Published: May 21 , 2025 03:29 PM IST
1 minute Read
മാഞ്ചസ്റ്റർ∙ എഎഫ്‍സി ബേൺമൗത്തിനെതിരായ മത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തോട് വിടപറഞ്ഞ് ബൽജിയം താരം കെവിൻ ഡിബ്രൂയ്നെ. സിറ്റിയുടെ ഹോം ഗ്രൗണ്ടിലെ താരത്തിന്റെ അവസാന മത്സരത്തിൽ ബേൺമൗത്തിനെതിരെ 3–1നാണ് ടീമിന്റെ വിജയം. ഇരു ടീമുകളും 10 പേരായി ചുരുങ്ങിയ മത്സരത്തിൽ ഒമർ മർമോഷ് (14–ാം മിനിറ്റ്), ബെർണാഡോ സിൽവ (38), നിക്കോ ഗോൺസാലസ് (89) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. ബേൺമൗത്തിന്റെ ആശ്വാസഗോൾ ഇൻജറി ടൈമിൽ ഡാൻ ജെബിസൻ നേടി. സിറ്റി നിരയിൽ മാത്തിയോ കൊവാസിച്ചും ബേൺമൗത്തിന്റെ ലൂയിസ് കുക്കും ചുവപ്പുകാർഡ് കണ്ട് പുറത്തായി.
അതേസമയം, പരുക്കേറ്റ് പുറത്തായിരുന്ന മിഡ്ഫീൽഡർ റോഡ്രി മാസങ്ങൾക്കു ശേഷം കളത്തിലിറങ്ങുന്നതിനും ഈ മത്സരം സാക്ഷ്യം വഹിച്ചു. സെപ്റ്റംബർ മുതൽ പരുക്കുമൂലം പുറത്തിരിക്കുന്ന റോഡ്രി, പകരക്കാരനായാണ് ഈ മത്സരത്തിൽ കളത്തിലെത്തിയത്. മറ്റൊരു മത്സരത്തിൽ വോൾവർഹാംപ്ടനെ ക്രിസ്റ്റൽ പാലസ് 4–2ന് തോൽപ്പിച്ചു. സീസണിൽ ഇനി എല്ലാ ടീമുകൾക്കും ഓരോ മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഞായറാഴ്ച ഫുൾഹാമിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തോടെ ഡിബ്രൂയ്‌നെ സിറ്റിയോട് വിടപറയും.
വിജയത്തോടെ 37 കളികളിൽനിന്ന് 68 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്തേക്കു കയറി. സീസണിൽ ഒരേയൊരു മത്സരം ശേഷിക്കെ ചാംപ്യൻസ് ലീഗ് യോഗ്യതയ്ക്ക് അരികെയാണ് സിറ്റി. ലിവർപൂൾ 83 പോയിന്റോടെ ചാംപ്യൻമാരായപ്പോൾ ആർസനൽ 71 പോയിന്റുമായി രണ്ടാമതുണ്ട്. ന്യൂകാസിൽ യുണൈറ്റഡ് (66 പോയിന്റ്), ചെൽസി (66) എന്നിവരാണ് നിലവിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ. ആസ്റ്റൺ വില്ലയ്ക്കും 66 പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ ആറാം സ്ഥാനത്താണ്. സീസണിൽ ഏറിയ പങ്കും ആദ്യ നാലിലുണ്ടായിരുന്ന നോട്ടിങ്ങം ഫോറസ്റ്റ് 65 പോയിന്റുമായി ഏഴാം സ്ഥാനത്തായി.
ലീഗിലെ പ്രമുഖ ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ് 39 പോയിന്റുമായി 16–ാം സ്ഥാനത്തും ടോട്ടനം ഹോട്‍സ്പർ 38 പോയിന്റുമായി 17–ാം സ്ഥാനത്തുമാണ്. ഇവർക്കു തൊട്ടുപിന്നിൽ 25 പോയിന്റുമായി 18–ാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റി, 22 പോയിന്റുമായി 19–ാം സ്ഥാനത്തുള്ള ഇപ്സ്‌വിച്ച് ടൗൺ, 12 പോയിന്റുമായി 20–ാം സ്ഥാനത്തായ സതാംപ്ടൺ എന്നിവർ തരംതാഴ്ത്തപ്പെട്ടു.
English Summary:








English (US) ·