21 July 2025, 09:58 AM IST

ചന്ദ്ര ബരോട്ടിനൊപ്പം, അമിതാഭ് ബച്ചൻ | ഫോട്ടോ: X, AFP
തന്നെ ബോളിവുഡിൽ സൂപ്പർതാരമാക്കിയ ഡോൺ എന്ന ചിത്രത്തിന്റെ സംവിധായകൻ അന്തരിച്ച ചന്ദ്ര ബരോട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ വിയോഗം വാക്കുകൾക്ക് അതീതമാണെന്ന് ബച്ചൻ ബ്ലോഗിൽ കുറിച്ചു. കഴിഞ്ഞദിവസമാണ് പൾമണറി ഫൈബ്രോസിസിനെതിരായ ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ മുംബൈയിൽ വച്ച് ചന്ദ്ര ബരോട്ട് അന്തരിച്ചത്.
“എൻ്റെ പ്രിയപ്പെട്ട സുഹൃത്തും ഡോണിന്റെ സംവിധായകനുമായ ചന്ദ്ര ബരോട്ട് അന്തരിച്ചു. ഈ നഷ്ടം വാക്കുകൾക്ക് അതീതമാണ്... ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്, പക്ഷേ അതിലുപരി അദ്ദേഹം ഒരു കുടുംബ സുഹൃത്തായിരുന്നു. എനിക്ക് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ.” അമിതാഭ് ബച്ചന്റെ വാക്കുകൾ ഇങ്ങനെ.

മനോജ് കുമാറിന്റെ സഹായിയായിട്ടാണ് ബറോട്ടിന്റെ സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും, സീനത്ത് അമനൊപ്പം അമിതാഭ് ബച്ചൻ ഇരട്ടവേഷത്തിൽ അഭിനയിച്ച 'ഡോൺ' എന്ന ചിത്രമാണ് ബോളിവുഡ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർത്തത്. കെട്ടുറപ്പുള്ള കഥപറച്ചിൽ, അവിസ്മരണീയമായ സംഭാഷണങ്ങൾ, ഹിറ്റ് ഗാനങ്ങൾ എന്നിവ ഡോണിനെ ക്ലാസിക് പദവിയിലേക്ക് ഉയർത്തി. നിരവധി റീമേക്കുകൾക്ക് പ്രചോദനമാകുകയും ചെയ്തു ഈ ചിത്രം.
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും, 'ഡോൺ' എന്ന ഒരൊറ്റ ചിത്രത്തിലൂടെ ബറോട്ട് നൽകിയ സംഭാവന ഇന്നും പ്രസക്തമായി തുടരുന്നു. ഡോ. മനീഷ് ഷെട്ടിയുടെ മേൽനോട്ടത്തിൽ ഗുരു നാനാക്ക് ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ദീപ ബറോട്ടാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
Content Highlights: Amitabh Bachchan Mourns the Passing of 'Don' Director Chandra Barot
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·