ലണ്ടൻ: ക്ലബ് ഫുട്‌ബോളിലെ കടുപ്പമേറിയ മത്സരങ്ങളുടെ അരങ്ങായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് കിക്കോഫാകാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. മുൻനിര ടീമുകളെല്ലാം ട്രാൻസ്ഫർ വിപണിയിൽ പണമൊഴുക്കി സ്‌ക്വാഡ് ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഇനി കളിമികവിന്റെയും തന്ത്രങ്ങളുടെയും മാറ്റുരയ്ക്കലിന്റെ കാലമാണ്. മുന്നേറ്റനിര ശക്തിപ്പെടുത്താനാണ് വമ്പൻ ക്ലബ്ബുകൾ കൂടുതൽ പണം ചെലവിട്ടത്. ലിവർപൂളും മാഞ്ചെസ്റ്റർ യുണൈറ്റഡും ആഴ്‌സനലും ചെൽസിയുമെല്ലാം ആക്രമണനിരയിലേക്ക് മികച്ചവരെയെത്തിച്ച് കരുത്തുവർധിപ്പിച്ചിട്ടുണ്ട്. പുതിയസീസണിൽ ഏതുടീമിന്റെയാണ് കരുത്തുറ്റ മുന്നേറ്റനിര. കളി തുടങ്ങിയിട്ടില്ലാത്തതിനാൽ കടലാസിലെ കരുത്താണ് അളവുകോൽ. ആക്രമണത്തിലെ ത്രയത്തിന്റെ ശക്തിദൗർബല്യങ്ങളാണ് ഫുട്‌ബോൾലോകവും പൊതുവിൽ ചർച്ചചെയ്യുന്നത്.
ലിവർപൂൾ
മുഹമ്മദ് സല-ഹ്യൂഗോ എകിറ്റിക്കെ-കോഡി ഗാക്‌പോ
പരിചയസമ്പന്നനായ മുഹമ്മദ് സല വലതുവിങ്ങിലും കോഡി ഗാക്‌പോ ഇടതുവിങ്ങിലും കളിക്കും. ടീമിലേക്ക് പുതുതായെത്തിയ ഹ്യൂഗോ എകിറ്റിക്കെയാണ് സെൻട്രൽ സ്‌ട്രൈക്കർ. കമ്യൂണിറ്റി ഷീൽഡിൽ ഗോൾനേടി എകിറ്റിക്കെ വരവറിയിച്ചു. സലയുടെ പരിചയസമ്പത്തും എകിറ്റിക്കെയുടെ ക്ലിനിക്കൽ ഫിനിഷിങ്ങും ടീമിന് ഗുണകരമാകും
മുഹമ്മദ് സല മത്സരം 653 ഗോൾ 322
കോഡി ഗാക്‌പോ മത്സരം 288 ഗോൾ 96
എകിറ്റിക്കെ മത്സരം 137 ഗോൾ 45
ആഴ്‌സനൽ
ഗബ്രിയേൽ മാർട്ടിനെല്ലി-വിക്ടർ ഗ്യോക്കേഴ്‌സ്-ബുക്കയോ സാക്ക
പോർച്ചുഗൽ ലീഗിലെ ഗോൾവേട്ടക്കാരനായ ഗ്യോക്കേഴ്‌സിനെ ആക്രമണനിരയിലേക്ക് ചേർത്ത് ആഴ്‌സനൽ കരുത്തുവർധിപ്പിച്ചു. ബുക്കയോ സാക്കയുടെ വേഗവും മാർട്ടിനെല്ലിയുടെ കൃത്യതയും ടീമിന് പ്രതീക്ഷനൽകുന്നു. സാക്കയും മാർട്ടിനെല്ലിയും വിങ്ങുകളിലും ഗ്യോക്കേഴ്‌സ് സെൻട്രൽ ഫോർവേഡായും കളിക്കും
ഗ്യോക്കേഴ്‌സ് മത്സരം 392 ഗോൾ 174
മാർട്ടിനെല്ലി മത്സരം 224 ഗോൾ 51,
സാക്ക മത്സരം 263, ഗോൾ 70
മാഞ്ചെസ്റ്റർ യുണൈറ്റഡ്
മാത്യൂസ് കുൻഹ-ബെഞ്ചമിൻ സെസ്‌കോ-ബ്രെയാൻ എംബ്യൂമോ
പുതുക്കിപ്പണിത മുന്നേറ്റനിരയുമായിട്ടാണ് യുണൈറ്റഡ് കളിക്കാനിറങ്ങുന്നത്. മൂന്ന് പുതിയതാരങ്ങളെ ആക്രമണനിരയിലേക്ക് കൊണ്ടുവന്നു. വിങ്ങർമാരായ കുൻഹയുടെയും എംബ്യൂമോയുടെയും പ്രീമിയർ ലീഗിലെ പരിചയസമ്പത്ത് ടീമിന് ഗുണംചെയ്യും. സെൻട്രൽ സ്‌ട്രൈക്കർ സെസ്‌കോയുടെ ഫോമാകും നിർണായകമാകുന്നത്.
എംബ്യൂമോ മത്സരം 288 ഗോൾ 82
സെസ്‌കോ മത്സരം 210 ഗോൾ 90
കുൻഹ മത്സരം 270 ഗോൾ 72
മാഞ്ചെസ്റ്റർ സിറ്റി
ഒമർ മർമൗഷ്-എർലിങ് ഹാളണ്ട്-റയാൻ ചെർകി
സൂപ്പർ സ്‌ട്രൈക്കർ ഹാളണ്ടിനൊപ്പം പുതുമുഖങ്ങളായ ഒമർ മർമൗഷിനെയും റയാൻ ചെർക്കിയെയും ചേർത്താണ് മാഞ്ചെസ്റ്റർ സിറ്റി പുതിയ ആക്രമണനിരയുണ്ടാക്കിയത്. ഹാളണ്ട് തകർപ്പൻ ഫോമിലേക്കുയർന്നാൽ ടീമിന് പ്രതീക്ഷയ്ക്ക് വകയുണ്ട്. മർമൗഷും ചെർകിയും കഴിഞ്ഞസീസണിൽ നന്നായി കളിച്ചവരാണ്.
എർലിങ് ഹാളണ്ട് മത്സരം 328 ഗോൾ 259
റയാൻ ചെർകി മത്സരം 189 ഗോൾ 30
മർമൗഷ് മത്സരം 236, ഗോൾ 77
ചെൽസി
കോൾ പാൽമർ-ജാവോ പെഡ്രോ-പെഡ്രോ നെറ്റോ
സമീപകാലത്ത് ചെൽസി ടീമിലെക്കെടുത്ത മികച്ച താരങ്ങളിലൊരാളാണ് കോൾ പാൽമർ. അസാധാരണമായ സ്‌കോറിങ് പാടവമാണ് താരത്തിന്റെ കൈമുതൽ. പാൽമറിനൊപ്പം ജാവോ പെഡ്രോയും പെഡ്രോ നെറ്റോയും ചേരുമ്പോൾ ആക്രമണത്തിന് മാരകരൂപം കൈവരും
പാൽമർ മത്സരം 138 ഗോൾ 42
പെഡ്രോ നെറ്റോ മത്സരം 194 ഗോൾ 24,
ജാവോ പെഡ്രോ മത്സരം 219 ഗോൾ 67
ചരിത്രത്തിലെ ബെസ്റ്റ് ത്രീ
വെയ്ൻ റൂണി-ക്രിസ്റ്റ്യാനോ റൊണാൾഡോ-കാർലോസ് ടെവസ്
മാഞ്ചെസ്റ്റർ യുണൈറ്റഡിനായി 42 മത്സരങ്ങളിലാണ് മൂവരും ഒരുമിച്ചു കളിച്ചത്. 32 കളിയിലും ടീം ജയം നേടി. 93 ഗോളുകളും കണ്ടെത്തി
മുഹമ്മദ് സല- റോബർട്ടോ ഫിർമിനോ-സാദിയോ മാനെ
ലിവർപൂളിനായി സമീപകാലത്ത് കളിച്ച ത്രയം 81 മത്സരങ്ങളിലാണ് ഒരുമിച്ച് ബൂട്ടുകെട്ടിയത്. 61 മത്സരം ജയിച്ചു. 178 ഗോളും നേടി
തിയറി ഹെൻറി- ഡെന്നീസ് ബെർകാംപ്- റോബർട്ട് പിറെസ്
ആഴ്‌സനലിനായി 128 മത്സരങ്ങളിൽ മൂവരും ഒരുമിച്ചുകളിച്ചു. 78 മത്സരം ജയിച്ചു. 272 ഗോൾ നേടി
Content Highlights: nation premier league caller play clubs








English (US) ·