'എക്സൈസ് ഓഫീസിലാക്കി പോയി'; ഫോണിൽ പിതാവിനോട് കയർത്ത് ഷൈൻ: ബെഞ്ചിൽ മയങ്ങി ശ്രീനാഥ് ഭാസി

8 months ago 6

shine tom

ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ | Photo: Mathrubhumi, PTI

ആലപ്പുഴ: ചോദ്യംചെയ്യലിനു തിങ്കളാഴ്ച രാവിലെ 10-ന്‌ എത്താനാണ് നടന്മാരോടും മോഡലിനോടും എക്സൈസ് ആവശ്യപ്പെട്ടതെങ്കിലും മൂവരും നേരത്തേയെത്തി. എന്നാൽ, അവർ പ്രതീക്ഷിച്ചതുപോലായിരുന്നില്ല പിന്നീടു നടന്നത്.

മോഡൽ കെ. സൗമ്യയെ ചോദ്യംചെയ്യാൻ വിളിച്ചപ്പോൾ പത്തുമണി കഴിഞ്ഞു. ഷൈനും ശ്രീനാഥും കാത്തിരിപ്പ്‌ തുടങ്ങി. ആറുമണിക്കൂർ പിന്നിട്ടതോടെ ഷൈൻ ക്ഷുഭിതനായി. സിനിമ ലൊക്കേഷനിൽനിന്നെത്തിയ ശ്രീനാഥാകട്ടെ ഉച്ചയോടെ ഓഫീസിലെ ബെഞ്ചിൽ കിടന്നു മയങ്ങി.

രാവിലെ 7.35-നു ഷൈനാണ് ആദ്യമെത്തിയത്. ഈ സമയത്ത് പതിവു ഡ്യൂട്ടി ഉദ്യോഗസ്ഥരേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിനകം വിടണമെന്നും ബെംഗളൂരുവിലെ ലഹരിമോചനകേന്ദ്രത്തിൽനിന്നാണു വന്നതെന്നും അവരോടു ഷൈൻ പറഞ്ഞു.

8.10-ന് ശ്രീനാഥ് എത്തി. തനിക്കു പറയാനുള്ളത് ഉദ്യോഗസ്ഥരോടു പറഞ്ഞോളാമെന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള പ്രതികരണം.

8.30-ന് മോഡൽ സൗമ്യയെത്തി. ക്രിസ്റ്റീനയെ (തസ്‌ലിമാ സുൽത്താന) അറിയാമെങ്കിലും ലഹരിയിടപാടുമായി ബന്ധമില്ലെന്നു പറഞ്ഞശേഷമാണ് സൗമ്യ ഓഫീസിൽ കയറിയത്. ഒൻപതു മണിയോടെ ഉദ്യോഗസ്ഥരെത്തി.

പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ആദ്യം സൗമ്യയെയാണു ചോദ്യംചെയ്യാൻ വിളിച്ചത്. 12.50-ഓടെ മൂവർക്കുമുള്ള ഭക്ഷണമെത്തിച്ചു.

ഉച്ചകഴിഞ്ഞപ്പോഴാണ് കാത്തിരിപ്പിലെ അതൃപ്തി ഷൈൻ പ്രകടിപ്പിച്ചത്. സൗമ്യയെ ചോദ്യംചെയ്തതിനുശേഷം ഷൈനിന്റെ മൊഴിയെടുത്തു. വൈകുന്നേരം ആറുമണിയോടെയാണ് ശ്രീനാഥിനെ ചോദ്യംചെയ്യാൻ തുടങ്ങിയത്. ഇതു രാത്രിയിലേക്കു നീണ്ടു.

ഷൈൻ ഇടഞ്ഞു

: ആറു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതാണ് ഷൈനിനെ ചൊടിപ്പിച്ചത്. നടൻ ഉദ്യോഗസ്ഥരോട് ഇടഞ്ഞു. അഭിഭാഷകനെ കാണണമെന്നും കാറിൽനിന്നു മരുന്നെടുക്കണമെന്നും പറഞ്ഞ് ഓഫീസിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിച്ചു. എന്നാൽ, മാധ്യമപ്രവർത്തകരെ കണ്ടതോടെ പിന്തിരിഞ്ഞു. പിന്നീട് എക്സൈസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ പിതാവുമായി ഫോണിൽ സംസാരിച്ചു.

തന്നെ ഓഫീസിലാക്കിയ ശേഷം എല്ലാവരും പോയെന്നായിരുന്നു പരാതി. ഇതേച്ചൊല്ലി പിതാവിനോട് ഫോണിലൂടെ കയർത്തു. തുടർന്ന് സഹോദരൻ ജോ ജോൺ ചാക്കോ ഓഫീസിലെത്തി. വൈകുന്നേരം മാതാപിതാക്കളും വന്നു. ഇവർ എറണാകുളത്തെ ലഹരിമോചന കേന്ദ്രത്തിൽ ഷൈൻ ചികിത്സതേടിയതിന്റെ വിവരങ്ങൾ സഹിതമാണെത്തിയത്.

‘എനിക്കു തിരിച്ചുവരണം. അതാഗ്രഹിച്ചാണ് ചികിത്സതേടിയത്. രാസലഹരി ഉപയോഗിക്കാറുണ്ട്. എന്നാൽ, കഞ്ചാവ് ഉപയോഗിച്ചിട്ടു വർഷങ്ങളായി. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ല. തസ്‌ലിമയുമായി ലഹരി ഇടപാടുകളൊന്നുമില്ല. എത്ര നേരമായി കാത്തിരിക്കുന്നു. കാറിൽ നിന്നു മരുന്നെടുത്തു കഴിക്കണം’- ഷൈൻ ഉദ്യോഗസ്ഥരോടു പറഞ്ഞു. വീട്ടുകാരെ കണ്ടതോടെയാണ് നടൻ ശാന്തനായത്.

ഷൈൻ ലഹരിക്ക് അടിമ- അസി. എക്സൈസ് കമ്മിഷണർ
ആലപ്പുഴ: ഷൈൻ ടോം ചാക്കോ ലഹരിക്ക് അടിമയാണെന്ന് ആലപ്പുഴ അസി. എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ പറഞ്ഞു. ചോദ്യംചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഷൈൻ ടോം ചാക്കോയെ തൊടുപുഴയ്ക്കു സമീപമുള്ള എസ്എച്ച് ലഹരിമോചന കേന്ദ്രത്തിലേക്കാണു മാറ്റിയത്. ഷൈനിന്റെയും കുടുംബത്തിന്റെയും ആവശ്യപ്രകാരമാണിത്.

എക്സൈസിന്റെ മേൽനോട്ടത്തിലാകും ചികിത്സ. മൂവരെയും ചോദ്യംചെയ്തതിൽനിന്ന് പണമിടപാടു സംബന്ധിച്ച പല വിവരങ്ങളിലും വ്യക്തത വരുത്താനായിട്ടുണ്ട്. ഹൈബ്രി‍ഡ് കഞ്ചാവു കേസുമായി ബന്ധപ്പെട്ട തെളിവൊന്നും ലഭിച്ചിട്ടില്ല. വേണ്ടിവന്നാൽ മൂവരെയും വീണ്ടും വിളിപ്പിക്കും. സിനിമ മേഖലയിലല്ലാത്തവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Shine Tom Chacko`s Drug Case: 6-Hour Wait

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article