Published: December 03, 2025 07:52 PM IST
1 minute Read
റായ്പുർ∙തുടർച്ചയായ ഏകദിന മത്സരങ്ങളിൽ രണ്ടോ, അതിൽ അധികമോ സെഞ്ചറികൾ നേടുന്ന താരമെന്ന റെക്കോർഡിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. റാഞ്ചിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ റായ്പൂരിലും സെഞ്ചറി നേടിയതോടെ കോലിയുടെ ‘സെഞ്ചറി തുടർച്ചകളുടെ’ എണ്ണം 11 ആയി. റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 120 പന്തിൽ 135 റൺസടിച്ച കോലി, റായ്പുരിൽ 93 പന്തിൽ 102 റണ്‍സാണു സ്വന്തമാക്കിയത്. രണ്ടു സിക്സുകളും ഏഴു ഫോറുകളും താരം ബൗണ്ടറി കടത്തി.
തുടർ സെഞ്ചറികളുടെ കാര്യത്തിൽ രണ്ടാമതുള്ള ദക്ഷിണാഫ്രിക്കൻ മുൻ താരം എബി ഡിവില്ലിയേഴ്സ് ആറു തവണയാണ് രണ്ട് സെഞ്ചറികൾ സ്വന്തമാക്കിയിട്ടുള്ളത്. കരിയറിലുടനീളം ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ പ്രകടനമാണു കോലിയുടേത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 ഏകദിന ഇന്നിങ്സുകൾ കളിച്ച കോലി ഏഴ് സെഞ്ചറികളും എട്ട് അർധ സെഞ്ചറികളും ഉൾപ്പടെ 1741 റൺസാണ് കോലി നേടിയത്. ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കൂടുതൽ സെഞ്ചറികള്‍ നേടിയിട്ടുള്ള താരമാണ് വിരാട്.
ഈ വർഷം 12 ഏകദിനങ്ങൾ കളിച്ച കോലി 586 റൺസാണ് ആകെ അടിച്ചെടുത്തത്. മൂന്ന് സെഞ്ചറികളും മൂന്ന് അർധ സെഞ്ചറികളും താരം നേടിയപ്പോൾ, 135 ആണ് ഉയർന്ന സ്കോർ. രാജ്യാന്തര ക്രിക്കറ്റിൽ 28,000 റൺസെന്ന നേട്ടത്തിലെത്താൻ കോലിക്ക് ഇനി 90 റൺസ് കൂടി മതിയാകും. ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും കുമാർ സംഗക്കാരയും മാത്രമാണ് 28,000 ‘ക്ലബ്ബിലുള്ളത്’. 555 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി ഇതുവരെ 27,910 റൺസാണ് ഇതുവരെ അടിച്ചെടുത്തത്.
രണ്ടാം ഏകദിന മത്സരത്തിൽ 90 പന്തുകളിൽനിന്നാണ് കോലി സെഞ്ചറിയിലെത്തിയത്. ഏകദിന ഫോർമാറ്റിൽ താരത്തിന്റെ 53–ാം സെഞ്ചറിയാണിത്. രാജ്യാന്തര കരിയറിലെ 84–ാം സെഞ്ചറി നേട്ടം. സെഞ്ചറി നേടിയതിനു പിന്നാലെ ലുങ്കി എന്‍ഗിഡിയുടെ പന്തിൽ എയ്ഡൻ മാർക്രം ക്യാച്ചെടുത്താണു കോലിയെ മടക്കിയത്.
English Summary:








English (US) ·