Published: September 15, 2025 09:05 PM IST Updated: September 15, 2025 09:17 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ആരാധകർ. മത്സരശേഷം ഉടലെടുത്ത ഹസ്തദാന വിവാദത്തിൽ പ്രതിഷേധവുമായി പാക്കിസ്ഥാൻ രംഗത്തുണ്ടെങ്കിലും അതൊന്നും ഇന്ത്യൻ ആരാധാകരെ ബാധിക്കുന്നേയില്ല. എന്നാൽ പാക്കിസ്ഥാനെതിരായ ജയത്തിന്റെ ആഘോഷത്തിൽ പങ്കുകൊള്ളുമ്പോഴും മലയാളി ആരാധകർ അൽപം നിരാശയിലാണ്. അതു മറ്റൊന്നുമല്ല, മലയാളി താരം സഞ്ജു സാംസന്റെ കാര്യത്തിലാണ്.
യുഎഇക്കെതിരായ ആദ്യ മത്സരത്തിലും പാക്കിസ്ഥാനെതിരായ മത്സരത്തിലും സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചെങ്കിലും രണ്ടു മത്സരത്തിലും താരത്തിനു ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. യുഎഇക്കെതിരെ വെറും 58 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഒൻപതു വിക്കറ്റിന്റെ അനായാസ വിജയമാണ് സ്വന്തമാക്കിയത്. ഓപ്പണർ സ്ഥാനം ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയ ശുഭ്മാൻ ഗില്ലിനു കൈമാറിയതിനാൽ അന്നു സഞ്ജുവിനു ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. സഞ്ജുവിനെ ഓപ്പണർ സ്ഥാനത്തുനിന്നു മാറ്റിയതിനെ ഒരുവിഭാഗം വിമർശിച്ചെങ്കിലും ആ തീരുമാനം ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതിനാൽ കാര്യമായ പരാതികൾ ഉയർന്നില്ല.
ടീം ലിസ്റ്റ് പ്രകാരം ബാറ്റിങ്ങിൽ അഞ്ചാമതാണ് സഞ്ജുവിന്റെ സ്ഥാനം. പാക്കിസ്ഥാനെതിരായ മത്സരത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ, ഇന്ത്യൻ ഇന്നിങ്സിന്റെ 13–ാം ഓവറിൽ തിലക് വർമ പുറത്തായപ്പോൾ ക്രീസിലെത്തിയത് സഞ്ജുവിനു പകരം ഓൾറൗണ്ടറായ ശിവം ദുബെയാണ്. പാക്കിസ്ഥാനെതിരെ സഞ്ജുവിന്റെ ബാറ്റിങ് കാണാൻ കാത്തിരുന്ന ആരാധകരെ ഒന്നടങ്കം നിരാശരാക്കിയായിരുന്നു ആ തീരുമാനം. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിൽ പാക്കിസ്ഥാനെതിരായ ആദ്യ മത്സരമായിരുന്നു ഞായറാഴ്ച ദുബായിൽ നടന്നത്. അതിൽ സഞ്ജു ബാറ്റു െചയ്യുന്നത് ആരാധകരും സ്വപ്നം കണ്ടിരുന്നു.
ബാറ്റിങ്ങിന് അവസരം ലഭിക്കാത്തതിൽ സഞ്ജുവും നിരാശനായിരുന്നെന്നാണ് വിഡിയോ ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. 16–ാം ഓവറിലെ അഞ്ചാം പന്തിൽ സിക്‌സറിലൂടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടീമിന്റെ വിജയറണ്‍സ് നേടിയപ്പോൾ ഡഗൗട്ടിലെ ഇന്ത്യന്‍ താരങ്ങളെല്ലാം ആവേശത്തോടെ എഴുന്നേറ്റപ്പോഴും ബാറ്റിങ്ങിനായി പാഡും ധരിച്ച് ഇരിക്കുന്ന സഞ്ജുവിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. താരത്തിന്റെ മുഖത്ത് വിഷാദവും നിരാശയുമെല്ലാം പ്രകടവുമായിരുന്നു.
സഞ്ജുവിനെ അഞ്ചാം പൊസിഷനിൽ ഇറക്കാത്തതിൽ ടീം മാനേജ്മെന്റ് ഇതുവരെയും വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും ഓപ്പണിങ് മുതല്‍ പിന്തുടർന്ന ഇടംകൈ- വലംകൈ ബാറ്റിങ് കോംബിനേഷൻ തുടരുന്നതിനാണെന്നാണ് കരുതുന്നത്. ഇതിനാലാണ് ഇടംകയ്യനായ തിലക് വർമ മടങ്ങിയപ്പോള്‍ ദുബെയെ കൊണ്ടു വന്നതെന്നാണ് വ്യക്തമാവുന്നത്.
English Summary:








English (US) ·