Published: April 21 , 2025 03:55 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന ഗ്ലെന്‍ മാക്സ്‍വെല്ലിനും ലിയാം ലിവിങ്സ്റ്റണിനും എതിരെ രൂക്ഷവിമർശനവുമായി മുന്‍ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. മോശം ഫോമിനെ തുടർന്ന് പഞ്ചാബ് കിങ്സ് താരം മാക്സ്‍വെല്ലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ലിവിങ്സ്റ്റണും പ്ലേയിങ് ഇലവനിൽനിന്നു പുറത്തായിരുന്നു. ഇരുവർക്കും ഐപിഎൽ കിരീടം വിജയിക്കണമെന്ന് ഒരു താൽപര്യവുമില്ലെന്ന് സേവാഗ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
പല വിദേശ താരങ്ങളും ഐപിഎലിനു വരുന്നത് അവധിക്കാലം ആഘോഷിക്കാനെന്ന പോലെയാണെന്നും സേവാഗ് തുറന്നടിച്ചു. ‘‘അവർക്കു സ്കോർ കണ്ടെത്താനുള്ള താൽപര്യമൊന്നുമില്ല. മാക്സ്‍വെല്ലും ലിവിങ്സ്റ്റനും അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി ഐപിഎലിനു വന്നതുപോലെയാണ്. ടീമിനോട് ഒരു താൽപര്യവും ഇവർക്കുണ്ടാകില്ല. ടീമിനു വേണ്ടി നന്നായി കളിക്കണമെന്നോ, കിരീടമുയര്‍ത്തണമെന്നോ ഇല്ല. വെറുതെ കളിക്കുന്നു.’’- സേവാഗ് പ്രതികരിച്ചു.
‘‘ഡേവിഡ് വാർണർ, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മഗ്രോ എന്നിവരെല്ലാം ടീമിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ്. ഞാൻ കളിച്ചിരുന്നപ്പോൾ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിന് മഗ്രോ എന്നോടു ദേഷ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്നു താരങ്ങള്‍ക്കു പുറമേ ഒരുപാടു വിദേശ താരകൾ ഐപിഎലിലേക്കു വരികയും പോകുകയും ചെയ്തു. ഐപിഎൽ പ്ലേ ഓഫിലൊക്കെ തോറ്റാലും ചില വിദേശ താരങ്ങൾക്ക് പാർട്ടി വേണം. അവിടെ ഇന്ത്യന്‍ താരങ്ങൾ മാത്രമായിരിക്കും സങ്കടപ്പെട്ട് ഇരിക്കുന്നത്. ഇക്കാര്യം ഞാൻ ടീമുടമകളോടും പറഞ്ഞിട്ടുള്ളതാണ്.’’- സേവാഗ് വ്യക്തമാക്കി.
4.2 കോടിക്കാണ് മാക്സ്‍വെല്ലിനെ പഞ്ചാബ് കിങ്സ് വാങ്ങിയത്. മെഗാതാരലേലത്തിൽ ലിയാം ലിവിങ്സ്റ്റന് 10.75 കോടിയും ലഭിച്ചു. പക്ഷേ പ്രതിഫലത്തിനൊത്ത പ്രകടനം പുറത്തെടുക്കാൻ രണ്ടു താരങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല. ഈ സീസണിൽ ആർസിബിക്കായി ആറ് ഇന്നിങ്സുകളിൽനിന്ന് 87 റൺസ് മാത്രമാണ് ലിയാം ലിവിങ്സ്റ്റൺ നേടിയത്. രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. അഞ്ച് ഇന്നിങ്സുകൾ കളിച്ച മാക്സ്‍വെല്ലിന് 41 റൺസും നാലു വിക്കറ്റുകളുമുണ്ട്.
English Summary:








English (US) ·