കഴിഞ്ഞ ദിവസം മ്യൂണിക്കിലേത് യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിവെയ്ക്കാവുന്ന കിരീടപ്പോരാട്ടമായിരുന്നു. ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. വമ്പന്‍ താരങ്ങളുടെ മാത്രം പിന്നാലെ പോയിരുന്ന പിഎസ്ജി എന്ന ക്ലബ്ബിന്റെ പുനര്‍ജന്മം കൂടിയായിരുന്നു കഴിഞ്ഞ ദിവസം മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ കണ്ടത്.
ക്ലബ്ബിന്റെ ഈ പരിവര്‍ത്തനത്തിനു പിന്നില്‍ മറ്റാരുമല്ല, അവരുടെ സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്‍ റിക്വെ തന്നെ. ഫ്രാന്‍സിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബിനെ ഖത്തറിലെ ബിസിനസുകാരന്‍ നാസിര്‍ അല്‍ ഖലീഫി 2011-ല്‍ ഏറ്റെടുക്കുന്നതോടെയാണ് പിഎസ്ജിയുടെ തലവര മാറുന്നത്. അതില്‍ പിന്നെ പിഎസ്ജിയുടെ സ്വപ്‌നങ്ങളെല്ലാം ആകാശത്തോളം വലിപ്പമുള്ളവയായിരുന്നു. ഫ്രഞ്ച് ലീഗിലെ കീരിടങ്ങള്‍ കൊണ്ട് ഷെല്‍ഫ് നിറയ്ക്കാനായെങ്കിലും യൂറോപ്പിലെ ഏറ്റവും വലിയ കിരീടത്തിനായുള്ള പിഎസ്ജിയുടെ കാത്തിരിപ്പ് നീളുകയായിരുന്നു. കോടിക്കണക്കിന് തുക ചെലഴിച്ചിട്ടും സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചും നെയ്മറും എംബാപ്പെയും സാക്ഷാല്‍ ലയണല്‍ മെസ്സിയും അടക്കമുള്ള സൂപ്പര്‍ താരനിര വന്നിട്ടും യൂറോപ്യന്‍ കിരീടം പിഎസ്ജിക്ക് കിട്ടാക്കനിയായിരുന്നു. അവിടേക്കാണ് പിഎസ്ജിയുടെ ഈ താര സ്‌നേഹത്തെപൊളിക്കാന്‍ എന്‍ റിക്വെ എത്തുന്നത്. അലയന്‍സ് അരീനയില്‍ എന്‍ റിക്വെയുടെ പിഎസ്ജി ഇന്ററിനെ കീഴടക്കുക മാത്രമായിരുന്നില്ല. കൊന്ന് കൊലവിളിക്കുകയായിരുന്നു. ആരാധകര്‍ സ്വപ്‌നം കണ്ട ഒരു സീസണ്‍ അങ്ങനെ നാലു കിരീട നേട്ടങ്ങളോടെ പിഎസ്ജി അവസാനിപ്പിച്ചിരിക്കുന്നു. എല്ലാറ്റിനും കേന്ദ്രബിന്ദുവായത് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ കിരീട നേട്ടങ്ങളിലേക്ക് നയിച്ച് ആ മനുഷ്യനായിരുന്നു. അതും മെസ്സിയോ നെയ്മറോ എംബാപ്പോ ഇല്ലാത്ത ഒരു ടീമിനൊപ്പവും.

2023-ല്‍ എന്റിക്വെ കാലെടുത്തുവെച്ചത് താരനിബിഡമായ ഒരു പിഎസ്ജിയിലേക്കായിരുന്നു. സ്വപ്‌നങ്ങള്‍ ഒരുപാടുള്ള പക്ഷേ ഐക്യം ഒട്ടുമേയില്ലാത്ത ഒരു ക്ലബ്ബ്. മികച്ച പൊസിഷനിലുള്ള താരത്തിന് പാസ് നല്‍കാത്ത പിഎസ്ജിയുടെ മധ്യനിരയും മുന്നേറ്റ നിരയും അക്കാലത്ത് യൂറോപ്പിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. സൂപ്പര്‍ താരങ്ങളെവെച്ചാണ് എന്‍ റിക്വെ 2015-ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. എന്നാല്‍ ആ ബാഴ്‌സയായിരുന്നില്ല പിഎസ്ജി.
എംബാപ്പെയെ അയാള്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ അനുവദിക്കുക എന്നതല്ല ഞങ്ങളുടെ കളിയെന്നാണ് പിഎസ്ജിയില്‍ എത്തിയതിനു പിന്നാലെ എന്‍ റിക്വെ പറഞ്ഞത്. അതൊരു വെറും വാക്കായിരുന്നില്ല, ഒരു മുന്നറിയിപ്പു കൂടിയായിരുന്നു. പിഎസ്ജിയിലെ സെലബ്രിറ്റി യുഗം അവസാനിക്കുകയാണെന്ന മുന്നറിയിപ്പ്. ആദ്യം നെയ്മറും പിന്നാലെ മെസ്സിയും ടീം വിട്ടു. സീസണ്‍ അവസാനത്തോടെ കഴിഞ്ഞ വര്‍ഷം എംബാപ്പെയും പാരീസില്‍ നിന്ന് ബാഗ് പാക്ക് ചെയ്തു. അവിടെ നിന്നാണ് എന്‍ റിക്വെയുടെ യഥാര്‍ഥ ജോലി തുടങ്ങുന്നത്.

സൂപ്പര്‍ സ്റ്റാറുകളെ ഒന്നിച്ചു കൂട്ടുക എന്ന നയത്തില്‍ നിന്ന് പിഎസ്ജി മാറാന്‍ ആഗ്രഹിച്ചു. ക്ലബ്ബിനു മുകളില്‍ ഇനി താരങ്ങളില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. ടീം ഗെയിം എന്താണെന്നും എങ്ങനെയാണെന്നും എന്‍ റിക്വെ കാണിച്ചുകൊടുത്തു. കഠിനമായ പരിശീലന സെഷനുകളായിരുന്നു പിന്നീട്. എല്ലാവരും ഒന്നിച്ച് പ്രസ്സ് ചെയ്യുകയും എല്ലാവരും ഒന്നിച്ച് പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു കളി സംസ്‌കാരം അദ്ദേഹം പിഎസ്ജിയില്‍ ഉണ്ടാക്കിയെടുത്തു.
ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എന്‍ റിക്വെ പിഎസ്ജിയുടെ കളി രീതിയെ മാറ്റിമറിച്ചു. പ്രശസ്തിക്കു പകരം കൃത്യമായ റോളുകള്‍ നിര്‍വഹിക്കാന്‍ കൃത്യമായി താരങ്ങളെ എത്തിച്ചു. അവരെ അവരുടെ ചിമതലകളെക്കുറിച്ച് ബോധവാന്‍മാരാക്കി. ഡിസിരെ ഡുവെയും വാറന്‍ സൈര്‍-എമറിയും ഉയര്‍ന്നുവരുന്നതും ഇക്കാലത്താണ്. 670 കോടി ചെലവിട്ട് ഹ്വിച്ച വാരാറ്റ്‌സ്‌ഹേലിയയെ ടീമിലെത്തിച്ചു. ചോരാത്ത കൈകളുമായി ഡൊണ്ണരുമ ഗോള്‍വല കാത്തു. ഫാബിയാന്‍ റൂയിസും വിറ്റിഞ്ഞ്യയും ജാവോ നെവസുമെല്ലാം മധ്യനിരയില്‍ ഒഴുകിക്കളിച്ചു. ഹക്കീമിയും മാര്‍ക്വിന്യോസും വില്യന്‍ പാച്ചോയും നുനോ മെന്‍ഡെസും ഒന്നിച്ച പ്രതിരോധം കോട്ടപോലെ പിഎസ്ജിയെ കാത്തു.
ക്ലബ്ബില്‍ എന്താണ് മാറ്റം വന്നതെന്ന് ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധിക്കുന്നു' എന്നായിരുന്നു ഉസ്മാന്‍ ഡെംബെലെയുടെ മറുപടി. സ്വന്തം സൗകര്യത്തിനനുസരിച്ച് താരങ്ങള്‍ കളിച്ചിരുന്ന ക്ലബ്ബിനെ എന്‍ റിക്വെ പരസ്പരം പിന്തുണച്ച് കളിക്കാന്‍ പാകപ്പെടുത്തി.

എങ്കിലും പുതുക്കിയ ചാമ്പ്യന്‍സ് ലീഗ് ഫോര്‍മാറ്റില്‍ അത്ര മികച്ച പ്രകടനമൊന്നുമായിരുന്നില്ല തുടക്കത്തില്‍ പിഎസ്ജിയുടേത്. ഗ്രൂപ്പ് സ്റ്റേജില്‍ അഞ്ചു മത്സരങ്ങളില്‍ ജയിച്ചത് ഒന്നില്‍ മാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ 26-ാം സ്ഥാനത്തായിരുന്നു എന്‍ റിക്വെയുടെ സംഘം. എന്നാല്‍ അയാള്‍ പതറിയില്ല. താന്‍ മാറ്റിയെഴുതിയ സിസ്റ്റത്തിലേക്ക് പൂര്‍ണമായും ഇഴുകിച്ചേരാന്‍ കളിക്കാര്‍ക്ക് സമയം ആവശ്യമാണെന്ന് അദ്ദേഹം മനസിലാക്കി. ആക്രമണവും പ്രതിരോധവും പന്തടക്കവുമെല്ലാം എല്ലാവരും ചെയ്യേണ്ടുന്ന മള്‍ട്ടി പൊസിഷനല്‍ തന്ത്രമായിരുന്നു എന്‍ റിക്വെയുടേത്. അതുമായി സമരസപ്പെടാന്‍ താരങ്ങള്‍ സമയമെടുത്തു. എന്നാല്‍ പിന്നീട് പിഎസ്ജിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
യൂറോപ്യന്‍ കിരീടമെന്ന ശാപം മറികടക്കുക എന്നതായിരുന്നു ഇത്തവണ എന്‍ റിക്വെ നേരിട്ട വെല്ലുവിളി. യൂറോപ്യന്‍ ആധിപത്യം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് 2011-ല്‍ പിഎസ്ജിയെ വാങ്ങുന്നത്. 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്‍ക്ക് ആ സ്വപ്‌നത്തിലേക്ക് എത്താനായത്. ടീം മികവ് മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടില്ലെന്ന് മുതലാളിമാര്‍ മനസിലാക്കി. അത് കെട്ടിപ്പടുക്കേണ്ട ഒന്നാണെന്ന അവരുടെ തിരിച്ചറിവാണ് ക്ലബ്ബിന്റെ ഈ മാറ്റത്തിനു പിന്നിലെ മറ്റൊരു കാരണം.
ഒരു ദശാബ്ദത്തിന്റെ വ്യത്യാസത്തില്‍ രണ്ട് വ്യത്യസ്ത ടീമുകളുമായി എന്‍ റിക്വെ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്തിയിരിക്കുന്നു. പിഎസ്ജിയുടെ ഭൂതകാലം മാറ്റിയെഴുതുകയായിരുന്നില്ല അദ്ദേഹം. മറിച്ച് അതിലെ മോശം ഭാഗങ്ങള്‍ മായ്ച്ചുകളയുകയായിരുന്നു. എംബാപ്പെ ഇല്ലാതെ പിഎസ്ജി മികച്ചതായിരിക്കുമെന്ന് 2024-ന്റെ തുടക്കത്തില്‍ എന്റിക്വെ അവകാശപ്പെട്ടപ്പോള്‍ പലരും അത് അയാളുടെ അഹങ്കാരമായാണ് വിലയിരുത്തിയത്. എന്നാല്‍ അതങ്ങനെയല്ലെന്ന് അയാള്‍ തെളിയിച്ചിരിക്കുന്നു.
Content Highlights: Luis Enrique led PSG to their archetypal Champions League title, defying expectations








English (US) ·