എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യത; ഇന്ന് ഉച്ചകഴിഞ്ഞ് 2.30: ഇന്ത്യ – തീമോർ ലെഷ്ത്

6 months ago 6

മനോരമ ലേഖകൻ

Published: June 29 , 2025 05:46 AM IST

1 minute Read

ഇന്ത്യൻ ടീമംഗം സംഗീത ബസ്ഫോർ 
പരിശീലനത്തിൽ
ഇന്ത്യൻ ടീമംഗം സംഗീത ബസ്ഫോർ പരിശീലനത്തിൽ

ചിയാങ് മായ് (തായ്‌ലൻഡ്) ∙ എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ 2–ാം വിജയം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീം ഇന്ന് തീമോർ ലെഷ്തിനെ നേരിടും. ഉച്ചകഴിഞ്ഞ് 2.30നാണ് കിക്കോഫ്. ആദ്യ മത്സരത്തിൽ മംഗോളിയയെ 13–0ന് തോൽപിച്ച ഇന്ത്യ റാങ്കിങ്ങിൽ ഏറെ പിന്നിലായ, തീമോർ ലെഷ്തിനെതിരെയും സമാനമായൊരു വിജയമാണ് സ്വപ്നം കാണുന്നത്. മലയാളി പി. മാളവിക ഉൾപ്പെടെയുള്ള താരങ്ങൾക്കെല്ലാം പരിശീലക ക്രിസ്പിൻ ഛേത്രി ഇന്നും അവസരം നൽകുമെന്നാണു പ്രതീക്ഷ.

5 ടീമുകളുടെ ഗ്രൂപ്പ് ബിയിൽ ഇറാഖാണ് നിലവിൽ ഒന്നാം സ്ഥാനത്ത് (4 പോയിന്റ്). അവർ മംഗോളിയയെ 5–0നു തോൽപിച്ചു; തീമോർ ലെഷ്തുമായി ഗോൾരഹിത സമനില വഴങ്ങി. ഇന്ത്യയും തായ്‌ലൻഡും 3 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിടുന്നു. ‌ഗ്രൂപ്പ് ജേതാക്കളാകുന്ന ടീമാണു ഫൈനൽ റൗണ്ടിനു യോഗ്യത നേടുക.

തീമോർ ലെഷ്തുമായുള്ള മത്സരം ഇന്ത്യയ്ക്കു വെല്ലുവിളിയാണെന്നു കോച്ച് ക്രിസ്പിൻ ഛേത്രി മത്സരത്തലേന്നു മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഇറാഖിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞത് തെക്കുകിഴക്കൻ ഏഷ്യൻ മേഖലയി‍ൽനിന്നുള്ള ടീമിന്റെ മികവാണു വെളിവാക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരത്തിലെ ഏതിരാളികളായ മംഗോളിയയെക്കാൾ മികച്ച ടീമായാണ് ഞാൻ തീമോർ ലെഷ്തിനെ കാണുന്നത്. കൗണ്ടർ അറ്റാക്കുകളിലാണ് അവരുടെ ശ്രദ്ധ’’– ഛേത്രി പറഞ്ഞു. ‌

ഫിഫ റാങ്കിങ്ങിൽ 70–ാം സ്ഥാനത്താണ് ഇന്ത്യ. തീമോർ ലെഷ്ത് 158–ാം റാങ്കിലും. ഇരുടീമുകളും നേർക്കുനേർ മത്സരിക്കുന്നത് ഇതാദ്യം.

English Summary:

AFC Women's Asian Cup Football Qualifiers: India vs Timor Leste

Read Entire Article