'എനിക്കെതിരായ സോഷ്യൽ മീഡിയാ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കൂ, ശരിയായ സമയത്ത് ഞാൻ പ്രതികരിക്കും'

6 months ago 6

04 July 2025, 02:58 PM IST

balachandra-menon

ബാലചന്ദ്രമേനോൻ | ചിത്രം: ജി. ശിവപ്രസാദ് / മാതൃഭൂമി

ഴിഞ്ഞദിവസമാണ് നടി മിനു മുനീറിനെ കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ബാലചന്ദ്രമേനോന്റെ പരാതിയിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്തശേഷം മിനു മുനീറിനെ പോലീസ് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്രമേനോന്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബാലചന്ദ്രമേനോന്റെ പ്രതികരണം. നിശബ്ദതയാണ് ചില സമയങ്ങളില്‍ ഏറ്റവും ഉചിതമെന്നും എന്നാല്‍ ശരിയായ സമയത്ത് താന്‍ പ്രതികരിക്കുമെന്നുമാണ് അദ്ദേഹം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തുന്ന എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

'എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, എനിക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ തുടരുന്ന മോശം പ്രചാരണത്തെ കുറിച്ച് എനിക്ക് നന്നായി അറിയാം. എനിക്ക് അനുകൂലമായ റഫറല്‍ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ബഹുമാനപ്പെട്ട കോടതിയില്‍ സമര്‍പ്പിച്ചുവെന്നതാണ് വസ്തുതയെങ്കിലും എന്നെ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. ഈ പ്രവൃത്തിയുടെ 'പ്രൊമോട്ടര്‍മാരോട്' ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.' -ബാലചന്ദ്രമേനോന്‍ പറഞ്ഞു.

'എന്തുകൊണ്ടാണ് ഞാന്‍ പ്രതികരിക്കാത്തതെന്ന് ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നു. ശരിയായ സമയമാകുമ്പോള്‍ ഞാനത് ചെയ്യും. അതുവരെ, നിശബ്ദതയാണ് ഏറ്റവും ഉചിതമെന്ന് ഞാന്‍ വിശ്വസിക്കുന്നു.' -ബാലചന്ദ്രമേനോന്‍ പറഞ്ഞുനിര്‍ത്തി. നൂറുകണക്കിന് പേരാണ് ബാലചന്ദ്രമേനോന്റെ പോസ്റ്റ് ലൈക്ക് ചെയ്യുകയും അദ്ദേഹത്തിന് പിന്തുണയറിയിച്ച് പോസ്റ്റിന്റെ താഴെ കമന്റ് ചെയ്യുകയും ചെയ്തത്.

Content Highlights: Balachandra Menon against societal media campaogn against him

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article