03 June 2025, 12:36 PM IST

കമൽ ഹാസൻ | Photo - Mathrubhumi archives
ബെംഗളൂരു: കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്ന് കമല്‍ഹാസനോട് ചോദിച്ച കോടതി, നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ചിത്രമായ 'തഗ് ലൈഫി'ന്റെ പ്രദര്‍ശനം കര്‍ണാടകയില്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമല്‍ഹാസന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
'നിങ്ങളൊരു സാധാരണക്കാരനല്ല,പൊതുവിടത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറല്ലെങ്കില്‍ എന്തിനാണ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് അതില്‍ ഖേദമില്ല. നിങ്ങള്‍ കമല്‍ഹാസനോ മറ്റാരെങ്കിലുമോ ആയിരിക്കാം, എന്നുകരുതി ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ അവകാശമില്ല. രാജ്യത്തിന്റെ വിഭജനം ഭാഷയുടെ അടിസ്ഥാനത്തിലാണ്. പൊതുസ്വീകാര്യനായ ഒരാള്‍ക്ക് അങ്ങനെയൊരു പ്രസ്താവന നടത്താന്‍ കഴിയില്ല. കര്‍ണാടകയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടത് ഖേദപ്രകടനം മാത്രമാണ്', കോടതി അഭിപ്രായപ്പെട്ടു.
കേസ് കോടതി വീണ്ടും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പരിഗണിക്കും. അതേസമയം, കര്‍ണാടകയില്‍ 'തഗ് ലൈഫ്' കാണാന്‍ ആഗ്രഹിക്കുന്നവരുടെ അവകാശങ്ങളെ നിഷേധിക്കരുതെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ധ്യാന്‍ ചിന്നപ്പ ചൂണ്ടിക്കാട്ടി. ഇതിന് അവര്‍ ചിത്രം കാണണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു കേസ് പരിഗണിച്ച ബെഞ്ചിന്റെ മറുപടി. തങ്ങളുടെ ഹര്‍ജി അതിനുവേണ്ടിയാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.
ഭാഷാവിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ പ്രദർശനംവിലക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവും നായകനുമായ കമല്‍ഹാസന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. കമലിന്റെ സിനിമാക്കമ്പനിയായ രാജ് കമല്‍ ഫിലിംസാണ് ഹര്‍ജി നല്‍കിയത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും കന്നഡ അനുകൂലസംഘടനയായ കര്‍ണാടക രക്ഷണ വേദികെയും.
Content Highlights: Karnataka High Court criticizes Kamal Haasan`s connection connected Kannada`s origin
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·