03 August 2025, 12:58 PM IST

സജി നന്ത്യാട്ട് | ഫോട്ടോ: www.facebook.com/Sajinanthiyattu
തിരുവനന്തപുരം: സിനിമയിൽ മാത്രം സെൻസറിങ് വേണമെന്ന് ശഠിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് നിർമാതാവും കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറിയുമായ സജി നന്ത്യാട്ട്. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവിൽ ഉയർന്ന മലയാളസിനിമയ്ക്ക് സെൻസർഷിപ്പ് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയാണ് സമൂഹത്തിലെ എല്ലാ പ്രശ്നത്തിനും അടിസ്ഥാന കാരണമെന്ന വാദത്തോട് തനിക്ക് മറുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സെൻസറിങ് എന്നത് സിനിമ തുടങ്ങിയ കാലം മുതലുണ്ടെന്ന് സജി നന്ത്യാട്ട് പറഞ്ഞു. സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കാതിരിക്കുക എന്നതാണ് സെൻസറിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിലേക്ക് കൂടുതൽ കൈകടത്തുമ്പോൾ നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് പരിധിയുണ്ടാക്കും. അതിലേക്ക് ഒരുപാട് കാര്യങ്ങൾ നിർദേശിക്കപ്പെട്ടാൽ സിനിമ എന്ന മാധ്യമം സൃഷ്ടിക്കപ്പെടാത്ത അവസ്ഥവരും. ബാലൻ മുതൽ ആയിരക്കണക്കിന് സിനിമകൾ നമ്മുടെ ഈ കൊച്ചു മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ആ സിനിമകളിലെല്ലാം നന്മ മാത്രമാണ് വിജയിക്കുന്നുള്ളൂ. തിന്മയുണ്ടെങ്കിൽ നന്മയുണ്ട്. നെഗറ്റീവുണ്ടെങ്കിലേ പോസിറ്റീവ് ഉള്ളൂ. സൂര്യനുണ്ടെങ്കിൽ ചന്ദ്രനുണ്ട്. എല്ലാ പ്രവൃത്തിക്കും പ്രതിപ്രവർത്തനമുണ്ട്. നെഗറ്റീവായ വിഷയങ്ങൾ ഒരിക്കലും സിനിമയിൽ വിജയിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമയ്ക്കും സിനിമാ പ്രവർത്തകർക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട്. കാരണം സമൂഹത്തിൽ നിന്നാണ് സിനിമ വിജയിപ്പിക്കാനുള്ള പ്രേക്ഷകരുണ്ടാവുന്നത്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് സിനിമ മുന്നോട്ടുകൊണ്ടുപോവണം. നല്ല സിനിമയ്ക്ക് പ്രേക്ഷകർ കുറയുന്നു എന്നത് സാമൂഹ്യമായ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ കൊറോണയ്ക്ക് ശേഷം വന്ന മാറ്റമാണ്. സെൻസർ ചെയ്യുന്നതിന് പല തരം കാറ്റഗറികളുണ്ട്. ഇഷ്ടമുള്ളവർക്ക് അത് കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സെൻസറിങ് ഇല്ലല്ലോ. സീരിയലുകൾക്കും ഇല്ല. സിനിമയിൽ മാത്രം സെൻസറിങ് വേണമെന്ന് ശഠിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നും സജി നന്ത്യാട്ട് ചോദിച്ചു.
ഏഴ് ശതമാനം പ്രേക്ഷകരാണ് തീയേറ്ററിലേക്ക് വരുന്നത്. അതിൽക്കൂടുതൽ വരുന്നത് എമ്പുരാൻ പോലുള്ള ചിത്രങ്ങൾ വരുമ്പോഴാണ്. എത്ര മ്ലേഛമായ രീതിയിലാണ് ഒടിടിയിൽ ഓരോന്ന് കാണിക്കുന്നത്. സിനിമയാണ് സമൂഹത്തിലെ എല്ലാ പ്രശ്നത്തിനും അടിസ്ഥാനകാരണമെന്ന വാദത്തോട് എനിക്ക് മറുവാദമുണ്ട്. സെൻസർ ബോർഡ് എന്നത് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. കേരളത്തിൽനിന്ന് വേണമെങ്കിൽ ശുപാർശകൾ കൊടുക്കാമെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു.
Content Highlights: Film Censorship Debate: Producer Questions Selective Scrutiny of Cinema
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·