Published: November 14, 2025 06:32 PM IST Updated: November 14, 2025 08:53 PM IST
1 minute Read
ദോഹ ∙ വൈഭവ് സൂര്യവംശി വന്നു, അടിച്ചു, പോയി. ഫോർമാറ്റ് ഏതായാലും എതിരാളികളെ ബാറ്റുകൊണ്ട് ‘കടന്നാക്രമിക്കുന്ന’ വൈഭവിന്റെ ശീലത്തിന് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിലും മാറ്റമില്ല. യുഎഇക്കെതിരെ മത്സരത്തിൽ ഇന്ത്യ എ ഓപ്പണറായി ഇറങ്ങിയ വൈഭവ് വെറും 32 പന്തിലാണ് സെഞ്ചറി നേടിയത്. ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയാണ് വൈഭവ് കുറിച്ചത്. 42 പന്തിൽ 144 റൺസെടുത്താണ് താരം പുറത്തായത്.
15 സിക്സറുകളും 11 ഫോറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ അസാമാന്യ ഇന്നിങ്സ്. നേരിട്ട, മൂന്നാം പന്തിൽ തന്നെ ഫോറടിച്ച തുടങ്ങിയ വൈഭവ്, പിന്നീട് നൂലുപോയ പട്ടം പോലെ ഒരു പോക്കായിരുന്നു. യുഎഇ ബോളർമാർക്കും ഫീൽഡർമാർക്കും വെറുതെ നോക്കിനിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ.
പവര്‍പ്ലേയിലെ അവസാന ഓവറില്‍, 17 പന്തിലാണ് വൈഭവ് അര്‍ധസെഞ്ചറിയിലെത്തിയത്. ഫിഫ്റ്റി അടിച്ചതിന് പിന്നാലെ വൈഭവ് നല്‍കിയ ക്യാച്ച് കൈവിട്ടത് യുഎഇക്ക് തിരിച്ചടിയായി.
പവര്‍പ്ലേയ്ക്കു പിന്നാലെ മുഹമ്മദ് ഫര്‍സുദ്ദീനെ മൂന്നു സിക്സും രണ്ടു ഫോറും പറത്തിയ വൈഭവ്, ഏഴാം ഓവറിൽ ഇന്ത്യയെ 100 കടത്തി. പത്താം ഓവറിൽ, നേരിട്ട 32–ാം പന്തിലാണ് വൈഭവ് മൂന്നക്കം കടന്നത്. 2018ൽ ഹിമാചൽ പ്രദേശിനെതിരെ 32 പന്തിൽ സെഞ്ചറി നേടിയ ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി വൈഭവ്. 28 പന്തുകളിൽനിന്ന് സെഞ്ചറി നേടിയ ഉർവിൽ പട്ടേലും അഭിഷേക് ശർമയുമാണ് ട്വന്റി20യിൽ വേഗതയേറിയ സെഞ്ചറി നേടിയ ഇന്ത്യക്കാർ.
ഈ വർഷമാദ്യം, ഐപിഎലിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം വൈഭവ് സ്വന്തമാക്കിയിരുന്നു. സെഞ്ചറിക്കു ശേഷവും ‘അടി’ തുടർന്ന വൈഭവ്, 13–ാം ഓവറിലാണ് പുറത്തായത്. അപ്പോഴേയ്ക്കും ഇന്ത്യയുടെ സ്കോർ 195 റൺസിലെത്തിയിരുന്നു.
English Summary:








English (US) ·