Published: January 13, 2026 12:13 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം ശിഖർ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹമുറപ്പിച്ചു. വിവാഹനിശ്ചയം കഴിഞ്ഞവിവരം ശിഖർ ധവാൻ തന്നെയാണ് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. ‘‘പങ്കിട്ട പുഞ്ചിരികളിൽ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ചു ജീവിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ലഭിച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും എല്ലാ ആശംസകൾക്കും നന്ദി - ശിഖർ & സോഫി.’’– ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം കുറിച്ചു. ഇരുവരും വിവാഹനിശ്ചയ മോതിരങ്ങൾ ധരിച്ചിരിക്കുന്ന ഒരു ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
ഫെബ്രുവരിയിലാണ് ധവാനും സോഫിയയും തമ്മിലുള്ള വിവാഹമെന്നാണ് സൂചന. ഫെബ്രുവരി മൂന്നാം വാരത്തിലാണ് ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റ്, ബോളിവുഡ് മേഖലകളിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കുമെന്നും വിവരമുണ്ട്. ആഡംബര ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ശിഖർ ധവാനും അയർലൻഡ് സ്വദേശിനിയായ സോഫി ഷൈനും കഴിഞ്ഞ വർഷം ആദ്യമാണ് ഡേറ്റിങ്ങിലായത്. ദുബായിലെ ഒരു റസ്റ്ററന്റിൽ വച്ച് പരിചയപ്പെട്ട ഇരുവരും ഐസിസി ചാംപ്യൻസ് ട്രോഫിയും ഐപിഎൽ മത്സരങ്ങളും കാണാൻ ഒരുമിച്ചെത്തിയിരുന്നു. 2023ലാണ് ആദ്യ ഭാര്യ അയേഷ മുഖർജിയിൽനിന്ന് ശിഖർ ധവാൻ വിവാഹ മോചനം നേടിയത്. 2012ലായിരുന്നു ഇരുവരുടേയും വിവാഹം. ശിഖർ ധവാന്റെ മകൻ സോറാവർ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണു താമസിക്കുന്നത്. മകനെ കാണാൻ മുൻ ഭാര്യ അനുവദിക്കുന്നില്ലെന്ന് ധവാൻ സമൂഹമാധ്യമങ്ങളിൽ പല തവണ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2024ൽ ആണ് ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്.
ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മാർക്കറ്റിങ് ആൻഡ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുള്ള സോഫി ഷൈൻ, നിലവിൽ അബുദാബി ആസ്ഥാനമായുള്ള നോർത്തേൺ ട്രസ്റ്റ് കോർപറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റാണ്. ധാ വൺ സ്പോർട്സിന്റെ ജീവകാരുണ്യ വിഭാഗമായ ശിഖർ ധവാൻ ഫൗണ്ടേഷന്റെ മേധാവിയുമാണ്. ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തോളം ഫോളോവേഴ്സാണ് സോഫിക്കുള്ളത്.
English Summary:








English (US) ·