എനിക്കെതിരേ ​ഗൂഢാലോചന, സാന്ദ്ര എന്ന വ്യക്തിയെ പിന്തുണയ്ക്കില്ല, പക്ഷേ ആള് പാവമാണ്- സജി നന്ത്യാട്ട്

5 months ago 6

Saji Nanthyattu

സജി നന്ത്യാട്ട് | ഫോട്ടോ: മാതൃഭൂമി

കോട്ടയം: കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചതിലേക്ക് നയിച്ച സംഭവങ്ങള്‍ തുറന്നുപറഞ്ഞ് നിര്‍മാതാവ് സജി നന്ത്യാട്ട്. 27-ന് നടക്കാനിരിക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ താന്‍ ചേംബര്‍ പ്രസിഡന്റാവാതിരിക്കാന്‍ ഒരു ലോബി ഗൂഢാലോചന നടത്തുന്നുവെന്ന് സജി നന്ത്യാട്ട് ആരോപിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറച്ചുലോബികള്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കോട്ടയത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'കഴിഞ്ഞ പത്തുദിവസത്തിനകം വലിയ നാടകം അരങ്ങേറി. സജി നന്ത്യാട്ട് ചേംബര്‍ പ്രസിഡന്റ് ആവരുത് എന്ന ഒറ്റ ഉദ്ദേശത്തോടെ ഒരു ലോബി ഗൂഢാലോചന നടത്തുന്നു. ഇവര്‍ നാലഞ്ചുപേരുണ്ട്. എങ്ങനെയെങ്കിലും കാരണം കണ്ടെത്തി എന്ന പ്രസിഡന്റായി മത്സരിപ്പിക്കരുത്. അംഗങ്ങള്‍ എല്ലാവരും ഹാപ്പിയാണ്. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും തീയേറ്ററുകാര്‍ക്കും ഫിലിം ചേംബര്‍ എന്ന സംഘടനയെക്കുറിച്ച് പരാതിയില്ല. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറി. ഇവിടുത്തെ ഒരു ലോബിക്ക് അത് ഇഷ്ടമല്ല', സജി നന്ത്യാട്ട് ആരോപിച്ചു.

'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വരണാധികാരി തന്നെയാണ് ചേംബറിന്റേയും വരണാധികാരിയായി നിയമിക്കപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോള്‍ അടിയന്തരയോഗം വിളിച്ചു. പ്രൊപ്രൈറ്റര്‍ എന്നെ എഴുതേണ്ടിടത്ത് പാര്‍ട്ണര്‍ഷിപ്പ് എന്നെഴുതി എന്ന് ചൂണ്ടിക്കാണിച്ചാണ് അപേക്ഷ തള്ളിയത്. ഞാന്‍ നേതൃത്വം നല്‍കുന്ന സംഘടനയില്‍ എനിക്കെതിരേ വലിയ ഗൂഢാലോചന നടത്തി. ഭൂരിപക്ഷം ഒറ്റപ്പെട്ട പ്രൊഡ്യൂസര്‍മാരും വിതരണക്കാരും നമ്മളോടൊപ്പമാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഏക ആശ്രയം നമ്മളൊക്കെയാണ്. ഓഫീസ് കെട്ടിട പുനര്‍നിര്‍മാണത്തിലെ അഴിമതി ഞാന്‍ കണ്ടുപിടിച്ചു. അഴിമതി പലപ്രാവശ്യം ചോദ്യംചെയ്തു. ലോബികള്‍ക്കിടയിലേക്ക് കടന്നുവന്ന് പ്രവര്‍ത്തിച്ചതും സത്യസന്ധമായി പെരുമാറുന്നതും ആര്‍ക്കും ഇഷ്ടമല്ല'- അദ്ദേഹം പറഞ്ഞു.

'നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറച്ചുലോബികള്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നു. സത്യത്തിനും നീതിക്കുമൊന്നും ഇവിടെ വിലയില്ല. പക്ഷേ, സത്യമേ ജയിക്കുകയുള്ളൂ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍, സാന്ദ്രയേ പിന്തുണയ്ക്കുന്നതുകൊണ്ടാണോ രണ്ടുസീറ്റില്‍ മത്സരിക്കുന്നത് എന്ന് ചോദിച്ചു. സാന്ദ്ര എന്ന വ്യക്തിയെ ഒരിക്കലും പിന്തുണയ്ക്കില്ല, പക്ഷേ സാന്ദ്ര പറഞ്ഞ ചില ആശയങ്ങളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പിന്തുണയ്‌ക്കേണ്ടിവരും. സാന്ദ്ര പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഞാന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മാറും. വലിയ ലോബിയുടെ ബലമില്ലാത്ത ആളാണ് ഞാന്‍. എന്റെ ബലം സാധാരണക്കാരായ ഒറ്റപ്പെട്ട നിര്‍മാതാക്കളാണ്. ഞാന്‍ മത്സരിക്കരുത്, വലിയ വോട്ടിന് വിജയിക്കും എന്ന് കണ്ടപ്പോള്‍ വ്യാജമായ ആരോപണങ്ങളുമായി വന്ന് മാനസികമായി തകര്‍ക്കാനുള്ള ശ്രമമാണ്', സജി നന്ത്യാട്ട് ആരോപിച്ചു.

'ബൈലോയുമായി ബന്ധപ്പെട്ട് സാന്ദ്രയുടെ ഭാഗത്ത് ശരിയുണ്ടെന്ന് ഞാന്‍ പറഞ്ഞു. സാന്ദ്ര പറഞ്ഞ എല്ലാ കാര്യങ്ങളേയും ഒരിക്കലും ഞാന്‍ അംഗീകരിക്കാന്‍ തയ്യാറല്ല. ഏതെങ്കിലും കാര്യത്തില്‍ തെറ്റുകളുണ്ടെങ്കില്‍ അത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടും. മമ്മൂക്കയ്‌ക്കെതിരായിട്ടുള്ള പ്രസ്താവന വന്നു. ഈ അവസരത്തില്‍ അത് വേണ്ടായിരുന്നു എന്ന് ഞാന്‍ സാന്ദ്രയെ വിളിച്ചുപറഞ്ഞു. ഒരുപാട് കാര്യങ്ങളിലേക്ക് ഇനി പോകരുത് എന്ന് ഞാന്‍ സാന്ദ്രയോട് പറഞ്ഞു. സാന്ദ്ര ആദ്യമായി വരുന്നതുകൊണ്ട് അനുഭവങ്ങള്‍ കുറവാണ്. നന്നായി സംസാരിക്കും. സാന്ദ്ര ആള് പാവമാണ്. ഇവിടെ ഒരു ലോബി ഭയങ്കരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുറേ ആളുകള്‍ ഇത് പിടിച്ചടക്കി വച്ചിരിക്കുന്നു, അത് മാറണം', സജി ആവശ്യപ്പെട്ടു.

Content Highlights: Saji Nandiyattu, resigning arsenic Kerala Film Chamber`s General Secretary, accuses a lobby of conspiracy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article