11 June 2025, 09:58 PM IST

ഡി.കെ.ശിവകുമാർ | ഫോട്ടോ: PTI
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമും നിലവിലെ ചാമ്പ്യന്മാരുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങള്‍ തള്ളി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തനിക്കെന്തിനാണ് ആര്‍സിബിയെന്ന് ചോദിച്ച അദ്ദേഹം, ടീമിനെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചു. താന്‍ 'റോയല്‍ ചലഞ്ചേഴ്‌സ്' പോലും കുടിക്കാറില്ലെന്നും തമാശരൂപേണ അദ്ദേഹം പ്രതികരിച്ചു.
ആര്‍സിബിയെ വാങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നതിനു പിന്നാലെ, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തനിക്ക് ഭ്രാന്തില്ല. ചെറുപ്പംതൊട്ട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ്, അത്രയേയുള്ളൂ. മാനേജ്‌മെന്റിന്റെ ഭാഗമാകാന്‍ ഓഫറുകളുണ്ടായിരുന്നെങ്കിലും അതിനുള്ള സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. 'എനിക്കെന്തിനാണ് ആര്‍സിബി? ഞാന്‍ റോയല്‍ ചലഞ്ച് പോലും കുടിക്കാറില്ല' എന്നും തുടര്‍ന്ന് അദ്ദേഹം പ്രതികരിച്ചു.
ബ്രിട്ടീഷ് ഡിസ്റ്റിലറും ആര്‍സിബിയുടെ നിലവിലെ ഉടമയുമായ ഡിയാജിയോ പിഎല്‍സി, അതിന്റെ ഇന്ത്യന്‍ യൂണിറ്റ് ഭാഗികമായോ മുഴുവനായോ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കമ്പനിയധികൃതര്‍ ഇതുസംബന്ധിച്ച് ഉപദേശകരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രാഞ്ചൈസിയുടെ മൂല്യം രണ്ട് ബില്യണ്‍ ഡോളര്‍വരെ ഉയര്‍ന്നതായി വിലയിരുത്തപ്പെടുന്നു. ഈവര്‍ഷം ഐപിഎല്‍ ചാമ്പ്യന്മാരായതും ബെംഗളൂരുവില്‍ ആർസിബിയുടെ വിജയപരേഡില്‍ ലക്ഷങ്ങള്‍ പങ്കെടുത്തതും തിക്കിലും തിരക്കിലും പെട്ട് 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമെല്ലാം ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
Content Highlights: Karnataka Deputy CM DK DK Shivakumar Denies RCB Acquisition Rumors








English (US) ·