Published: May 17 , 2025 10:22 AM IST
2 minute Read
-
ബാർസ ടീം തിരിച്ചുപിടിച്ചത് കാറ്റലൂണിയൻ നഗരത്തിന്റെ ആകാശത്തുനിന്നു മാറിനിന്ന ആനന്ദമേഘങ്ങളെ കൂടിയാണ്
റയൽ സോസിദാദ് ആരാധകരുടെ ആഹ്ലാദത്തിരമാലകൾക്കു നടുവിൽ ഉലയാത്ത പായ്‌വഞ്ചി പോലെ ഒരു പെൺകുട്ടി– കഴിഞ്ഞ വർഷം ബാർസിലോന ആരാധകരെ ഏറ്റവും നൊമ്പരപ്പെടുത്തിയ ചിത്രമായിരുന്നു ഇത്. തുടർതോൽവികളുടെ ചുഴിയിൽപ്പെട്ട് ടീം മുങ്ങിക്കൊണ്ടിരുന്നപ്പോഴും, ക്ലബ്ബിന്റെ ഉയിർപ്പിനായി പ്രതീക്ഷയോടെ കാത്തിരുന്ന ബാർസ ആരാധകരുടെ പ്രതീകമായി അവൾ. സോഫിയ എന്ന ആ ആരാധികയ്ക്ക് ബാർസ മാനേജ്മെന്റ് സീസണിലെ പിന്നീടുള്ള മത്സരങ്ങൾക്കെല്ലാം ഫ്രീ ടിക്കറ്റ് നൽകി. പിന്നീടുള്ള നേർക്കുനേർ പോരാട്ടത്തിൽ സോസിദാദിനെ 4–0നു തകർത്ത ബാർസ ടീം അവളുടെ ചിരി മായാതെ കാത്തു. ഇന്നലെ ബാർസ ലാലിഗ കിരീടമുറപ്പിച്ച ശേഷം ആരാധകർ ആ വിജയം ഹാഷ്ടാഗിട്ട് അവൾക്കു സമർപ്പിച്ചു– ദിസ് ഈസ് ഫോർ യു സോഫിയ!
ഹാൻസി ഫ്ലിക്കിന്റെ ശിക്ഷണത്തിലിറങ്ങിയ ബാർസ ടീം ഇത്തവണ തിരിച്ചുപിടിച്ചത് ലാലിഗ ട്രോഫി മാത്രമല്ല. കുറച്ചു വർഷങ്ങളായി കാറ്റലൂണിയൻ നഗരത്തിന്റെ ആകാശത്തു നിന്നു മാറിനിന്ന ആനന്ദമേഘങ്ങളെ കൂടിയാണ്. 2021ൽ ഇതിഹാസതാരം ലയണൽ മെസ്സി ടീം വിട്ട ശേഷം ബാർസ വലിയ സ്വപ്നങ്ങളുടെ പടവുകൾ ഇറങ്ങിത്തുടങ്ങിയിരുന്നു. ഇതിനിടയ്ക്ക് ചാവിയുടെ പരിശീലനത്തിൽ 2023ൽ ലാലിഗ നേടിയെങ്കിലും ഒരു വിഷാദഛായ ആ വിജയത്തിനുമുണ്ടായിരുന്നു. ‘നമ്മുടെ ടീം ഇനി ഒരിക്കലും പഴയതു പോലെയാവില്ല അല്ലേ..’ എന്ന് ആരാധകർ പരസ്പരം പറഞ്ഞു തുടങ്ങിയ കാലം. എന്നാൽ ഇത്തവണ ചാംപ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ഇന്റർ മിലാനോടു പൊരുതിത്തോറ്റപ്പോൾ പോലും അതൊരു‘ശോഭനമായ തോൽവി’യായിട്ടാണ് ആരാധകർ സ്വീകരിച്ചത്. കാരണം ഒരു പതിറ്റാണ്ടെങ്കിലും നീളുന്ന നല്ലകാലമാണ് കൗമാരം കടക്കാത്ത ലമീൻ യമാലും പൗ കുബാർസിയുമെല്ലാം ചേർന്ന് ഈ സീസണിൽ ഉറപ്പു നൽകിയിരിക്കുന്നത്.
ബാർസയുടെ ലാ മാസിയ അക്കാദമിയിലെ താരങ്ങളുടെ മാത്രം വിജയമല്ല ഇത്. ക്ലബ്ബിന്റെ യുവനിരയോട് അനായാസം ഇഴുകിച്ചേർന്ന രണ്ടു വെറ്ററൻ പോളണ്ട് താരങ്ങളുടെ കഥ കൂടിയാണ്. ഗോൾകീപ്പർ വോയിചെക്ക് സ്റ്റെൻസ്നേയും സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയും. ഇറ്റാലിയൻ ക്ലബ് യുവന്റസിനോടു വിടപറഞ്ഞ് കഴിഞ്ഞ ഓഗസ്റ്റിൽ കീപ്പിങ് ഗ്ലൗ തന്നെ അഴിച്ചുവച്ച സ്റ്റെൻസ്നേയെ വിരമിക്കൽ തീരുമാനം പിൻവലിപ്പിച്ച് ബാർസ ടീമിലെത്തിക്കുകയായിരുന്നു. പ്രതിരോധനിര മുന്നോട്ടു കയറിയുള്ള സാഹസികമായ ‘ഹൈലൈൻ ഡിഫൻസ്’ ടീമിനായി സ്വീകരിച്ചപ്പോൾ പരിശീലകൻ ഫ്ലിക്ക് വിശ്വാസമർപ്പിച്ചത് സ്റ്റെൻസ്നേയിലാണ്. സീസണിൽ 40 ഗോളുകളുമായി മുപ്പത്തിയാറാം വയസിലും സ്കോറിങ് തുടർന്ന ലെവൻഡോവ്സ്കി ബാർസയ്ക്കു നൽകിയത് ഗോൾ ഗാരന്റി മാത്രമല്ല. ആറടി ഉയരമുള്ള പോളണ്ട് താരത്തിന്റെ ‘ഫിസിക്കൽ പ്രസൻസ്’ എതിർ ടീം ഡിഫൻഡർമാരുടെ സമ്മർദത്തിൽനിന്നു ബാർസയുടെ വിങ്ങർമാരായ യമാലിനെയും റഫീഞ്ഞയെയും കാത്തു.
വലിയൊരു പരാജയത്തിന്റെ പശ്ചാത്തലം കൂടിയുണ്ട് ബാർസയുടെ ഈ വിജയഗാഥയ്ക്കു പിന്നിൽ. 2020 ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയൺ മ്യൂണിക്കിൽ നിന്നേറ്റ 8–2 തോൽവിയാണത്. മ്യൂണിക്കിലെ ആ ദുരന്തം ബാർസയ്ക്കു നൽകിയത് പിൽക്കാല പരിശീലകനെ കൂടിയാണ്. അന്ന് ജർമൻ ക്ലബ്ബിന്റെ വിജയത്തിനു ചുക്കാൻ പിടിച്ച കോച്ച് ഹാൻസി ഫ്ലിക്ക്. പിന്നീട് ജർമൻ ദേശീയ ടീമിനൊപ്പം വിജയങ്ങൾ ആവർത്തിക്കാനാവാതെ ഫ്ലിക്ക് പുറത്താക്കപ്പെട്ടപ്പോൾ ബാർസ അദ്ദേഹത്തെ ഒപ്പംകൂട്ടി. സ്പാനിഷ് പാസിങ് ശൈലി രക്തത്തിലുള്ള ബാർസയുടെ സിരയിലേക്കു ജർമനിയുടെ വെർട്ടിക്കൽ ഫുട്ബോൾ കൂടി കുത്തിവയ്ക്കുകയാണ് ഫ്ലിക്ക് ചെയ്തത്. അതോടെ ബാർസ എതിരാളികൾക്കു ‘പിടിച്ചാൽ കിട്ടാത്ത’ ടീമായി മാറി. ആ കുതിപ്പാണ് ഇപ്പോൾ ലാലിഗ ട്രോഫിയിൽ എത്തി നിൽക്കുന്നത്. ഇനി മുന്നിലുള്ളത് നേട്ടങ്ങളുടെ വലിയൊരു ‘വൻകര’യാണ്!
English Summary:









English (US) ·