.jpg?%24p=28e32ad&f=16x10&w=852&q=0.8)
കെ.എസ്. ചിത്ര | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി
മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് 62-ാം പിറന്നാള്‍. പ്രിയഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖരെത്തി. ഗായിക സുജാതാ മോഹന്‍, സിത്താര കൃഷ്ണകുമാര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ എന്നിവര്‍ ചിത്രയ്ക്ക് ആശംസ നേര്‍ന്നു.
പ്രിയപ്പെട്ട 'ചിന്നക്കുയില്‍', സുഹൃത്ത് കെ.എസ്. ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് സുജാത ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചിത്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു സുജാതയുടെ ആശംസ.
'ഒരേയൊരു ചിത്രച്ചേച്ചിയുടെ ജന്മദിനം. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കിയ ശബ്ദം, സംഗീതത്തേക്കാളേറെ സുന്ദരമായ ഹൃദയവും. എല്ലാവരും ആരാധിക്കുന്ന ആ വലിയ കലാകാരിയെന്ന നിലയില്‍ മാത്രമല്ല, സ്‌നേഹവും വാത്സല്യവും നിറഞ്ഞ, സൗമ്യയായ ഒരു കാവല്‍ മാലാഖയെപ്പോലെ കരുതലുള്ള അവരെ നേരിട്ടറിയാന്‍ സാധിച്ചത് ജീവിതത്തിലെ ഒരു പുണ്യമായി ഞാന്‍ കരുതുന്നു. ജന്മദിനാശംസകള്‍, ചേച്ചീ...'- എന്നായിരുന്നു സിത്താര സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്. ചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്, 'പ്രിയപ്പെട്ട ചിത്രച്ചേച്ചിക്ക് പിറന്നാള്‍ ആശംസകള്‍'- എന്ന് രാജീവ് ആലുങ്കല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
1963 ജൂലായ് 27-നാണ് കെ.എസ്. ചിത്രയുടെ ജനനം. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നീ ഭാഷകളിലായി 30,000-ത്തോളം പാട്ടുകള്‍ കെ.എസ്. ചിത്ര പാടിയിട്ടുണ്ട്.
പിതാവ് കൃഷ്ണന്‍നായരായിരുന്നു കെ.എസ് ചിത്രയുടെ ആദ്യഗുരു. ഡോ.കെ.ഓമനക്കുട്ടി ടീച്ചറാണ് കര്‍ണാടക സംഗീതത്തില്‍ ശിക്ഷണം നല്‍കിയത്. പിന്നീട് എം.ജി രാധാകൃഷ്ണനിലൂടെ ലളിതഗാനരംഗത്തേക്കെത്തിയ ചിത്ര പതിയെ ചലച്ചിത്ര ഗാനലോകത്തേക്കും ചുവടുവെച്ചു. 1979 ലാണ് ചിത്ര ആദ്യമായി ഒരു ചലച്ചിത്രത്തിന് വേണ്ടി പിന്നണി പാടുന്നത്. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി കാവാലം നാരായണ പണിക്കരും എം.ജി. രാധാകൃഷ്ണനും ചേര്‍ന്നൊരുക്കിയ മുത്തശ്ശിക്കഥയിലേ...1982 മുതലാണ് ചിത്ര മലയാളസിനിമയില്‍ സജീവമാകുന്നത്. 1983-ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ 'ആളൊരുങ്ങി അരങ്ങൊരുങ്ങി' എന്ന ഗാനമാണ് കെ.എസ് ചിത്രയുടെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റ്.
എസ്. ജാനകിയും പി.സുശീലയും, വാണി ജയറാമും പാടിപ്പതിഞ്ഞ മലയാള ചലച്ചിത്ര ഗാനലോകത്തിലേക്കാണ് പതിനെട്ട് പോലും തികയാത്തൊരു പെണ്‍കുട്ടി കാലെടുത്ത് വെയ്ക്കുന്നത്. പക്ഷേ, അധികം വൈകാതെ ആ ശബ്ദം മലയാളത്തിന് പ്രിയപ്പെട്ടതായി. മറ്റ് ഭാഷകളിലും തിരക്കുള്ള ഗായികയായി മാറാന്‍ ചിത്രയ്ക്ക് അധികകാലം വേണ്ടി വന്നില്ല. എ.ആര്‍ റഹ്‌മാനും ഇളയരാജയ്ക്കും വിദ്യാസാഗറിനും ജോണ്‍സണ്‍ മാഷിനും എന്നുവേണ്ട, തൊണ്ണൂറുകളിലെ സംഗീത സംവിധായകര്‍ക്കെല്ലാം ചിത്ര അവിഭാജ്യ ഘടകമായി. മലയാളത്തിന് വാനമ്പാടിയും തമിഴിന് ചിന്നക്കുയിലുമായപ്പോള്‍ ഗന്ധര്‍വഗായിക, കന്നഡകോകില, പ്രിയബസന്തി,മെലഡി ക്വീന്‍ എന്നീ പേരുകളിലും ചിത്ര സംഗീതലോകത്ത് നിറഞ്ഞൊഴുകി. മുപ്പതിലധികം സംസ്ഥാന പുരസ്‌കാരങ്ങള്‍, ആറ് ദേശീയ പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങളും ബഹുമതികളും എണ്ണിയാല്‍ തീരാത്തത്ര. ദേശീയ പുരസ്‌കാരം ആറുതവണ ലഭിച്ച മറ്റൊരു ഗായികയും രാജ്യത്തില്ല. 2005-ല്‍ പത്മശ്രീയും 2021-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.
Content Highlights: Celebrated playback vocalist KS Chithra turns 62
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·