Published: November 10, 2025 01:20 PM IST
1 minute Read
-
രഞ്ജി ട്രോഫിയിൽ തുടർച്ചയായ 8 സിക്സുകളുമായി മേഘാലയ താരം
-
11 പന്തിൽ അർധ സെഞ്ചറി; ആകാശ് ചൗധരിക്ക് ഫസ്റ്റ് ക്ലാസ് റെക്കോർഡ്
സൂറത്ത് ∙ തുടർച്ചയായി 8 സിക്സുകൾ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചറി.... രഞ്ജി ട്രോഫി ക്രിക്കറ്റിൽ മേഘാലയയുടെ ആകാശ് ചൗധരി ക്രീസിൽ തകർത്താടുമ്പോൾ വിമാനം കാണുന്ന കുട്ടികളെപ്പോലെ ആകാശത്തു നോക്കിനിൽക്കുകയായിരുന്നു അരുണാചൽ പ്രദേശ് ഫീൽഡർമാർ. സിക്സറുകളുടെ വെടിക്കെട്ടുമായി കത്തിക്കയറിയ ആകാശ് ചൗധരിയുടെ ഇന്നിങ്സിൽ തകർന്നുവീണത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ അർധ സെഞ്ചറിയുടെ ലോക റെക്കോർഡ്. പേസ് ബോളറായ ആകാശ് എട്ടാമനായാണ് ഇന്നലെ ബാറ്റിങ്ങിനെത്തിയത്.
തുടർച്ചയായ 8 സിക്സുകളുമായി 11 പന്തിൽ അർധ സെഞ്ചറി കുറിച്ച ഇരുപത്തഞ്ചുകാരൻ ആകാശ്, 2012ൽ 12 പന്തിൽ അർധ സെഞ്ചറി നേടിയ കൗണ്ടി ക്ലബ് ലെസ്റ്റർഷർ താരം വെയ്ൻ വൈറ്റിന്റെ റെക്കോർഡാണ് മറികടന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന നേട്ടവും ആകാശിന് സ്വന്തമായി. വെസ്റ്റിൻഡീസ് താരം ഗാരി സോബേഴ്സും ഇന്ത്യൻ താരം രവി ശാസ്ത്രിയുമാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.
സൂറത്തിൽ നടക്കുന്ന മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ മേഘാലയ 6 വിക്കറ്റ് നഷ്ടത്തിൽ 576 റൺസെടുത്തു നിൽക്കുമ്പോഴാണ് ആകാശ് ചൗധരി ബാറ്റിങ്ങിനെത്തുന്നത്. ആദ്യ പന്തിൽ റണ്ണില്ല. നേരിട്ട അടുത്ത 2 പന്തുകളിൽ ഓരോ സിംഗിൾ വീതം. ഇടംകൈ സ്പിന്നർ ലിമാർ ദാബിയെറിഞ്ഞ 126–ാം ഓവറിലാണ് ആകാശ് തുടർച്ചയായ 6 സിക്സുകൾ പറത്തി വിസ്മയം തീർത്തത്.
അടുത്ത ഓവറിൽ രണ്ടാം പന്തിൽ സ്ട്രൈക്ക് എൻഡിലെത്തിയ താരം ഓഫ് സ്പിന്നർ മോഹിത്തിനെതിരെ തുടർച്ചയായി 2 സിക്സുകൾ കൂടി നേടിയതോടെ അർധ സെഞ്ചറി പൂർത്തിയാക്കി. റെക്കോർഡ‍് നേടിയശേഷം ശാന്തനായ ആകാശ് അടുത്ത 3 പന്തുകളിലും റണ്ണെടുത്തില്ല. 6 വിക്കറ്റ് നഷ്ടത്തിൽ 628 റൺസെടുത്ത മേഘാലയ പിന്നാലെ ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെ ആകാശിന്റെ അവിശ്വസനീയ ഇന്നിങ്സിനും വിരാമമായി (14 പന്തിൽ 50 നോട്ടൗട്ട്).
English Summary:








English (US) ·