എന്തിനാണ് വിരമിച്ചതെന്ന് കോലിയോട് ഹര്‍ഭജന്റെ മകള്‍; ഇതാണ് ശരിയായ സമയമെന്ന് കോലി

7 months ago 9

kohli-retirement-harbhajan-daughter-reaction

വിരാട് കോലി, ഹർഭജൻ സിങ് | Photo: PTI, AP

ന്യൂഡല്‍ഹി: വിരാട് കോലിയുടെ വിരമിക്കല്‍ അറിഞ്ഞ് മകള്‍ ഹിനായ അദ്ദേഹത്തിന് സന്ദേശം അയച്ചിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. കോലിയുടെ വിരമിക്കലില്‍ മകള്‍ ഏറെ വിഷമിച്ചുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. മകളുടെ സന്ദേശത്തിന് കോലി നല്‍കിയ മറുപടിയും അദ്ദേഹം വെളിപ്പെടുത്തി. അടുത്തിടെ ഒരു പരിപാടിക്കിടെയാണ് ഹര്‍ഭജന്‍, മകള്‍ കോലിക്ക് സന്ദേശം അയച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

മേയ് 12-നാണ് അപ്രതീക്ഷിതമായി കോലി ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ജൂണില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കുമെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കോലിയുടെ വിരമിക്കലിനോട് മകള്‍ വൈകാരികമായാണ് പ്രതികരിച്ചതെന്നാണ് ഹര്‍ഭജന്‍ വെളിപ്പെടുത്തിയത്. ''എന്തിനാണ് വിരാട്, എന്തിനാണ് നിങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്? എന്ന് ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. പപ്പാ, എന്തിനാണ് വിരാട് വിരമിച്ചതെന്ന് എന്റെ മകള്‍ പോലും എന്നോട് ചോദിച്ചു. 'വിരാട്, ഇത് ഹിനായ, എന്തിനാണ് നിങ്ങള്‍ വിരമിച്ചത്?' എന്ന് അവള്‍ വിരാടിന് മെസേജ് അയച്ചു. 'കുഞ്ഞേ ഇതാണ് ശരിയായ സമയ'മെന്ന് പുഞ്ചിരിച്ചുകൊണ്ട് കോലി മറുപടിയും നല്‍കി'', ഹര്‍ഭജന്‍ വ്യക്തമാക്കി.

123 ടെസ്റ്റുകളില്‍നിന്ന് 46.85 ശരാശരിയില്‍ 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 9230 റണ്‍സ് നേടിയ ശേഷമാണ് കോലി ടെസ്റ്റ് മതിയാക്കിയത്. 68 ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിച്ച കോലി ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനുമാണ്. 40 ടെസ്റ്റിലാണ് അദ്ദേഹം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 17 എണ്ണം തോറ്റപ്പോള്‍ 11 മത്സരങ്ങള്‍ സമനിലയിലായി.

Content Highlights: Harbhajan Singh reveals his daughter`s affectional absorption to Virat Kohli`s astonishment Test retirement.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article