.jpg?%24p=d46866e&f=16x10&w=852&q=0.8)
ഷാജി എൻ കരുണും ഭാര്യ അനസൂയയും | Photo: Mathrubhumi
ഡോക്ടറാവണോ, സിനിമക്കാരനാവണോ. തികച്ചും വ്യത്യസ്തമായ രണ്ടുവഴികള്‍ മുന്നില്‍ തെളിഞ്ഞുവന്നപ്പോള്‍ പരിക്ഷീണനായി നില്‍പ്പായിരുന്നു ഷാജി എന്‍. കരുണ്‍. മകന്‍ ഒരു ഡോക്ടറായി കാണാനാഗ്രഹിച്ച അച്ഛന്‍ എന്‍. കരുണാകരന്‍ മെഡിസിന്‍ പഠനത്തിന് നിര്‍ബന്ധിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് അപേക്ഷയയച്ചത്.
മദ്രാസിലായിരുന്നു പ്രവേശനപരീക്ഷ. ഹാള്‍ ടിക്കറ്റ് വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു: ''കണ്ടില്ലേ ആയിരത്തിലേറെ പേരാണ് പരീക്ഷ എഴുതാനുള്ളത്. പരിമിതമായ സീറ്റേയുള്ളൂ''. പക്ഷേ, ഷാജി എഴുത്തുപരീക്ഷയും നൂറിലേറെ പേര്‍ക്കിടയില്‍നിന്ന് ഇന്റര്‍വ്യൂവും പാസായി. 1971-ല്‍ പുണെയില്‍ പ്രവേശനം ലഭിച്ച എട്ടുപേരില്‍ ഒരാളായിരുന്നു ഷാജി. അതോടെ, അച്ഛന്‍ പറഞ്ഞു: ''അവന്റെ വഴി അതാണ്.''
ബാബു അണ്ണന്‍ എന്ന കൃഷ്ണവാരിയരാണ് അപേക്ഷ അയക്കാന്‍ നിര്‍ബന്ധിച്ചതും പ്രോത്സാഹിപ്പിച്ചതും. അഭിമുഖത്തിനെത്തിയപ്പോള്‍ വിഖ്യാതസംവിധായകന്‍ മൃണാള്‍സെന്‍ ചോദ്യങ്ങള്‍ പലതുംചോദിച്ചു. അറിയില്ലെന്ന് ഉത്തരം. എന്തിനാണ് ഇവിടേക്ക് വന്നതെന്നു ചോദിച്ചപ്പോള്‍ പഠിക്കാനെന്നു പറഞ്ഞു. വല്ലതും അറിയാമോ എന്നു ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലായിരുന്നു. എംബിബിഎസിന് പ്രവേശനം കിട്ടിയത് ഉപേക്ഷിച്ചാണ് വന്നതെന്നും പറഞ്ഞു. ഇന്റര്‍വ്യൂ ബോര്‍ഡിനുമുന്നില്‍ സത്യം പറഞ്ഞ ഒറ്റക്കാരണം കൊണ്ടുതന്നെ ഷാജി എന്‍. കരുണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ''കല പൂര്‍ണമായും സത്യംതന്നെയാണ്. അതില്‍ ഉറച്ചുനില്‍ക്കണം'' എന്നായിരുന്നു മൃണാള്‍സെന്‍ പറഞ്ഞത്.
സിനിമാപഠനത്തില്‍ ഒന്നാം റാങ്ക്
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒന്നാം റാങ്കോടെയാണ് ഷാജി പുറത്തിറങ്ങിയത്. പിന്നീട് ബാബു അണ്ണന്‍ ഷാജിയുടെ സഹോദരിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ സഹോദരി അനസൂയയെ ഷാജിയും. ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയോട് വലിയ പ്രിയമായിരുന്നു ഷാജിക്ക്. ലോക്കല്‍ഫണ്ട് ഓഡിറ്റിങ് ഉദ്യോഗസ്ഥനായിരുന്നു ഷാജിയുടെ അച്ഛന്‍. അദ്ദേഹം തിരുവനന്തപുരത്ത് ജോലിചെയ്യുമ്പോള്‍ അവിടത്തെ അയല്‍ക്കാരിയായിരുന്നു അനസൂയ. ഡോ. പി.കെ.ആര്‍. വാരിയരുടെ മകള്‍.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനസൂയയെ ആദ്യമായി കണ്ടത്. വാരിയരുടെ ഹോബികളിലൊന്നായിരുന്നു ഫോട്ടോഗ്രഫി. അദ്ദേഹം ഇംഗ്ലണ്ടില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി വരുമ്പോള്‍ കൈയില്‍ ഒരു ക്യാമറയുണ്ടായിരുന്നു. ഷാജിയുടെ വീട്ടില്‍ പലപ്പോഴും വരാറുണ്ടായിരുന്നു ഡോക്ടര്‍. ആ കുടുംബത്തിനൊപ്പം ചേരുമ്പോള്‍ ക്യാമറ കൈകാര്യംചെയ്യാന്‍ അവസരം ലഭിച്ചിരുന്നു.
ബാബു അണ്ണനൊപ്പം മലകയറ്റം നടത്തുമ്പോള്‍ ഷാജിയായിരുന്നു ഫോട്ടോഗ്രാഫര്‍. പില്‍ക്കാലത്ത് കുറെക്കാലം അരവിന്ദന്റെ ക്യാമറാമാന്‍ എന്നായിരുന്നു ഷാജി അറിയപ്പെട്ടത്. ഉത്തരായനത്തിന്റെ ലാബ് ജോലികള്‍ നടക്കുന്നതിനിടെയാണ് ഷാജിയെ അരവിന്ദന്‍ പരിചയപ്പെടുന്നത്. ഉത്തരായനത്തിനുശേഷം മങ്കട രവിവര്‍മയുമായി അരവിന്ദന്‍ അകന്നിരുന്നു. പകരം ഒരു ഛായാഗ്രാഹകനെ തേടുകയായിരുന്നു അദ്ദേഹം. അനസൂയയുടെ കസിന്‍ പ്രഹ്ലാദന്‍ മുഖേനയാണ് പുതിയ ചിത്രത്തില്‍ ഷാജിക്ക് അവസരം ലഭിച്ചത്.
Content Highlights: manager and cinematographer shaji n karuns lifestory
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·