‘എന്താ സർ, ഒരു ഭീഷണിയുടെ സ്വരം? രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്‌ക്കാൻ നോക്കരുത്’: വെല്ലുവിളിച്ച് സഞ്ജു– വിഡിയോ

3 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 05, 2025 07:20 AM IST Updated: October 05, 2025 09:16 AM IST

1 minute Read

സൂപ്പർ ലീഗ് കേരളയുടെ പ്രമോ വിഡിയോയിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ
സൂപ്പർ ലീഗ് കേരളയുടെ പ്രമോ വിഡിയോയിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വിഡിയോയും. മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും തിരുവനന്തപുരം കൊമ്പൻസിന്റെ രക്ഷാധികാരികളിലൊരാളായ ശശി തരൂർ എംപിയുമാണ് വിഡിയോയിലുള്ളത്. ഇരുവരും തമ്മിലുള്ള നർമസംഭാഷണം ആരാധകർ ഏറ്റെടുത്തു. ആദ്യമായാണ് സഞ്ജു, എസ്എൽകെയുടെ പ്രമോ വിഡിയോയിൽ വരുന്നത്.

ശശി തരൂരിനോട് ഫോണിലൂടെ, ‘സർ ബാറ്റിങ്ങിൽ എന്തെങ്കിലും ടിപ്സ് തരാൻ വിളിക്കുകയാണോ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ‘അല്ല സഞ്ജു, ക്രിക്കറ്റിനെക്കുറിച്ചല്ല, ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നത്’’ എന്നാണ് ഇതിന് ശശി തരൂരിന്റെ മറുപടി. സൂപ്പർ ലീഗ് കേരള കിരീടം ഇത്തവണ തിരുവനന്തപുരം കൊമ്പൻസ് നേടുമെന്നും തരൂർ പറയുന്നു. ഇതിനു മറുപടിയായി, ‘മലപ്പുറമുള്ളടത്തോളം കാലം തിരുവനന്തപുരത്തിന് ജയം എളുപ്പമാകില്ല’ എന്ന് ഹിന്ദിയിലാണ് സഞ്ജുവിന്റെ പ്രതികരണം. നമുക്ക് കാണാം എന്ന് ഹിന്ദിയിൽ തന്നെ തരൂരിന്റെ മറുപടിയും.

‘എന്താ സർ, ഒരു ഭീഷണിയുടെ സ്വരം’ എന്ന് വീണ്ടും സഞ്ജു ചോദിക്കുമ്പോൾ സ്വതസിദ്ധമായ ശൈലിയിൽ കടുകട്ടി ഇംഗ്ലിഷിലാണ് തരൂരിന്റെ മറുപടി. ഇതിൽ പതറാത്ത സഞ്ജു, ‘രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്‌ക്കാൻ നോക്കരുത്, സർ’ എന്ന് ഹിന്ദിയിൽ മറുപടി നൽകുന്നതോടെ വിഡിയോ അവസാനിക്കുന്നു. ‘തുടരും’ എന്ന് അവസാനം എഴുതി കാണിക്കുന്നതിനാൽ അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

നേരത്തെ, കോഴിക്കോട് ടീമിന്റെ ബ്രാൻഡ് അംബാസിഡറായ നടൻ ബേസിൽ ജോസഫും കൊച്ചി ടീമിന്റെ ഉടമകളിലൊരാളായ നടൻ പൃഥ്വിരാജും ശശി തരൂരുമായി സംസാരിക്കുന്ന പ്രമോ വിഡിയോകളും പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച, മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക്‌ എഫ്‌സിയെ മലപ്പുറം എഫ്‌സി, മറുപടിയില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചിരുന്നു. മത്സരം കാണാൻ സഞ്ജു എത്തുകയും ചെയ്തിരുന്നു.

സ്വന്തം ടീമിന്റെ മത്സരം കാണാൻ സഞ്ജു നേരിട്ടെത്തുന്നത് ഇതാദ്യമാണ്. ഭാര്യ ചാരുലതയ്ക്കൊപ്പമാണ് അദ്ദേഹം മത്സരം കാണാനെത്തിയത്. മത്സരം തുടങ്ങും മുൻപ് മലപ്പുറം എഫ്സിയുടെ ജഴ്സിയിൽ സൂപ്പർതാരം മൈതാനത്തിറങ്ങിയപ്പോൾ ഗാലറിയിൽനിന്ന് സഞ്ജു, സഞ്ജു ആർപ്പുവിളികളുയർന്നു. ഹാഫ് ടൈമിലും വീണ്ടും മൈതാനത്തിറങ്ങി കാണികളെ അഭിവാദ്യം ചെയ്തു.
 

English Summary:

Super League Kerala is gaining attraction done its caller promo video featuring Sanju Samson and Shashi Tharoor. The video showcases a humorous enactment betwixt the 2 personalities promoting the Kerala shot league.

Read Entire Article