
പ്രേമം നസീർ, എം. മധു ‘നിത്യവസന്തം’ എന്ന പേരിട്ടിരിക്കുന്ന ഓട്ടോറിക്ഷയ്ക്കൊപ്പം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ‘നിത്യവസന്ത’മെന്ന ഓട്ടോയിൽ ഒരിക്കലെങ്കിലും സവാരി ചെയ്തിട്ടുള്ളവർക്കു പിന്നെ പറയാനുണ്ടാകുക പ്രേംനസീർചിത്രങ്ങളുടെ കഥകളായിരിക്കും. ശ്രീവരാഹം, മാർക്കറ്റ് ജങ്ഷൻ മുടുമ്പിൽവീട്ടിൽ എം. മധു(62)വിന് തന്റെ ഓട്ടോയിൽ കയറുന്നവരോട് പ്രേംനസീറിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. എട്ടാംവയസ്സിൽ അമ്മയ്ക്കൊപ്പമാണ് പ്രേംനസീറിന്റെ ‘നദി’യെന്ന സിനിമ കാണുന്നത്. ചിത്രത്തിലെ ‘കായാമ്പൂ കണ്ണിൽ വിടരും...’ എന്ന ഗാനത്തിലെ പ്രേംനസീറിന്റെ പ്രകടനമാണ് മധുവിനെ ഏറെ ആകർഷിച്ചത്. നിത്യഹരിതനായകനോട് അന്നുതോന്നിയ ആരാധനയ്ക്ക് ഇന്നും കുറവില്ല.
കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്ന ജോലിയായിരുന്നു മധുവിന്. അക്കാലത്ത് നസീർചിത്രങ്ങളിലെ ഗാനങ്ങൾ റെക്കോഡ് ചെയ്തുവെച്ച് കേട്ടുകൊണ്ടാണ് പണിയെടുത്തിരുന്നത്. കൊറോണക്കാലത്ത് വരുമാനം കുറഞ്ഞതോടെയാണ് ഓട്ടോഡ്രൈവറുടെ കുപ്പായം ആണിഞ്ഞത്. ‘നിത്യവസന്തം’ എന്നായിരുന്നു ഓട്ടോയുടെ പേര്. എന്നാൽ ബാങ്ക് ലോണെടുത്ത് വാങ്ങിയ ഓട്ടോ നഷ്ടമായതോടെ നിരാശനായി. പിന്നീട് പല ജോലികളും ചെയ്യാൻ തുടങ്ങി.
എന്നാൽ നിത്യച്ചെലവിനു വഴിയില്ലാതായതോടെ വീണ്ടും ഓട്ടോഡ്രൈവറാകാൻ തീരുമാനിച്ചു. ഇത്തവണ വാടകയ്ക്കെടുത്ത ഓട്ടോയിൽ കൂലിക്കാരനായി. ഉടമയോട് ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളു. ശമ്പളം കുറഞ്ഞാലും പ്രശ്നമില്ല, ഓട്ടോയ്ക്ക് ‘നിത്യവസന്തം’ എന്നു പേരിടണം. ഓട്ടോയ്ക്കുള്ളിൽ നിറയെ നസീറിന്റെ ചിത്രങ്ങൾ പതിപ്പിക്കണം. ഒടുവിൽ മധുവിന്റെ ആരാധന മനസ്സിലാക്കി വണ്ടിയുടെ ഉടമ സമ്മതംമൂളി.
നസീർ അഭിനയിച്ച ചിത്രങ്ങളിലെ 750 ഗാനങ്ങൾ മധുവിന്റെ പക്കലുണ്ട്. രാവിലെ സവാരി തുടങ്ങുമ്പോൾ ഓട്ടോയിൽ പാട്ടുവെച്ചാൽ പിന്നെ തിരികെ വീട്ടിലെത്തിയാലെ നിർത്തൂ. നസീറിന്റെ മിക്ക ചിത്രങ്ങളും മധു തിയേറ്ററിൽത്തന്നെയാണ് കണ്ടിട്ടുള്ളത്.
പടയോട്ടമാണ് ഏറ്റവും പ്രിയപ്പെട്ട ചിത്രം. എന്നാൽ ഏറ്റവും കൂടുതൽ തവണ കണ്ട ചിത്രം ധ്വനിയാണ്. ഏഴു തവണയാണ് ആ ചിത്രം തിയേറ്ററിൽ കണ്ടത്. 1987-ലെ തിരഞ്ഞെടുപ്പുപ്രചാരണത്തിനായി വള്ളക്കടവിൽ എത്തിയപ്പോഴാണ് നസീറിനെ ആദ്യമായി നേരിൽക്കാണുന്നത്. മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല.
ഒടുവിൽ സുഹൃത്തുക്കളെയുംകൂട്ടി ചിറയിൻകീഴിലെ വീട്ടിൽപ്പോയി അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തോടൊപ്പം ഒരു ചിത്രം എടുക്കാൻ സാധിക്കാതെപോയത് ജീവിതത്തിലെ വലിയ നഷ്ടമാണ്. എന്നാൽ അദ്ദേഹം സമ്മാനിച്ചൊരു ചിത്രം ഇപ്പോഴും മധു ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.
Content Highlights: car operator M. Madhu, pays tribute to his idol Prem Nazir, decorating his car `Nithyavasantham`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·