Published: October 28, 2025 05:10 PM IST Updated: October 28, 2025 05:20 PM IST
1 minute Read
കൊൽക്കത്ത∙ മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെ വീഴ്ത്തി ബംഗാൾ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 141 റൺസിനാണ് ബംഗാളിന്റെ ജയം. സീസണിൽ ബംഗാളിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ ഇന്നിങ്സിൽ 44 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമി, രണ്ടാം ഇന്നിങ്സിൽ 38 റൺസ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ മത്സരത്തിലാകെ ഷമിയുടെ വിക്കറ്റ് നേട്ടം എട്ടായി. ഉത്തരാഖണ്ഡിനെതിരായ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ ഷമിയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യൻ ടീമിന്റെ ചീഫ് സെലക്ടർ അജിത് അഗാർക്കറുമായുള്ള ഭിന്നതകൾ പുറത്തുവരുന്നതിനിടെയാണ് ഷമിയുടെ മിന്നും പ്രകടനം.
ഗുജറാത്തിനെതിരായ മത്സരത്തിൽ, ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റുമടക്കം ഒൻപതു വിക്കറ്റ് വീഴ്ത്തിയ ഷഹ്ബാസ് അഹമ്മദാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ബംഗാൾ – 279 & 214/8, ഗുജറാത്ത്– 167 & 185 രണ്ടാം ഇന്നിങ്സിൽ, ബംഗാൾ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനു വേണ്ടി ക്യാപ്റ്റൻ ഉർവിൽ പട്ടേൽ (109*) സെഞ്ചറിയുമായി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. ജയ്മീത് പട്ടേൽ (45), ആര്യ ദേശായ് (13) എന്നിവർ മാത്രമാണ് ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്നത്. ആറു പേർ പൂജ്യത്തിനു പുറത്തായി. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ഗുജറാത്ത് ഓപ്പണർ അഭിഷേക് ദേശായിയുടെ (0) വിക്കറ്റ് ഷമി വീഴ്ത്തി. പിന്നീടൊരിക്കലും നിലയുറപ്പിക്കാൻ അവർക്കായില്ല. ആകാശ് ദീപിനാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
മറ്റൊരു മത്സരത്തിൽ, ചണ്ഡിഗഡിനെ മഹാരാഷ്ട്ര 144 റൺസിനു തോൽപ്പിച്ചു. അപരാജിത ഇരട്ട സെഞ്ചറിയുമായി (222) തിളങ്ങിയ പൃഥ്വിയുടെ ബലത്തിൽ രണ്ടാം ഇന്നിങ്സിൽ 3ന് 359 റൺസിൽ മഹാരാഷ്ട്ര ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 464 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചണ്ഡിഗഡ് നാലാംദിനം 319 റൺസിന് ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ, മുകേഷ് ചൗധരി, രാമകൃഷ്ണ ഘോഷ് എന്നിവരാണ് ചണ്ഡിഗഡിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദാണ് കളിയിലെ താരം. സ്കോർ: മഹാരാഷ്ട്ര– 313 & 359/3d, ചണ്ഡിഗഡ്– 209 & 319
മുംബൈ– ഛത്തീസ്ഗഡ് മത്സരവും കർണാടക– ഗോവ മത്സരവും സമനിലയിൽ പിരിഞ്ഞു. ഛത്തീസ്ഗഡിനെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ മുംബൈ താരം അജിൻക്യ രഹാനെ (159) ആണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: മുംബൈ– 416, ഛത്തീസ്ഗഡ്– 217& 3ന് 201(ഫോളോ ഓൺ). ഗോവയ്‌ക്കെതിരെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ കർണാടക താരം കരുൺ നായർ (174*) കളിയിലെ താരമായി. ഗോവയ്‌ക്കായി അർജുൻ തെൻഡുൽക്കർ ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റും 47 റൺസുമെടുത്തു. സ്കോർ: കർണാടക–371, ഗോവ– 217 & 143/1 (ഫോളോ ഓൺ)
English Summary:








English (US) ·