എഡ്ജ്ബാസ്റ്റണിൽ ഒറ്റ ജയമില്ല, എട്ട് ടെസ്റ്റുകളിൽ ഏഴിലും തോറ്റു; ആദ്യജയത്തിനായി ​ഇന്ത്യ

6 months ago 6

ബിർമിങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ബുധനാഴ്ച ആരംഭിക്കുമ്പോൾ ഇന്ത്യൻ ടീമിനെ ചരിത്രനേട്ടം കാത്തിരിപ്പുണ്ട്, അതിന് ടീം വിജയിക്കണമെന്നു മാത്രം. കളി നടക്കുന്ന എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല. ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്.

ഏഴ് തോൽവികൾ

ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986-ൽ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയിൽ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 92 റൺസിനാണ് പുറത്തായത്. 16 ഇന്നിങ്‌സുകളിൽ 300-ന് മുകളിൽ സ്കോർ ചെയ്തത് രണ്ടുതവണ മാത്രം. 390 റൺസാണ് ഇന്ത്യയുടെ ഉയർന്ന സ്കോർ. തിരിച്ചടികൾമാത്രം നേരിട്ട വേദിയിലേക്കാണ് ആദ്യമത്സരത്തിലെ തോൽവിയുടെ പ്രതിസന്ധിയിൽ ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.

പേസാധിപത്യം

പേസ് ബൗളിങ്ങിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചാണ് എഡ്ജ്ബാസ്റ്റണിലേത്. അവസാന പത്ത് ടെസ്റ്റുകളിലെ കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നു. പേസർമാർ 227 വിക്കറ്റാണ് തെറിപ്പിച്ചത്. സ്പിന്നർമാർക്ക് കിട്ടിയത് 53 വിക്കറ്റ് മാത്രം.

സൂപ്പർ പേസർ ജസ്പ്രീത് ബുംറ കളിക്കുമോയെന്ന ആശങ്ക നിലനിൽക്കെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ബുംറയെ മാറ്റിനിർത്തിയാൽ ആദ്യടെസ്റ്റിൽ ഇന്ത്യൻ പേസർമാരുടെ പ്രകടനം നിലവാരത്തിലേക്ക് ഉയർന്നതുമില്ല.

ഇംഗ്ലണ്ട് ഇലവനിൽ മാറ്റമില്ല

ലണ്ടൻ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ആദ്യടെസ്റ്റിൽ ജയിച്ച പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയിട്ടില്ല.

ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡെക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്ത്, ക്രിസ് വോക്സ്, ബ്രെണ്ടൻ കാർസ്, ജോഷ് ടങ്, ഷൊയ്ബ് ബഷീർ.

എഡ്ജ്ബാസ്റ്റൺ ചരിത്രം

മൊത്തം ടെസ്റ്റ് 60

ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത് 19

രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചത് 23

ശരാശരി ഒന്നാമിന്നിങ്‌സ് സ്കോർ 302

ശരാശരി രണ്ടാമിന്നിങ്‌സ് സ്കോർ 315

ശരാശരി മൂന്നാമിന്നിങ്‌സ് സ്കോർ 243

ശരാശരി നാലാമിന്നിങ്‌സ് സ്കോർ 157

ഉയർന്ന സ്‌കോർ 710/7 (ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ)

കുറഞ്ഞ സ്കോർ 30 (ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരേ)

ഇന്ത്യൻ പ്രകടനം

1967

ഇന്ത്യക്ക് 132 റൺസ് തോൽവി

1974

ഇന്ത്യക്ക് ഇന്നിങ്‌സിനും 78 റൺസിനും തോൽവി

1979

ഇന്ത്യക്ക് ഇന്നിങ്‌സിനും 83 റൺസിനും തോൽവി

1986

ഇന്ത്യ-ഇംഗ്ലണ്ട് മത്സരം സമനില

1996

ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി

2011

ഇന്ത്യക്ക് ഇന്നിങ്‌സിനും 242 റൺസിനും തോൽവി

2018

ഇന്ത്യക്ക് 31 റൺസ് തോൽവി

2022

ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോൽവി

Content Highlights: india vs england trial Edgbaston history

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article