Published: June 07 , 2025 05:59 PM IST
1 minute Read
സിഡ്നി∙ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിനു ശേഷം ഐപിഎൽ മത്സരങ്ങൾ പുനഃരാരംഭിച്ചപ്പോൾ എന്തുകൊണ്ട് ഇന്ത്യയിലേക്കു തിരികെ വന്നില്ലെന്ന കാര്യത്തിൽ പ്രതികരിച്ച് ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ സ്റ്റാർക്ക്. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിൽ കടക്കാതെ പുറത്തായിരുന്നു. സീസണിലെ അവസാന മത്സരങ്ങളിൽ സ്റ്റാർക്ക് ഉൾപ്പടെയുള്ള വിദേശ താരങ്ങളുടെ അഭാവവും ഡൽഹിക്കു തിരിച്ചടിയായി.
ഐപിഎലിൽ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം പാതിവഴിയിൽ നിർത്തിവച്ചതിനു ശേഷം നടന്ന സംഭവങ്ങളാണ് തന്റെ തീരുമാനത്തിനു പിന്നിലെന്നു സ്റ്റാർക്ക് വെളിപ്പെടുത്തി. ‘‘എന്റെ തീരുമാനത്തിൽ ഞാൻ തൃപ്തനാണ്. അന്നത്തെ സാഹചര്യവും അതു കൈകാര്യം ചെയ്ത രീതിയും അനുസരിച്ചാണു ഞാൻ തീരുമാനമെടുത്തത്. എനിക്ക് എന്റേതായ ചോദ്യങ്ങളും ആശങ്കകളുമുണ്ടായിരുന്നു. ബാക്കിയെല്ലാം കാലം തെളിയിക്കട്ടെ.’’– ഒരു ഓസ്ട്രേലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്റ്റാർക്ക് പ്രതികരിച്ചു.
‘‘പാക്കിസ്ഥാൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയുടെ കാര്യത്തിലും സ്വന്തം നിലയ്ക്കാണു പോകേണ്ടെന്നു തീരുമാനിച്ചത്. ഐപിഎൽ മത്സരങ്ങൾ മുടങ്ങിയപ്പോൾ ടെസ്റ്റ് മത്സരത്തിലേക്കായി പിന്നീടുള്ള എന്റെ ശ്രദ്ധ. ഓരോ ടീമിലെയും താരങ്ങളുടെയും അനുഭവങ്ങൾ വ്യത്യസ്തമാകാം. പഞ്ചാബ് ടീമിലും ഡൽഹിയിലുമുള്ള ധരംശാലയിൽ കളിച്ച താരങ്ങൾക്കാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായത്. ഐപിഎൽ തുടങ്ങിയപ്പോൾ പഞ്ചാബ് താരങ്ങൾ തിരികെ വന്നിട്ടുണ്ടാകും. പക്ഷേ വരേണ്ടെന്നായിരുന്നു എന്റെയും ജേക് ഫ്രേസർ മഗ്രുകിന്റെയും തീരുമാനം. അതു ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്.’’– സ്റ്റാർക്ക് പ്രതികരിച്ചു.
ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിനിടെ ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റല്‍സും തമ്മിലുള്ള കളി പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. സ്റ്റേഡിയത്തിലെ ലൈറ്റുകളെല്ലാം അണച്ച ശേഷമാണ് താരങ്ങളെയും ആരാധകരെയും സ്റ്റേഡിയങ്ങളിൽനിന്ന് മാറ്റിയത്. വിദേശ താരങ്ങളെ ഡൽഹിയിലേക്ക് പ്രത്യേക ട്രെയിനിൽ എത്തിച്ച ശേഷം വിമാനങ്ങളിൽ സ്വന്തം നാടുകളിലേക്ക് അയക്കുകയായിരുന്നു.
English Summary:








English (US) ·