Published: June 02 , 2025 10:19 AM IST
1 minute Read
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രണ്ടാം ക്വാളിഫയറിൽ തോറ്റ് പുറത്തായ മുംബൈ ഇന്ത്യൻസിന്റെ പരിശീലകർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ലോകകപ്പ് പോലും നേടിയ താരങ്ങൾ ഉൾപ്പെടുന്ന മുംബൈ ടീമിനെ പരിശീലകർ വിശ്വസിക്കുന്നില്ലെന്ന് ഹർഭജൻ തുറന്നടിച്ചു. കളിക്കാർക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാൻ പോലും കഴിയുന്നില്ല. ക്യാപ്റ്റൻ എന്താണ് ചെയ്യേണ്ടതെന്നു പോലും പരിശീലകരായ മഹേള ജയവർധനെയും പരസ് മാംബ്ലെയുമെല്ലാം ഗ്രൗണ്ടിനു പുറത്തുനിന്ന് അലറുകയാണെന്നും ഹർഭജൻ വിമർശിച്ചു.
‘‘കളിക്കിടെ മുംബൈ പരിശീലകൻ എന്തൊക്കെയാണ് കാണിക്കുന്നത്? ഒരറ്റത്തുനിന്ന് മഹേള ജയവർധനെ അലറുന്നു, ഇപ്പുറത്തുനിന്ന് പരസ് മാംബ്രെയുടെ ബഹളം. ഹാർദിക് പാണ്ഡ്യയോട് ആരെക്കൊണ്ടാണ് ബോൾ ചെയ്യിക്കേണ്ടതെന്നൊക്കെയാണ് ഇവർ നിർദ്ദേശം നൽകുന്നത്.’ – ഹർഭജൻ പറഞ്ഞു.
‘‘കളിക്കാരനെന്ന നിലയിൽ ഒരിക്കലും ഐപിഎൽ കിരീടം നേടിയിട്ടില്ലാത്ത വ്യക്തിയാണ് ജയവർധനെ. ചില മികച്ച ടീമുകൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, അതുകൊണ്ടുമാത്രം സ്വന്തം ടീമിന്റെ ക്യാപ്റ്റനെ ഇങ്ങനെ സമ്മർദ്ദത്തിലേക്ക് തള്ളിവിടാമോ?’ – ഹർഭജൻ ചോദിച്ചു.
‘‘ആദ്യം സ്വന്തം ടീമിലെ കളിക്കാരെ വിശ്വസിക്കാൻ പഠിക്കണം. രോഹിത് ശർമയും ജസ്പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയുമെല്ലാം ലോകകപ്പ് പോലും നേടിയിട്ടുള്ള താരങ്ങളാണ്. ആദ്യം അവരെ സ്വാതന്ത്ര്യത്തോടെ കളിക്കാൻ അനുവദിക്കുകയല്ലേ വേണ്ടത്?’ – ഹർഭജൻ ചൂണ്ടിക്കാട്ടി.
We ne'er saw specified instructions coming from extracurricular the tract erstwhile Rohit Sharma was captain, jab yahi karna tha to kisi aur ko skipper banaya hullo kyu? 😭pic.twitter.com/dyvrkS8Xvc
— Kusha Sharma (@Kushacritic) June 1, 2025മഹേള ജയവർധനെ, പരസ് മാംബ്രെ എന്നിവർക്കു പുറമേ കയ്റൻ പൊള്ളാർഡ്, ലസിത് മലിംഗ എന്നിവരാണ് മുംബൈ ഇന്ത്യൻസിന്റെ പരിശീലക സംഘത്തിലുള്ളത്. ഐപിഎലിൽ ആറാം കിരീടമെന്ന റെക്കോർഡ് നേട്ടം ലക്ഷ്യമിട്ടെത്തിയ മുംബൈ, ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് പരിശീലകർക്കെതിരെ മുൻ മുംബൈ ഇന്ത്യൻസ് താരം കൂടിയായ ഹർഭജന്റെ വിമർശനം.
ഗുജറാത്ത് ടൈറ്റൻസിനെതിരായ എലിമിനേറ്റർ പോരാട്ടത്തിലും ഇന്നലത്തെ രണ്ടാം ക്വാളിഫയറിലും ബൗണ്ടറി ലൈനിനു സമീപം വന്നുനിന്ന് കളിക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്ന മുംബൈ പരിശീലകരുടെ ദൃശ്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. എലിമിനേറ്ററിൽ ഒരു ഘട്ടത്തിൽ നിർദ്ദേശങ്ങൾ നൽകിയ ജയവർധനെയോട്, ‘എല്ലാം താൻ നോക്കിക്കോളാ’മെന്ന തരത്തിൽ ജസ്പ്രീത് ബുമ്ര ആംഗ്യം കാട്ടിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഹർഭജൻ സിങ്ങിന്റെ വിമർശനം.
നേരത്തെ, മഴമൂലം രണ്ടേകാൽ മണിക്കൂർ വൈകിത്തുടങ്ങിയ രണ്ടാം ക്വാളിഫയറിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് മുംബൈയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ പഞ്ചാബ് 19 ഓവറിൽ ലക്ഷ്യം കണ്ടിരുന്നു. അർധ സെഞ്ചറി പിന്നിട്ട തകർപ്പൻ ബാറ്റിങ്ങുമായി പഞ്ചാബിനെ മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് (41 പന്തിൽ 87 നോട്ടൗട്ട്) പഞ്ചാബിന്റെ വിജയശിൽപി. നാളെ നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികൾ.
English Summary:








English (US) ·