
ദീപിക കക്കറും ഷൊയ്ബും | ഫോട്ടോ: Instagram
ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദീപിക കക്കർ. കഴിഞ്ഞ മാസമാണ് ദീപികയ്ക്ക് കരളിൽ ട്യൂമർ കണ്ടെത്തിയതായി ഭർത്താവ് ഷൊയ്ബ് ഇബ്രാഹിം അറിയിക്കുന്നത്. ദീപികയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും ഷൊയ്ബ് ആരാധകരുമായി പങ്കുവച്ചിരുന്നു. ഷൊയ്ബിന്റെ പിറന്നാളിനോടനുബന്ധിച്ച് ദീപിക പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പ് ശ്രദ്ധനേടുകയാണ്.
നിലവിലെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രയാസമേറിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ തനിക്ക് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ ഷൊയ്ബിന് നന്ദി പറയുകയാണ് ദീപിക. എല്ലാ ദിവസവും സ്നേഹം കൊണ്ട് തന്റെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന മനുഷ്യനെ ആഘോഷിക്കുന്നു എന്നാണ് ദീപിക കുറിച്ചത്. ഷൊയ്ബിനൊപ്പം ആശുപത്രി വരാന്തയിലൂടെ നടക്കുന്ന ചിത്രമുൾപ്പെടെ അവർ പങ്കുവെച്ചിട്ടുണ്ട്.
"നല്ല സമയങ്ങളിലും മോശം സമയങ്ങളിലും നിങ്ങൾ എന്നോടൊപ്പം നടന്നു. എന്റെ കൈകൾ മുറുകെ പിടിച്ചുകൊണ്ട്... നിങ്ങളുടെ കണ്ണുകൾ നിങ്ങൾ ഇവിടെയുണ്ട് എന്ന് എന്നോട് പറഞ്ഞുകൊണ്ട്... നിങ്ങളുടെ സ്പർശം എനിക്ക് ആവശ്യമായ എല്ലാ ശക്തിയും നൽകി...". ദീപിക കുറിച്ചു. ഷൊയ്ബ് ഒരു ചെറിയ കുഞ്ഞിന് നൽകേണ്ടതുപോലെയുള്ള പരിചരണമാണ് തനിക്ക് നൽകുന്നത്. താൻ സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ രണ്ടുപേരും ഒരുപാട് കാര്യങ്ങൾ നേരിട്ടു. ആശുപത്രി ഇടനാഴിയിൽ കരഞ്ഞത്.. എൻ്റെ സ്കാനിന് വേണ്ടി ഒരുപാട് ഭയന്നത്…. ശസ്ത്രക്രിയയുടെ ദിവസം… ഐസിയുവിലെ ദിവസങ്ങൾ…. നീ രാത്രികളിൽ ഉറങ്ങിയിട്ടില്ല. ഇപ്പോഴും വീട്ടിലെത്തിയപ്പോൾ ഞാൻ ഒരു വശം തിരിയുമ്പോൾ പോലും നിങ്ങൾ എഴുന്നേൽക്കുന്നു….ഞാൻ സുഖമായിരിക്കുന്നു എന്ന് ഉറപ്പാക്കാൻ. സ്നേഹിക്കുക മാത്രമല്ല, വാത്സല്യം കൊണ്ട് തന്നെ പുതപ്പിക്കുകയും ചെയ്യുന്ന മനുഷ്യന് ഹൃദ്യമായ ജന്മദിനാശംസകൾ നേരുന്നു എന്നുപറഞ്ഞുകൊണ്ടാണ് ദീപിക പോസ്റ്റ് അവസാനിപ്പിക്കുന്നത്.
താൻ സ്റ്റേജ് 2 കരൾ കാൻസറിനെതിരെ പോരാടുകയാണെന്നായിരുന്നു കഴിഞ്ഞ മാസം ദീപിക വെളിപ്പെടുത്തിയത്. കടുത്ത വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഡോക്ടർമാർ കരളിൽ "ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുള്ള" ഒരു ട്യൂമർ കണ്ടെത്തിയതെന്നും പിന്നീട് അത് അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്നുമാണ് ദീപിക അറിയിച്ചത്. പിന്നീട് 14 മണിക്കൂറിലേറെനീണ്ടനിന്ന ശസ്ത്രക്രിയയ്ക്കും ദീപിക വിധേയായിരുന്നു. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ് താരം.
Content Highlights: Dipika Kakar`s heartfelt Instagram station celebrates Shoaib Ibrahim`s birthday
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·