ഡെയ്ൽ സ്റ്റെയ്ൻ വിരമിച്ചതോടെ നഷ്ടമായ അഗ്രസീവ് ക്രിക്കറ്റിനെ ദക്ഷിണാഫ്രിക്കൻ ടീം പുനരുജ്ജീവിപ്പിച്ചത് ജെറാൾഡ് കോട്സ്യ എന്ന യുവ പേസറിലൂടെയായിരുന്നു. ആറടിപ്പൊക്കവും ഒത്തശരീരവും തലയിൽ ഒരു കെട്ടുമായി പാഞ്ഞടുക്കുന്ന, പന്തുകൊണ്ടും വാക്കുകൊണ്ടും നോക്കുകൊണ്ടും ബാറ്റർമാരെ വെല്ലുവിളിക്കുന്ന കോട്സ്യ, 17–ാം വയസ്സിൽ 2018 അണ്ടർ 19 ലോകകപ്പിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചത്. 2023ൽ ദക്ഷിണാഫ്രിക്കൻ സീനിയർ ടീമിൽ അരങ്ങേറ്റം. അടുത്ത വർഷം ഐപിഎലിൽ മുംബൈ ഇന്ത്യൻസിലെത്തിയ കോട്സ്യ ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേസ് നിരയിലെ പ്രധാനിയാണ്. ഗുജറാത്തിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്കു മുൻപ്, ഇരുപത്തിനാലുകാരൻ കോട്സ്യയുമായി നടത്തിയ ഓൺലൈൻ അഭിമുഖം.
പ്ലേ ഓഫിൽ ഗുജറാത്തിന്റെ സാധ്യത എങ്ങനെ?
ലീഗ് ഘട്ടത്തിൽ ഉടനീളം സ്ഥിരതയോടെയാണ് ഗുജറാത്ത് ടീം കളിച്ചത്. പ്ലേ ഓഫിലും അതു തുടരും. ടീം സന്തുലിതമാണ്. അതാണു ഞങ്ങളുടെ കരുത്തും. ഓരോ താരത്തിനും അവരുടെ റോൾ എന്താണെന്നു വ്യക്തമായ ധാരണയുണ്ട്. ഓറഞ്ച് ക്യാപ്പും (കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ളത്) പർപ്പിൾ ക്യാപ്പും (കൂടുതൽ വിക്കറ്റ് നേടുന്ന താരത്തിനുള്ളത്) ഒരു ടീം തന്നെ നേടുന്നതു നിസ്സാര കാര്യമല്ല. ഇത്തവണ ഗുജറാത്ത് ചാംപ്യൻമാരാകുമെന്നാണ് എന്റെ വിശ്വാസം.
പേസ് ബോളറായിരുന്ന ആശിഷ് നെഹ്റയാണല്ലോ ഗുജറാത്ത് പരിശീലകൻ. നെഹ്റയിൽനിന്ന് എന്തൊക്കെ പഠിച്ചു?
എതിർ ടീമിലെ ഓരോ ബാറ്ററെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള, അവരെ വീഴ്ത്താൻ കൃത്യമായ പ്ലാനുള്ള പരിശീലകനാണ് നെഹ്റ. പിച്ചിനെക്കുറിച്ച് കൃത്യമായി പഠിക്കും. മത്സരം നടക്കുമ്പോൾ ഓരോ ഓവർ കഴിയുമ്പോഴും അദ്ദേഹം നിർദേശം നൽകിക്കൊണ്ടിരിക്കും.
ശുഭ്മൻ ഗിൽ ഇപ്പോൾ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനാണ്. ഗില്ലിന്റെ ക്യാപ്റ്റൻസിയെ എങ്ങനെ വിലയിരുത്തുന്നു?
ടെസ്റ്റ് ക്യാപ്റ്റൻസി അദ്ദേഹം അർഹിക്കുന്ന അംഗീകാരമാണ്. വളരെ കൂൾ ആയ ക്യാപ്റ്റനാണ് ഗിൽ. ടീമിലെ ഓരോ താരത്തിനും എന്ത് ആവശ്യത്തിനും ഗില്ലിനെ സമീപിക്കാം. ബോളർമാർക്കു ഗിൽ നൽകുന്ന പിന്തുണ വളരെ വലുതാണ്. കൃത്യമായ ഗെയിം പ്ലാനുള്ള, അത് എങ്ങനെ നടത്തിയെടുക്കണമെന്നു ബോധ്യമുള്ള പെർഫക്ട് ക്യാപ്റ്റനാണ് ഗിൽ.
സായ് സുദർശന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടല്ലോ?
ഇത്രയും സ്ഥിരതയോടെ മറ്റൊരു ബാറ്റർ ഐപിഎൽ കളിച്ചിട്ടുണ്ടോ എന്നു സംശയമാണ്. ക്ലാസിക് ഷോട്ടുകൾ കൊണ്ടുമാത്രം ഐപിഎലിൽ അദ്ഭുതങ്ങൾ കാണിക്കാമെന്ന് സായ് തെളിയിച്ചിരിക്കുന്നു.ഈ മികവിനുള്ള അംഗീകാരമായാണ് ടെസ്റ്റ് ടീമിൽ സായിക്ക് അവസരം ലഭിച്ചത്.
ടീമിന്റെ മധ്യനിര ദുർബലമാണല്ലോ?
ടോപ് ഓർഡറിനെ ആശ്രയിച്ചാണ് ഗുജറാത്ത് പ്ലേ ഓഫ് വരെ എത്തിയത്. പക്ഷേ, മിഡിൽ ഓർഡർ ദുർബലമാണെന്ന് അതിനർഥമില്ല. അവസരം ലഭിച്ചപ്പോഴൊക്കെ ഞങ്ങളുടെ മിഡിൽ ഓർഡർ ബാറ്റർമാർ മികവു കാണിച്ചിട്ടുണ്ട്. ഷെർഫെയ്ൻ റുഥർഫോഡും ഷാറുഖ് ഖാനും രാഹുൽ തെവാട്ടിയയുമെല്ലാം മാച്ച് വിന്നർമാരാണ്. ടീമിന് ആവശ്യമുള്ളപ്പോൾ അവർ മികവു കാട്ടും.
English Summary:








English (US) ·