30 July 2025, 05:11 PM IST

കജോൾ, പൃഥ്വിരാജ് | സ്ക്രീൻഗ്രാബ്
പൃഥ്വിരാജും കജോളും മുഖ്യവേഷത്തിലഭിനയിക്കുന്ന സർസമീൻ എന്ന ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടരുകയാണ്. ചിത്രത്തിന്റെ പ്രചാരണപരിപാടികളിലാണ് താരങ്ങൾ. സർസമീന്റെ പ്രചാരണത്തിന്റെ ഭാഗമായി ജിയോ ഹോട്ട്സ്റ്റാറിന് പൃഥ്വിരാജും കജോളും നൽകിയ അഭിമുഖത്തിലെ രസകരമായ നിമിഷങ്ങൾ ശ്രദ്ധേയമാവുകയാണ്. ഇതിൽ മോഹൻലാലിനെ അനുകരിക്കാൻ കജോളിനെ പൃഥ്വിരാജ് പഠിപ്പിക്കുന്ന ഭാഗത്തിനാണ് ഏറെ ആരാധകർ. മോഹൻലാലിന്റെ ഏറെ പ്രശസ്തമായ ഒരു ഡയലോഗും കജോൾ പറയുന്നുണ്ട്.
നിങ്ങളുടെ മാതൃഭാഷയിലെ ഒരു വാക്ക് പഠിപ്പിക്കാൻ പറഞ്ഞാൽ ഏതായിരിക്കും പറയുക എന്ന് അഭിമുഖത്തിൽ ഒരിടത്ത് കജോൾ പൃഥ്വിരാജിനോട് ചോദിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയായാണ് നരസിംഹം എന്ന ചിത്രത്തിലെ ‘എന്താ മോനേ ദിനേശാ’ എന്ന സംഭാഷണം അദ്ദേഹം കജോളിനെ പഠിപ്പിക്കുന്നത്. ഈ വാചകം പറയാൻ ചില നിബന്ധനകളുണ്ട്. നിങ്ങൾ ആദ്യം വലതുതോൾ ചെരിച്ചുവെയ്ക്കണമെന്നും ഇടതുതോൾ ഉയർത്തണമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഇത് നടൻ മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞ അതിപ്രശസ്തമായ ഡയലോഗാണ്. കജോൾ ഇത് പറഞ്ഞതിലൂടെ താനുൾപ്പെടുന്ന മോഹൻലാൽ ആരാധകരുടെ പ്രീതി അവർ പിടിച്ചുപറ്റിയതായും പൃഥ്വിരാജ് പറഞ്ഞു. എന്തൊക്കെയുണ്ട് വിശേഷം എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. വളരെ പ്രതീകാത്മകമാണ് ഈ സംഭാഷണമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
കശ്മീരിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് 'സര്‍സമീന്‍'. നടൻ ബോമാന്‍ ഇറാനിയുടെ മകന്‍ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനാണ് മറ്റൊരു പ്രധാനവേഷത്തിൽ. കരണ്‍ ജോഹറിന്റെ നിര്‍മാണക്കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഹീരു യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അദാര്‍ പൂനാവാല, അപൂര്‍വ മെഹ്ത, സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവരാണ് നിര്‍മാതാക്കള്‍. സൗമില്‍ ശുക്ല, അരുണ്‍ സിങ് എന്നിവര്‍ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Content Highlights: Prithviraj teaches Kajol Mohanlal`s iconic dialog `Entha Mone Dinesha`





English (US) ·