ് ലീഗ് സെമിഫൈനൽ തോൽവിയിൽ നിന്നു ബാർസയുടെ യുവനിര മുക്തരായില്ലേ എന്ന് ആരാധകർ ആശങ്കപ്പെട്ട നിമിഷം.
എന്നാൽ അടുത്ത അര മണിക്കൂറിനുള്ളിൽ ബാർസ ടീം ആ സംശയം തീർത്തു. 19–ാം മിനിറ്റിൽ ഡാനി ഒൽമോയുടെ കോർണർ ഫെറാൻ ടോറസ് ഹെഡ് ചെയ്ത് എറിക് ഗാർഷ്യയുടെ തലപ്പാകത്തിനു നൽകി. സ്പാനിഷ് താരത്തിന്റെ ഹെഡർ വലയിൽ (2–1). 32–ാം മിനിറ്റിൽ ബാർസ ആരാധകർ കാത്തിരുന്ന ലമീൻ യമാൽ മാജിക്. ഫെറാൻ ടോറസ് വച്ചുനീട്ടിയ പന്ത് സുന്ദരമായൊരു ഇടംകാൽ ഷോട്ടിലൂടെ യമാൽ വലയിലെത്തിച്ചു (2–2).
സ്തബ്ധരായിപ്പോയ റയൽ താരങ്ങളെ നിസ്സഹായരാക്കി രണ്ടു മിനിറ്റിനുള്ളിൽ ബാർസ മുന്നിലെത്തി. റയൽ താരങ്ങളായ സെബയ്യോസും എംബപെയും തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് പന്തു റാഞ്ചിയ പെദ്രി അത് റഫീഞ്ഞയ്ക്കു നൽകി. കൂൾ ഫിനിഷിൽ ബാർസ മുന്നിൽ (3–2). ഹാഫ്ടൈമിനു പിരിയുന്നതിനു മുൻപേ റഫീഞ്ഞ അടുത്ത ഗോളും നേടി. ലൂക്കാസ് വാസ്കെസ് നഷ്ടപ്പെടുത്തിയ പന്തു മുതലെടുത്തായിരുന്നു ഫിനിഷ് (4–2).
∙ വാട്ട് എ വാർ!
സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ വെറ്ററൻ താരം ലൂക്ക മോഡ്രിച്ചിന്റെ മികവിൽ നിന്നായിരുന്നു റയലിന്റെ മൂന്നാം ഗോൾ. മിഡ്ഫീൽഡിൽ പന്തു കിട്ടിയ മോഡ്രിച്ച് ബാർസ ഡിഫൻസ് പിളർത്തി അത് വിനീസ്യൂസിനു നൽകി. വിനീസ്യൂസ് മറിച്ചു നൽകിയ പന്ത് ഗോളിലേക്കു തിരിച്ചുവിട്ട് എംബപെ ഹാട്രിക് തികച്ചു (4–3). എന്നാൽ ഗോളിനെക്കാളുപരി വിഎആർ പരിശോധനയാണ് രണ്ടാം പകുതിയെ ശ്രദ്ധേയമാക്കിയത്. 82–ാം മിനിറ്റിൽ ബാർസ താരം ഫെറാൻ ടോറസിന്റെ ഷോട്ട് ഗോൾമുഖത്ത് റയൽ ഡിഫൻഡർ ഒറേലിയൻ ഷുവാമെനിയുടെ കയ്യിൽ തട്ടിയെങ്കിലും വിഎആർ പരിശോധനയ്ക്കു ശേഷവും റഫറി പെനൽറ്റി അനുവദിച്ചില്ല.
പിന്നീട് ബാർസയുടെ ഒരു ഗോൾ ഹാൻഡ് ബോളിൽ നിഷേധിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ റയലിന് അനുവദിച്ച ഒരു പെനൽറ്റി റഫറി വിഎആർ പരിശോധനയ്ക്കു ശേഷം നിഷേധിച്ചിരുന്നു.
English Summary:








English (US) ·