ഒരു ശബ്ദം ഒരു കാലത്തെ വീണ്ടെടുക്കുകയാണ്. ഇളകിമറിയുന്ന ഗാലറികളും കാതടപ്പിക്കുന്ന ആരവങ്ങളും ചീറിപ്പായുന്ന കാല്‍പ്പന്തിന്റെ മൂളക്കവും നിറഞ്ഞ ആവേശഭരിതമായ ഒരു ഫുട്‌ബോള്‍ കാലത്തെ.
ശബ്ദത്തിന്റെ പേര് പികെ പത്മനാഭന്‍ നായര്‍. കോഴിക്കോട്ടുകാരുടെ പപ്പേട്ടന്‍. എണ്ണമറ്റ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളുടെ വീറും വാശിയും ശബ്ദതരംഗങ്ങളായി മലയാളികളുടെ കാതുകളിലെത്തിച്ച കമന്റേറ്റര്‍. പി കെയുടെയും ടി ദാമോദരന്‍ മാഷിന്റേയും ദൃക്സാക്ഷി വിവരണങ്ങള്‍ക്കായി ട്രാന്‍സിസ്റ്റര്‍ റേഡിയോക്ക് മുന്നില്‍ കാതു കൂര്‍പ്പിച്ചു കാത്തിരുന്ന കാലമുണ്ടായിരുന്നു. ഇന്ദര്‍ സിംഗിനേയും മഗന്‍ സിംഗിനേയും സുഭാഷ് ഭൗമിക്കിനെയും നജീമുദ്ദീനേയും സേവ്യര്‍ പയസ്സിനേയും സുധീറിനേയുമൊക്കെ മിഴിവാര്‍ന്ന ചിത്രങ്ങളായി വയനാട്ടുകാരനായ സ്‌കൂള്‍ കുട്ടിയുടെ കണ്മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തിയത് അവരാണല്ലോ.
മോഹന്‍ ബഗാനും ടൈറ്റാനിയവും തമ്മിലുള്ള നാല്പത്തേഴു വര്‍ഷം മുന്‍പത്തെ സേട്ട് നാഗ്ജി ഫുട്‌ബോള്‍ (1978) ഫൈനല്‍ ദൃക്സാക്ഷി വിവരണത്തിന്റെ ശബ്ദലേഖനം യാദൃച്ഛിമായി അയച്ചുകിട്ടിയപ്പോള്‍ ഉള്ളില്‍ ആ പഴയ കുട്ടി വീണ്ടുമുണര്‍ന്ന പോലെ. ടൈറ്റാനിയം പൊരുതിത്തോറ്റ ആ ഉജ്ജ്വല മത്സരത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും മനസ്സിനെ വന്നു മൂടുന്നു. ഇരമ്പിമറിയുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ ആവേശമുണര്‍ത്തുന്ന ചിത്രമുണ്ടായിരുന്നു ആ ശബ്ദരേഖയില്‍. ഇനിയൊരിക്കലും തിരിച്ചുവരാനിടയില്ലാത്ത ഒരു കാലവും.
1978 നാഗ്ജി ട്രോഫി ഫുട്ബോൾ ഫൈനലിൽ പത്മനാഭൻ നായരുടെ കമന്ററി കേൾക്കാം
പത്മനാഭന്‍ നായരുടെ ലൈവ് കമന്ററിയുടെ പ്രസക്തഭാഗം അയച്ചുതന്നത് സംഗീതജ്ഞന്‍ കൂടിയായ പാലാ സികെ രാമചന്ദ്രന്‍. പികെയുടെ മകള്‍ ജയശ്രീയുടെ ഭര്‍ത്താവാണ് ഫുട്‌ബോള്‍പ്രേമി കൂടിയായ പാലാ സി കെ. 'അദ്ദേഹത്തിന്റെ കമന്ററിയുടെ വലിയൊരു ആരാധകനായിരുന്നു ഞാന്‍. ഇയ്യിടെ ആ ഘനഗംഭീര ശബ്ദം യാദൃച്ഛികമായി എന്റെ ശേഖരത്തില്‍ നിന്ന് കിട്ടിയപ്പോള്‍ രവിക്ക് അയച്ചുതരണമെന്ന് തോന്നി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആളാണല്ലോ...'
ശരിയാണ്. ഒരു പാട് ഓര്‍മകളിലേക്ക് ഞൊടിയിടയില്‍ തിരിച്ചുനടത്തി ആ കമന്ററി. കൊലകൊമ്പന്മാരായ മോഹന്‍ ബഗാന്‍ ആണ് ഒരു വശത്ത്. അന്നത്തെ ഇന്ത്യന്‍ ടീമിന്റെ പരിച്ഛേദം. ബഗാന്റെ പ്ലേയിങ് ഇലവന്‍ പി കെ പ്രഖ്യാപിച്ചു കേട്ടപ്പോള്‍ ഓര്‍മകളില്‍ ഒരു നഷ്ടവസന്തം പുനര്‍ജ്ജനിച്ച പോലെ. ഗോള്‍കീപ്പര്‍ ശിബാജി ബാനര്‍ജി. റൈറ്റ് വിംഗ് ബാക്ക് സുധീര്‍ കര്‍മാര്‍ക്കര്‍, റൈറ്റ് ഇന്‍ ബാക്ക് സുബ്രതോ ഭട്ടാചാര്‍ജി, ലെഫ്റ്റ് ഇന്‍ ബാക്ക് പ്രദീപ് ചൗധരി, ലെഫ്റ്റ് വിംഗ് ബാക്ക് ദിലീപ് പാലിത്ത്. റൈറ്റ് ഹാഫ് ഗൗതം സര്‍ക്കാര്‍, ലെഫ്റ്റ് ഹാഫ് പ്രസൂണ്‍ ബാനര്‍ജി (ക്യാപ്റ്റന്‍). റൈറ്റ് ഔട്ട് മനാസ് ഭട്ടാചാര്‍ജി, റൈറ്റ് ഇന്‍ മുഹമ്മദ് അക്ബര്‍, ലെഫ്റ്റ് ഇന്‍ മുഹമ്മദ് ഹബീബ്, ലെഫ്റ്റ് ഔട്ട് സുഭാഷ് ഭൗമിക്. ഇന്ത്യന്‍ ഫുട്‌ബോളിലെ അന്നത്തെ കൊമ്പനാനകളാണ് എല്ലാവരും.

എതിരാളികളായ ടൈറ്റാനിയത്തിന്റെ നിരയില്‍ ആനകളേക്കാള്‍ പുലികളായിരുന്നു ഏറെയും: ഇട്ടി മാത്യു, രത്‌നാകരന്‍, മുഹമ്മദ് സലിം, വിജയന്‍, അശോകന്‍, അബ്ദുള്‍ ഹമീദ്, ശശികുമാര്‍, നജീമുദ്ദീന്‍ (ക്യാപ്റ്റന്‍), ശങ്കരന്‍കുട്ടി, ശ്രീനിവാസന്‍, സയിദ് കോയ.
മത്സരം ബഗാന്‍ അനായാസം ജയിച്ചുകയറുമെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജീവന്മരണപോരാട്ടം നടത്തിയ നജീമുദ്ദീനും കൂട്ടരും കൊല്‍ക്കത്ത ടീമിനെ വരച്ച വരയില്‍ നിര്‍ത്തി. അവസാന നിമിഷം വീണ അക്ബറിന്റെ ഗോളിനാണ് ഒടുവില്‍ ടൈറ്റാനിയം കീഴടങ്ങിയത്. 'എന്റെ വിരലുകള്‍ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് പന്ത് വലയ്ക്കകത്തുപോയത്.' - അന്ന് ഉജ്ജ്വല ഫോമിലായിരുന്ന ഗോള്‍കീപ്പര്‍ ഇട്ടി മാത്യുവിന്റെ ഓര്‍മ. 'അസാധ്യ ഷോട്ടായിരുന്നു. കാതില്‍ ഇന്നുമുണ്ട് ആ പന്തിന്റെ മൂളല്‍..'

അയച്ചുതന്ന ഓഡിയോ ക്ലിപ്പ് തന്റെ കണ്ണു നിറച്ചുവെന്ന് ഇട്ടി മാത്യു. 'പത്മനാഭന്‍ നായരുടെ വിവരണത്തോടൊപ്പം ആ സായാഹ്നത്തിലെ ഓരോ നിമിഷവും മനസ്സില്‍ തെളിഞ്ഞു. അന്ന് ഒപ്പം കളിച്ച പലരും ഇന്നില്ല എന്നത് വ്യക്തിപരമായി എന്നെ വേദനിപ്പിക്കുന്ന കാര്യം. ശങ്കരന്‍ കുട്ടി, രത്‌നാകരന്‍, ശശികുമാര്‍.... എല്ലാവരും യാത്രയായി. പ്രിയപ്പെട്ട നജീമുദ്ദീന്‍ ഓര്‍മ്മത്തെറ്റുകളുടെ ലോകത്താണ്. പിന്നെ, കളിയുടെ ആവേശം മലയാളികള്‍ക്ക് എത്തിച്ചുകൊടുത്ത പത്മനാഭന്‍ നായരും യാത്രയായല്ലോ...' 1984 ലായിരുന്നു എഴുപത്തൊന്നാം വയസ്സില്‍ പി കെയുടെ വിയോഗം. പിഡബ്‌ള്യുഡി സൂപ്രണ്ടായി വിരമിച്ച ശേഷം ദീര്‍ഘകാലം യുഎന്‍ഐയുടെ കോഴിക്കോട് ബ്യൂറോ ചീഫായും ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം.
തലശ്ശേരിക്കടുത്ത മൂഴിക്കര സ്വദേശി പത്മനാഭന്‍ നായര്‍ കളിപറഞ്ഞു തുടങ്ങിയത് 1950 ലാണ്. മാനാഞ്ചിറ മൈതാനത്തെ മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക ടൂര്‍ണമെന്റിന്റെ ഫൈനലിലായിരുന്നു തുടക്കം. പിഡബ്‌ള്യുഡി ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്ന പി കെയെ കമന്റേറ്ററായി നിയോഗിച്ചത് അന്നത്തെ സ്റ്റേഷന്‍ ഡയറക്ടര്‍ മധു പണിക്കര്‍. പി ഭാസ്‌കരന്‍, കെ പത്മനാഭന്‍ നായര്‍, എകെ മീനാക്ഷി എന്നിവരുടെ ഉറച്ച പിന്തുണയുമുണ്ടായിരുന്നു ആ നീക്കത്തിന്. ഓള്‍ ഇന്ത്യ റേഡിയോയുടെ വിഖ്യാത ഇംഗ്ലീഷ് കമന്റേറ്റര്‍ ബോബി തല്യാര്‍ ഖാന്റെ മാതൃക പിന്തുടര്‍ന്ന് മലയാളത്തിലും കമന്ററി ആവാം എന്ന് നിര്‍ദേശിച്ചത് ടൂര്‍ണമെന്റിന്റെ മുഖ്യ സംഘാടകന്‍ ടി അബൂബക്കര്‍ എന്ന അബുക്കാക്ക.

അതായിരുന്നു തുടക്കം. ഏഷ്യന്‍ കപ്പ്, സന്തോഷ് ട്രോഫി, നെഹ്റു ട്രോഫി, നാഗ്ജി, ചാക്കോള തുടങ്ങി അസംഖ്യം ടൂര്‍ണമെന്റുകള്‍ പിന്നാലെ വന്നു. കോമാട്ടില്‍ രാമന്‍ മേനോന്‍, മുഷ്താഖ് എന്നവര്‍ക്കൊപ്പം ഈ രംഗത്തെ തുടക്കക്കാരിലൊരാളായി അങ്ങനെ പി കെ. കൗതുകകരമായ പല റെക്കോര്‍ഡുകളും സ്വന്തമാക്കിയ ശേഷമായിരുന്നു 1982 ല്‍ മൈക്കിന് മുന്നില്‍ നിന്നുള്ള പികെയുടെ വിടവാങ്ങല്‍. ജലപാനം പോലുമില്ലാതെ 75 മിനിറ്റ് തുടര്‍ച്ചയായി കമന്ററി പറഞ്ഞതാണ് അവയിലൊന്ന്. ജലന്ധര്‍ ലീഡേഴ്സും മഫത്ത് ലാലും തമ്മിലുള്ള 1967 ലെ നെഹ്റു ട്രോഫി ഫൈനലില്‍ കമന്ററി പറയാന്‍ പികെയ്ക്ക് ക്ഷണം വന്നത് അവസാന നിമിഷം. കോഴിക്കോട്ടു നിന്ന് കൊച്ചിയില്‍ വന്നിറങ്ങുമ്പോള്‍ അര മണിക്കൂര്‍ കൂടിയേയുള്ളൂ കിക്കോഫിന്. കൂടെ വിവരണം നല്‍കേണ്ടയാള്‍ എത്തിയിട്ടുമില്ല. പി കെയുണ്ടോ പതറുന്നു. കമന്ററ്റേഴ്സ് ബോക്‌സില്‍ തൊട്ടടുത്തിരുന്ന് ആരോ നാരങ്ങയുടെ അല്ലികള്‍ പിഴിഞ്ഞ് ചുണ്ടു നനച്ചുകൊടുത്തതേ ഓര്‍മ്മയുള്ളൂ. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടു നിന്നു ആ 'യജ്ഞം.'
ഇന്നിപ്പോള്‍ കളി തന്നെ മാറി; ഒപ്പം കമന്ററിയുടെ രൂപഭാവങ്ങളും. എങ്കിലും അന്ന് കളി പറഞ്ഞുതന്ന് കോരിത്തരിപ്പിച്ച ശബ്ദങ്ങള്‍ ഇന്നുമുണ്ട് കാതോരത്ത്. പി കെ പത്മനാഭന്‍ നായര്‍, നാഗവള്ളി, മുഷ്താഖ്, ടി ദാമോദരന്‍, ശ്യാമളാലയം കൃഷ്ണന്‍ നായര്‍, അരവിന്ദന്‍, ജോര്‍ജ്ജ്, സിപി ശ്രീധരന്‍... വാക്കുകളുടെ കാന്തികശക്തിയാല്‍ കാല്‍പ്പന്തിന്റെ മായികലോകത്ത് തളച്ചിട്ടത് അവരാണല്ലോ.
Content Highlights: PK Padmanabhan Nair Indian shot football commentary Mohan Bagan Titanium 1978 nagji trophy final
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്









English (US) ·