എന്തു വില കൊടുത്തും സഞ്ജുവിനെ വാങ്ങണം; പകുതിയിലേറെ തുകയും വാരിയെറിഞ്ഞ് കൊച്ചി, ടൈറ്റൻസും റോയൽസും പിന്തിരിഞ്ഞു

6 months ago 6

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) താരലേലത്തിൽ റെക്കോർഡിട്ട് സഞ്ജു സാംസൺ. കെസിഎൽ രണ്ടാം സീസൺ ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്. ലേലത്തിൽ ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണെന്നിരിക്കെ, അതിൽ പകുതിയിലധികവും സഞ്ജുവിനായി കൊച്ചി ചെലവിട്ടു. കെസിഎലിൽ ആദ്യമായാണു സഞ്ജു പങ്കെടുക്കുന്നത്. എറണാകുളം സ്വദേശിയായ എം.എസ്.അഖിലായിരുന്നു കഴിഞ്ഞ ലേലത്തിലെ ഏറ്റവും വില കൂടിയ താരം – 7.4 ലക്ഷം. അതിന്റെ മൂന്നിരട്ടിയിലധികം തുകയാണു സഞ്ജുവിനു ലഭിച്ചത്.

ലേലത്തിനുണ്ടായിരുന്ന 168 താരങ്ങളിൽ നിന്ന് 91 പേരെയാണ് 6 ടീമുകൾ സ്വന്തമാക്കിയത്. വിവിധ ടീമുകൾ നേരത്തേ നിലനിർത്തിയതിനാൽ സച്ചിൻ ബേബി (കൊല്ലം സെയ‌്‌ലേഴ്സ്), മുഹമ്മദ് അസ്ഹറുദ്ദീൻ (ആലപ്പി റിപ്പിൾസ്), രോഹൻ കുന്നുമ്മൽ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്), വിഘ്നേഷ് പുത്തൂർ (ആലപ്പി റിപ്പിൾസ്) എന്നിവർ ലേലത്തിൽ പങ്കെടുത്തില്ല. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 6 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണു ടൂർണമെന്റ്.

സഞ്ജുവിനായി പോര് !

എന്തുവിലകൊടുത്തും സഞ്ജുവിനെ സ്വന്തമാക്കണമെന്ന തീരുമാനത്തിലുറച്ച് കൊച്ചി, തിരുവനന്തപുരം, തൃശൂർ ടീമുകൾ ലേലം വിളിച്ചതോടെ താരത്തിന്റെ വില കുതിച്ചുയർന്നു. അടിസ്ഥാന വിലയായ 3 ലക്ഷം രൂപയിൽ ആരംഭിച്ച ലേലംവിളി 26 ലക്ഷവും പിന്നിട്ട് ഉയർന്നതോടെ തിരുവനന്തപുരവും തൃശൂരും പിൻമാറി. രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഓൾ റൗണ്ടർ ജലജ് സക്സേനയ്ക്കു വേണ്ടിയും ടീമുകൾ ആവേശത്തോടെ ലേലംവിളിച്ചു.

ആലപ്പി റിപ്പിൾസിന്റെ താരമായി ജലജ് കളത്തിലിറങ്ങും. കഴിഞ്ഞ സീസണിലെ വിലയേറിയ താരമായ എം.എസ്.  അഖിലിനെ 8.40 ലക്ഷത്തിന് നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്സ് സ്വന്തമാക്കി. ബേസിൽ തമ്പിയായിരുന്നു ലേലത്തിലെ ആദ്യ പേരുകാരൻ. 8.40 ലക്ഷത്തിനു ബേസിൽ ട്രിവാൻഡ്രം റോയൽസിലെത്തി. കൗമാരതാരങ്ങളായ പതിനെട്ടുകാരൻ ജോബിൻ ജോബിയെ 85,000 രൂപയ്ക്ക് കൊച്ചിയും പത്തൊൻപതുകാരൻ അദ്വൈത് പ്രിൻസിനെ 75,000 രൂപയ്ക്ക് ട്രിവാൻഡ്രവും സ്വന്തമാക്കി.

ലേലത്തിൽ തിളങ്ങിയ മറ്റു താരങ്ങൾ

∙ അബ്ദുൽ ബാസിത് (ട്രിവാൻഡ്രം റോയൽസ്): 6.40 ലക്ഷം

∙ എം.അജ്നാസ് (കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്): 6.40 ലക്ഷം

∙ വിനോദ് കുമാർ (തൃശൂർ ടൈറ്റൻസ്): 6.20ലക്ഷം

∙ എം.നിഖിൻ (ട്രിവാൻഡ്രം റോയൽസ്): 5.90 ലക്ഷം

∙ സിജോമോൻ ജോസഫ് (തൃശൂർ ടൈറ്റൻസ്): 5.20 ലക്ഷം

∙ എൻ.പി.ബേസിൽ (ആലപ്പി റിപ്പിൾസ്): 5.40 ലക്ഷം

∙ സച്ചിൻ സുരേഷ് (കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്): 5.30 ലക്ഷം

∙ എസ്.മിഥുൻ (കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്): 5 ലക്ഷം.

English Summary:

Kerala Cricket League Auction, Battle for Sanju Samson

Read Entire Article