Published: November 24, 2025 09:22 AM IST Updated: November 24, 2025 09:56 AM IST
1 minute Read
ബെംഗളൂരു ∙ എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങി അപരാജിത സെഞ്ചറി; മലയാളി താരം മുഹമ്മദ് ഇനാൻ വാലറ്റത്ത് ആളിക്കത്തിയപ്പോൾ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ത്യ എ ടീമിന് അവിശ്വസനീയ ജയം. ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 18 ഓവറിൽ 5ന് 68 എന്ന നിലയിൽ തകർന്നിടത്തുനിന്നാണ് വിജയത്തിലേക്ക് പറന്നുയർന്നത്.
ഇന്ത്യ എ 6 വിക്കറ്റ് നഷ്ടത്തിൽ 100 റൺസിൽ നിൽക്കുമ്പോഴാണ് സ്പിൻ ബോളിങ് ഓൾറൗണ്ടറായ ഇനാൻ ക്രീസിലെത്തുന്നത്. 74 പന്തിൽ 12 ഫോറും 6 സിക്സും ഉൾപ്പെടെ 105 റൺസ് നേടിയ ഇനാൻ ടീമിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. എ ടീം 269 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ബി ടീം 243 റൺസിന് ഓൾഔട്ടായി. എ ടീമിന് 26 റൺസ് വിജയം.
മത്സരത്തിലെ പ്ലെയർ ഓഫ് ദ് മാച്ചും തൃശൂർ പുന്നയൂർക്കുളം പരൂർ സ്വദേശിയായ മുഹമ്മദ് ഇനാനാണ്. സ്കോർ: ഇന്ത്യ എ– 50 ഓവറിൽ 7ന് 269. ഇന്ത്യ ബി– 47.2 ഓവറിൽ 243 ഓൾഔട്ട് ഇന്ത്യയുടെ എ, ബി ടീമുകൾക്കൊപ്പം അഫ്ഗാനിസ്ഥാൻ ടീമും പങ്കെടുക്കുന്ന അണ്ടർ 19 ടൂർണമെന്റാണ് ബെംഗളൂരുവിൽ നടക്കുന്നത്. ഇന്നലത്തെ ജയത്തോടെ ഇന്ത്യ എ ടീം ടൂർണമെന്റിൽ ഫൈനൽ ഏറക്കുറെ ഉറപ്പിച്ചു. ഞായറാഴ്ചയാണ് ഫൈനൽ.
കഴിഞ്ഞവർഷം ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ സ്പിൻ ബോളിങ് മികവിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ ഇനാൻ പിന്നാലെ ഇന്ത്യൻ ടീമിൽ സ്ഥിരാംഗമായി. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമാണ്.
English Summary:








English (US) ·