ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ വെറ്ററൻ പേസ് ബോളർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്താതിരുന്നപ്പോൾ ആരാധകരുടെ മനസ്സിലുയർന്ന ഒരു ചോദ്യമുണ്ട്: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷയായി ഉയർന്നു വന്ന മറ്റു പേസർമാർ ഇപ്പോൾ എവിടെയാണ്? ഉമ്രാൻ മാലിക്, മായങ്ക് യാദവ്, ശിവം മാവി, കംലേഷ് നാഗർകോട്ടി എന്നീ ഇന്ത്യൻ പേസർമാരെക്കുറിച്ച് ഇപ്പോൾ വാർത്തകളില്ല. ആരാധകരെ ‘മോഹിപ്പിച്ച’ ശേഷം ഇവർ എവിടെപ്പോയി?
ഉമ്രാൻ മാലിക്ഇന്ത്യൻ ക്രിക്കറ്റർ എറിഞ്ഞ ഏറ്റവും വേഗമേറിയ പന്തിന്റെ ഉടമയാണ് ജമ്മു എക്സ്പ്രസ് എന്നറിയപ്പെടുന്ന ഉമ്രാൻ മാലിക്. സൺറൈസേഴ്സ് ഹൈദരാബാദിലൂടെ 2021ൽ ഉദയം ചെയ്ത് ഇന്ത്യൻ ട്വന്റി20, ഏകദിന ടീമുകളിൽ അരങ്ങേറ്റം കുറിച്ച് ഏറെ വൈകാതെ അസ്തമിച്ചുപോയ താരം. ഉമ്രാന്റെ അതിവേഗ പന്തുകൾകണ്ട് അന്തംവിട്ടു നിൽക്കുന്ന ബാറ്റർമാരുടെ നിസ്സഹായാവസ്ഥ, ഇന്ത്യൻ ആരാധകർക്ക് കൗതുകമായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിലാണ് 156 കിലോമീറ്റർ വേഗത്തിൽ ഉമ്രാൻ എറിഞ്ഞത്.
157 കിലോമീറ്റർ വേഗവുമായി ഐപിഎൽ റെക്കോർഡും നേടി. 2021ൽ കോവിഡ് റീപ്ലേസ്മെന്റായി ഹൈദരാബാദ് സൺറൈസേഴ്സിലേക്കു വന്ന ഉമ്രാൻ വെറും 3 മത്സരങ്ങൾകൊണ്ടു തന്നെ തുടർച്ചയായി 150 കിലോമീറ്ററിനു മുകളിൽ എറിഞ്ഞ് ശ്രദ്ധനേടി. 2022 ഐപിഎലിൽ 22 വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ ടീമിലേക്കുള്ള എൻട്രിയായി. വേഗം കൊണ്ട് വിറപ്പിക്കുമ്പോഴും നിയന്ത്രണത്തിൽ പലപ്പോഴും പിഴച്ചത് ഉമ്രാനെ റൺ വാരിക്കോരി കൊടുക്കുന്ന ബോളറാക്കി മാറ്റി. കൂടാതെ പരുക്കും പതിവായി.
10 ഏകദിനങ്ങളിൽനിന്ന് 13 വിക്കറ്റും 8 ട്വന്റി20 മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുമാണ് ഇന്ത്യയ്ക്കായി നേടിയത്. 2023, 2024 സീസണുകളിൽ ഉമ്രാൻ മാലിക്കിന് ഐപിഎലിൽ കാര്യമായി അവസരം ലഭിച്ചില്ല. 2025ൽ കൊൽക്കത്ത ടീമിലെത്തിയെങ്കിലും പരുക്ക് കാരണം സീസൺ മുഴുവൻ നഷ്ടമായി. ഇന്ത്യയുടെ ഭാവിപദ്ധതികളുടെ ഭാഗമായിരുന്ന ഉമ്രാൻ പതിയെ സീനിൽനിന്നു തന്നെ അപ്രത്യക്ഷനായി. വലിയ ഇടവേളയ്ക്കുശേഷം ഈയിടെ ബുച്ചി ബാബു ടൂർണമെന്റിൽ കശ്മീരിനായി ഉമ്രാൻ കളത്തിലിറങ്ങിയിരുന്നു. രഞ്ജി ടീമിലും തിരിച്ചെത്തി. മാച്ച് ഫിറ്റായതിനാൽ ഇരുപത്തിയാറുകാരൻ ഉമ്രാൻ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കാം.
മായങ്ക് യാദവ്ഐപിഎലിൽ കൊടുങ്കാറ്റുപോലൊരു വരവായിരുന്നു മായങ്ക് യാദവിന്റേത്. പേരുകേട്ട വിദേശ ബാറ്റർമാർപോലും വേഗത്തിനു മുന്നിൽ പകച്ചു നിന്ന 2024 സീസൺ. 4 മത്സരത്തിൽനിന്ന് 7 വിക്കറ്റാണ് നേടിയതെങ്കിലും മിക്കതും വിജയത്തിൽ നിർണായകമായി. 11 കോടി നൽകി ലക്നൗ സൂപ്പർ ജയന്റ്സ് ഐപിഎൽ ടീമിൽ നിലനിർത്തിയെങ്കിലും പരുക്കു കാരണം 2 മത്സരങ്ങളിൽനിന്ന് രണ്ട് വിക്കറ്റെടുക്കാനേ കഴിഞ്ഞുള്ളൂ. ഐപിഎൽ അരങ്ങേറ്റത്തിനുശേഷം ടീം ഇന്ത്യയും മായങ്കിൽ പ്രതീക്ഷയർപ്പിച്ചിരുന്നു. 3 ട്വന്റി20 മത്സരങ്ങളിൽനിന്ന് 4 വിക്കറ്റാണ് നേട്ടം. ഐപിഎലിൽ 156.7 ആണ് ഉയർന്ന വേഗം. എന്നാൽ പരുക്ക് കാരണം ഇപ്പോൾ ഡൽഹി രഞ്ജി ടീമിൽപോലും ഈ ഇരുപത്തിമൂന്നുകാരന് ഇടമില്ല.
ഇരട്ട നക്ഷത്രങ്ങൾശുഭ്മൻ ഗിൽ, പൃഥ്വി ഷാ, അഭിഷേക് ശർമ, റിയാൻ പരാഗ് എന്നിവരുടെ താരോദയം കണ്ട 2018 അണ്ടർ 19 ലോകകപ്പിൽ ആരാധകരുടെ കണ്ണഞ്ചിപ്പിച്ചത് രണ്ട് പേസർമാരുടെ വേഗമായിരുന്നു. ശിവം മാവിയും കംലേഷ് നാഗർകോട്ടിയും ന്യൂസീലൻഡിലെ പിച്ചുകളിൽ വിക്കറ്റുകൾ വീഴ്ത്തുന്നത് കാഴ്ചക്കാരുടെ മനസ്സിൽ ആവേശം നിറച്ചു. ഇന്ത്യൻ പേസ്‍ ബോളിങ്ങിന്റെ ഭാവി ശോഭനമെന്നു അവർ പതിയെ പറഞ്ഞു.
ഇരുവരെയും 2018 ഐപിഎലിൽ കൊൽക്കത്തയാണ് ടീമിലെത്തിച്ചത്. 2022 വരെ കൊൽക്കത്തയിൽ. 140ന് മുകളിൽ തുടർച്ചയായി എറിയുന്ന ശിവം മാവി ഐപിഎലിൽ വന്നും പോയുമിരുന്നു. 2023ൽ ഗുജറാത്ത് ടൈറ്റൻസിൽ എത്തിയെങ്കിലും ഒറ്റ മത്സരവും കളിച്ചില്ല. 2024ൽ എൽഎസ്ജി ടീമിലെത്തിച്ചു. വീണ്ടും പരുക്ക്. മുഴുവൻ മത്സരങ്ങളും നഷ്ടമായി. 2025ൽ അൺസോൾഡ്. 32 ഐപിഎൽ മത്സരങ്ങളിൽനിന്ന് 30 വിക്കറ്റാണ് നേട്ടം. ഇന്ത്യയ്ക്കായി 6 മത്സരങ്ങളിൽനിന്ന് 7 വിക്കറ്റ് നേടി. യുപി രഞ്ജി ടീമിൽ സ്ഥാനം കണ്ടെത്തിയ ഇരുപത്തിയാറുകാരൻ തിരിച്ചുവരവിന്റെ പാതയിലാണ്.
2018 അണ്ടർ 19 ലോകകപ്പിൽ 149 കിലോമീറ്റർ വേഗത്തിൽ എറിഞ്ഞ നാഗർകോട്ടിയുടെ കരിയർ, പന്തിന്റെ വേഗം പോലെ അപ്രത്യക്ഷമാവുകയായിരുന്നു. 2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 3.2 കോടി രൂപ മുടക്കിയാണ് നാഗർകോട്ടിയെ സ്വന്തമാക്കിയത്. എന്നാൽ, പരുക്കു കാരണം ഒറ്റ മത്സരത്തിൽപോലും ആ സീസണിലും തൊട്ടടുത്ത സീസണിലും കളിക്കാനായില്ല.
2020ൽ ആണ് അരങ്ങേറ്റം. 2022 മുതൽ 2024 വരെ ഡൽഹി ടീമിനൊപ്പമുണ്ടായിരുന്നു, കളിച്ചത് ഒറ്റ മത്സരം മാത്രം. ആകെ ഐപിഎലിൽ 11 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റാണ് നേട്ടം. ഇക്കഴിഞ്ഞ സീസണിൽ ബേസ് പ്രൈസിന് ചെന്നൈ നാഗർകോട്ടിയെ ടീമിലെത്തിച്ചു. ബെഞ്ചിലായിരുന്നു സ്ഥാനമെങ്കിലും നേരിയ പ്രതീക്ഷയ്ക്കു വകയുണ്ട്.
English Summary:








English (US) ·