'എനിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി'; തളരാതെ സിറാജ്, ഹൃദയം കൊണ്ടെറിഞ്ഞ 1113 പന്തുകൾ

5 months ago 8

കെന്നിങ്ടൺ: തിങ്ങിനിറഞ്ഞ ഓവൽ സ്റ്റേഡിയത്തിൽ അവസാനദിനം കളിക്കാനിറങ്ങുമ്പോൾ മുഹമ്മദ് സിറാജിന്റെ മുഖത്ത് തളംകെട്ടി നിന്നത് ആശങ്കയായിരുന്നില്ല, മറിച്ച് ആത്മവിശ്വാസമായിരുന്നു. വിജയിക്കണമെന്ന അടങ്ങാത്ത ആ​ഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു എറിഞ്ഞ ഓരോ പന്തുകളും. കൈവിട്ട ക്യാച്ചിന് കുറ്റപ്പെടുത്തിയവർക്കും വില്ലനായി മുദ്രകുത്താൻ വെമ്പൽകൊണ്ടവർക്കുമുള്ള മറുപടിയായിരുന്നു പിന്നീട് ഓവലിൽ കണ്ടത്.അവിടെ ഇം​ഗ്ലണ്ടിന്റെ വാലറ്റത്തിന് പിടിച്ചുനിൽക്കാനായില്ല. ഓവലിൽ മാത്രമല്ല പരമ്പരയിലുടനീളം സിറാജ് കാഴ്ചവെച്ചത് സമാനതകളില്ലാത്ത പോരാട്ടമാണ്.

പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഒരേയൊരു പേസറാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുന കൂടിയാണ് അദ്ദേഹം. വര്‍ക്ക് ലോഡിനെ പറ്റിയുള്ള ചര്‍ച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിര്‍ണായകസംഭാവനകള്‍ നല്‍കുന്ന താരം. ഓവലിലെ ജയത്തിന് ശേഷം താരം നടത്തിയ പ്രതികരണം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ശരീരം നന്നായിരിക്കുന്നു... ആറാമത്തെ ഓവറായാലും ഒമ്പതാമത്തെ ഓവറായാലും എന്നെ ബാധിക്കുന്നില്ല. ഞാൻ എനിക്കുവേണ്ടിയല്ല, എന്റെ രാജ്യത്തിനുവേണ്ടിയാണ് പന്തെറിയുന്നത് - മത്സരശേഷമുള്ള സിറാജിന്റെ വാക്കുകളിൽ ടീമിനോടുള്ള പ്രതിബദ്ധത വ്യക്തമാണ്.

പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുകളുമായി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരവും സിറാജ് തന്നെ. രണ്ട് തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ബുംറയുണ്ടെങ്കില്‍ നിഴല്‍രൂപമാണ് സിറാജ്. എന്നാല്‍ ബുംറയില്ലെങ്കില്‍ അയാള്‍ മറ്റൊരു തലത്തിലേക്ക് ഉയരുന്നത് കാണാം. ബുംറ കളിക്കാതിരുന്ന ബര്‍മിങ്ങാമിലെ ആദ്യ ഇന്നിങ്സിലെ ആറുവിക്കറ്റ് നേട്ടവും ഓവലില്‍ വീഴ്ത്തിയ ഒമ്പത് വിക്കറ്റുകളും അതിനു തെളിവാണ്.

അത് മാത്രമല്ല, നാലാം ദിനത്തിൽ വന്ന പിഴവിനുള്ള പ്രായശ്ചിത്തം കൂടിയാണ് അവസാനദിനം കണ്ടത്. നാലാം ദിനം ബെന്‍ ഡക്കറ്റിനെയും ഒലി പോപ്പിനെയും പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയ സമയത്താണ് ഹാരി ബ്രൂക്കിനെയും പുറത്താക്കാനുള്ള അവസരം ലഭിച്ചത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു ബ്രൂക്ക്. എന്നാല്‍ ടോപ്പ് എഡ്ജ് ആയ പന്ത് ലോങ് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന്റെ നേര്‍ക്ക്. ബൗണ്ടറി റോപ്പിന് തൊട്ടരികില്‍വെച്ച് പന്ത് പിടിച്ച സിറാജിന് പക്ഷേ ശരീരത്തെ നിയന്ത്രിക്കാനായില്ല. റോപ്പിന്റെ സ്ഥാനം കൃത്യമായി അറിയാതെ ക്യാച്ചെടുത്ത ശേഷം സിറാജ് അബദ്ധത്തില്‍ റോപ്പില്‍ ചവിട്ടുകയായിരുന്നു.

ഈ സമയം പ്രസിദ്ധ് വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് കാണിച്ച അബദ്ധത്തില്‍ എല്ലാവരും ഞെട്ടി. ഈ സമയം വ്യക്തിഗത സ്‌കോര്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് സെഞ്ചുറി നേടിയാണ് പുറത്തായത്. 98 പന്തില്‍ നിന്ന് രണ്ടു സിക്സും 14 ഫോറുമടക്കം 111 റണ്‍സെടുത്ത ബ്രൂക്ക് ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. നാലാം വിക്കറ്റില്‍ ജോ റൂട്ടിനെ കൂട്ടുപിടിച്ച് 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ബ്രൂക്ക് പടുത്തുയര്‍ത്തി.

ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ശേഷം നിരാശയോടെ നില്‍ക്കുന്ന സിറാജിന്റെ ചിത്രം ഇന്ത്യന്‍ ആരാധകരുടെ മനസില്‍ നിന്ന് മായില്ല. എന്നാല്‍ അഞ്ചാം ദിനം സിറാജ് ഇറങ്ങിയത് ഉറച്ച മനസോടെയായിരുന്നു. 35 റണ്‍സ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റ് വീഴ്‌ത്തേണ്ടിയിരുന്ന ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ സിറാജിലായിരുന്നു. ബുംറയില്ലെങ്കില്‍ തീക്കാറ്റാകുന്ന അതേ സിറാജില്‍. 78-ാം ഓവറില്‍ ജാമി സ്മിത്തിനെ ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച് സിറാജ് തുടങ്ങി. ഒരറ്റത്ത് പ്രസിദ്ധ് കൃഷ്ണ റണ്ണൊഴുക്ക് തടയാന്‍ കഷ്ടപ്പെടുമ്പോള്‍ മറുവശത്ത് സിറാജ് തകര്‍ത്ത് പന്തെറിയുകയായിരുന്നു. 80-ാം ഓവറില്‍ ജാമി ഓവര്‍ട്ടണിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് മത്സരത്തെ വീണ്ടും ആവേശകരമാക്കി. എന്നാല്‍ തോളിന് പരിക്കറ്റിട്ടും ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ക്രീസിലിറങ്ങിയ ക്രിസ് വോക്‌സിനെ ഒരറ്റത്ത് സംരക്ഷിച്ച് റണ്‍സടിച്ച ഗസ് ആറ്റ്കിന്‍സണ്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായിരുന്നു. ഒടുവില്‍ 86-ാം ഓവറിലെ ആദ്യ പന്തില്‍ ആറ്റ്കിന്‍സന്റെ കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

Content Highlights: india vs england trial bid siraj bowling performance

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article