കൊച്ചി: കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എംവി കൈരളി കപ്പല്‍ തിരോധനത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. 'എംവി കൈരളി: ദി എന്‍ഡ്യൂറിങ് മിസ്റ്ററി' എന്ന സിനിമ കോണ്‍ഫ്‌ളൂവന്‍സ് മീഡിയയാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 2024-ല്‍ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായിരുന്ന '2018' എന്ന സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം ഒരുക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ സീരീസുകളിലൊന്നായ 'ബ്ലാക്ക് വാറന്റ്' എന്ന ജയില്‍ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോണ്‍ഫ്‌ളൂവന്‍സ് മീഡിയയൊരുക്കുന്ന സിനിമ മറ്റൊരു നാഴികകല്ലായിരിക്കുമെന്നാണ് പ്രതീക്ഷ. നീണ്ടകാലത്തെ ഗവേഷണത്തിന് ശേഷമാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നും യഥാര്‍ഥ ചരിത്രസംഭവങ്ങള്‍ പ്രേക്ഷകരിലേയ്ക്ക് ചലച്ചിത്ര രൂപത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണിതെന്നും കോണ്‍ഫ്‌ളൂവന്‍സ് മീഡിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
ജൂഡ് ആന്തണിക്കൊപ്പം അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് റൈറ്റും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും കോണ്‍ഫ്‌ളൂവന്‍സ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. എംവി കൈരളിയുടെ ക്യാപ്റ്റനായ മരിയാദാസ് ജോസഫിനെക്കുറിച്ച് അദ്ദേഹത്തിന്റെ മകന്‍, റിട്ടയേഡ് ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് എഴുതിയ പുസ്തകമാണ് സിനിമയുടെ അടിസ്ഥാനം. അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച, ആഴത്തിലുള്ള ഗവേഷണവും വൈകാരികമായ ആവിഷ്‌കാരവും നിറഞ്ഞ 'ദി മാസ്റ്റര്‍ മറിനര്‍' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഓഗസ്റ്റ് 25-ന് കൊച്ചിയില്‍ പ്രകാശനം ചെയ്യും.
എംവി കൈരളിയിലെ യാത്രികര്‍ക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതയ്ക്ക് ചലച്ചിത്രപരമായ ഒരു പരിസമാപ്തി നല്‍കാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് ജൂഡ് ആന്തണി പറഞ്ഞു. 'അപ്രത്യക്ഷമായില്ലായിരുന്നെങ്കില്‍, എംവി കൈരളിയും അത് കൈവരിക്കുന്ന നേട്ടങ്ങളും കേരളത്തിന്റെ സമുദ്രയാന ചരിത്രത്തില്‍ തിളക്കമേറിയ അധ്യായമായി മാറിയേനെ. അത് നമ്മളോരോരുത്തര്‍ക്കും വലിയ അഭിമാനമാകുമായിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിഞ്ഞു; അമ്പത്തിയൊന്ന് ജീവിതങ്ങള്‍ അപ്രത്യക്ഷമായി, നിരവധി കുടുംബങ്ങള്‍ സ്ഥിരമായ ദുരിതത്തിലായി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒരു ദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ പലരും ജീവിതം മുഴുവന്‍ കാത്തിരുന്നു. ഒരു ഭരണകൂടത്തിനും ഒരു വ്യവസ്ഥയ്ക്കും അവരുടെ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാനാവില്ല. എംവി കൈരളിയുടെ കഥ സിനിമയാക്കുന്നതിലൂടെ, എന്റെ ഈ എളിയ ശ്രമം ആ കുടുംബങ്ങള്‍ക്ക് ഒരു ആശ്വാസമാകുമെന്ന് ഞാന്‍ കരുതുന്നു. അവരുടെ പ്രിയപ്പെട്ടവരെ ആരും മറന്നിട്ടില്ലെന്ന് ഉറപ്പ് കൂടിയാണ് ഈസിനിമ. എംവി കൈരളിയിലെ യാത്രികര്‍ക്കുള്ള ഞങ്ങളുടെ ആദരം കൂടിയായിരിക്കും ഇത്. അവസാനിക്കാത്ത അന്വേഷണത്തിന് സിനിമയിലൂടെയെങ്കിലും ഒരു പരിസമാപ്തി നല്‍കാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ', ജൂഡ് കൂട്ടിച്ചേര്‍ത്തു.
ജീവിതത്തിലുടനീളം നീണ്ടു നിന്ന ഒരു വ്യഥക്കവസാനം വരുത്താനാണ് ഈ പുസ്തകമെഴുതിയത് എന്ന് 'ദി മാസ്റ്റര്‍ മറിനറി'ന്റെ രചയിതാവ്, ലെഫ്റ്റനന്റ് കേണല്‍ തോമസ് ജോസഫ് (റിട്ട.) പറഞ്ഞു. ദീര്‍ഘകാലമായി കൈരളിയുടെ കഥ സിനിമയാക്കുന്നതിന് വേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു കോണ്‍ഫ്‌ളൂവന്‍സ് മീഡിയയുടെ സംഘമെന്ന്, ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായ കോണ്‍ഫ്‌ളൂവന്‍സ് മീഡിയ സ്ഥാപകന്‍ ജോസി ജോസഫ് പറഞ്ഞു. 'വര്‍ഷങ്ങളുടെ ഗവേഷണത്തിന് ശേഷം, തോമസ് സാറിന്റെ പുസ്തകത്തിന്റെ സഹായത്തോടെ എംവി കൈരളിയെക്കുറിച്ചുള്ള ആധികാരികമായ ഒരു കഥ തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. സിനിമ സംവിധാനം ചെയ്യാന്‍ ജൂഡിനേക്കാള്‍ പറ്റിയ മറ്റൊരാളില്ല. കപ്പലിന്റെ യാത്രയില്‍ മാത്രം ഒതുങ്ങാത്ത, കുടുംബങ്ങളുടെ ദുരന്തങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന, എംവി കൈരളിയുടെ യഥാര്‍ഥ കഥ വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത് ഒരു ഉത്തരവാദിത്തം കൂടിയാണ്. നീതിയെക്കുറിച്ചുമുള്ള പുതിയ ചര്‍ച്ചകള്‍ക്കുള്ള അവസരമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: MV Kairali: The Enduring Mystery - Movie Announced
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·