എന്തുകൊണ്ട് തോറ്റു; 'വാലറ്റക്കാര്‍ മാത്രമല്ല കാരണം', വിശദീകരണവുമായി ഗംഭീര്‍

6 months ago 6

Gautam Gambhir

ഗൗതം ഗംഭീറും ശുഭ്മാൻ ഗില്ലും |ഫോട്ടോ:PTI

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വിശദീകരണവുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍. മത്സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടീമിനും അംഗങ്ങള്‍ക്കും നേരെയുള്ള വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങൾക്കും ഗംഭീര്‍ മറുപടി നല്‍കി. വാലറ്റക്കാര്‍ മോശം പ്രകടനം നടത്തിയെന്ന ചോദ്യങ്ങളെ പ്രതിരോധിച്ച ഗംഭീര്‍ അടുത്ത മത്സരത്തില്‍ ഇന്ത്യ തിരിച്ചുവരവ് നടത്തുമെന്നും വ്യക്തമാക്കി.

എട്ട് മുതല്‍ 11 വരെയുള്ള വാലറ്റക്കാര്‍ രണ്ട് ഇന്നിങ്‌സുകളില്‍നിന്നായി ഒമ്പത് റണ്‍സ് മാത്രമാണ് സംഭാവന ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 'അവര്‍ പരിശ്രമിച്ചില്ല എന്ന് ഞാന്‍ പറയില്ല. ചിലപ്പോള്‍ ആളുകള്‍ പരാജയപ്പെടും. ഇത് നിരാശാജനകമാണെന്ന് എനിക്കറിയാം, അതിലുപരിയായി, മറ്റാരെക്കാളും കൂടുതല്‍ നിരാശര്‍ ആ താരങ്ങള്‍ തന്നെയാണെന്നും ഞാന്‍ കരുതുന്നു. കാരണം അവസരമുണ്ടായിരുന്നു എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 570-580 വരെ റണ്‍സെടുക്കാനായിരുന്നെങ്കില്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്താമായിരുന്നു' ഗംഭീര്‍ മറുപടി നല്‍കി.

മോശം പ്രകടനം നടത്തിയ താരങ്ങളെ പേരെടുത്ത് വിമര്‍ശിക്കാനോ പരാമര്‍ശം നടത്താനോ ഗംഭീര്‍ തയ്യാറായില്ല. ജയം പോലെ തന്നെ തോല്‍വിയും ഒരുമിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവര്‍ നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്യാത്തത് കൊണ്ടല്ല. ചിലപ്പോള്‍ ഇതൊക്കെ സംഭവിക്കും, മികച്ച ബാറ്റ്സ്മാന്‍മാര്‍ പോലും പലപ്പോഴും പരാജയപ്പെടാറുണ്ട്. ഇത് അവര്‍ക്ക് പഠിക്കാന്‍ സാധിച്ചു എന്ന് കരുതുന്നു, കൂടാതെ നമ്മുടെ വാലറ്റ ബാറ്റ്സ്മാന്‍മാരില്‍ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ മത്സരം തോല്‍ക്കാനുള്ള ഏക കാരണം വാലറ്റക്കാരുടെ മോശം പ്രകടനം മാത്രമല്ല. മത്സരം ജയിക്കാന്‍ സാധിക്കുമായിരുന്ന മറ്റു അവസരങ്ങളും ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ ഇരുന്ന് വാലറ്റക്കാര്‍ അല്ലെങ്കില്‍ 8, 9, 10, 11 നമ്പറിലുള്ളവര്‍ക്ക് സംഭാവന ചെയ്യാന്‍ സാധിച്ചില്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നില്ല. നമ്മള്‍ ഒരുമിച്ച് തോല്‍ക്കുന്നു, നമ്മള്‍ ഒരുമിച്ച് ജയിക്കുന്നു' ഗംഭീര്‍ പറഞ്ഞു.

ശാര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനം സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറായിട്ടല്ല ടീമിലുള്ളതെന്നും മറിച്ച് ഒരു ബൗളിങ് ഓള്‍റൗണ്ടറാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

'ഒന്നാമതായി, അദ്ദേഹത്തെ ടീമിലെടുത്തത് ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറായിട്ടല്ല, മറിച്ച് ഒരു ബോളിങ് ഓള്‍റൗണ്ടറായാണ്. ചിലപ്പോള്‍ ക്യാപ്റ്റന്‍ തന്റെ കാഴ്ചപ്പാടനുസരിച്ച് തീരുമാനങ്ങളെടുക്കും. ശാര്‍ദുലിനെ അല്പം കുറച്ചാണ് ഉപയോഗിച്ചത്, അതിന്റെ കാരണം ഒരുപക്ഷേ രവീന്ദ്ര ജഡേജ നന്നായി പന്തെറിഞ്ഞു എന്നതാണ്, അതിനാല്‍ ജഡേജ നിയന്ത്രണം നല്‍കുമെന്ന് ഞങ്ങള്‍ കരുതി. ശാര്‍ദുല്‍ രണ്ട് പ്രധാന വിക്കറ്റുകള്‍ നേടിത്തന്നു. അതിനാല്‍ ഞാന്‍ ഇവിടെ ഇരുന്ന് ഈ കളിക്കാരന്‍ നന്നായി പന്തെറിഞ്ഞില്ലെന്നോ ആ കളിക്കാരന്‍ നന്നായി പന്തെറിഞ്ഞെന്നോ പറയാന്‍ പോകുന്നില്ല. ശാര്‍ദുല്‍ നേടിയ രണ്ട് പ്രധാന വിക്കറ്റുകള്‍ നമ്മെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഞാന്‍ കരുതുന്നത് എല്ലാവരും സ്ഥിരത പുലര്‍ത്തേണ്ടതുണ്ട് എന്നാണ്. അതാണ് ഏറ്റവും പ്രധാനം,അതവര്‍ പഠിക്കും' ഗംഭീര്‍ പറഞ്ഞു.

ക്യാപ്റ്റനായി വന്ന ആദ്യ മത്സരത്തില്‍ ടീം തോറ്റെങ്കിലും ശുഭ്മാന്‍ ഗില്ലിന് ടീമിനെ നയിക്കാനാവശ്യമായ എല്ലാ ഗുണങ്ങളും ഉണ്ടെന്ന് ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

'ആദ്യ ടെസ്റ്റ് മത്സരം, തീര്‍ച്ചയായും പരിഭ്രമമുണ്ടാകും, അവന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഇതൊരു വലിയ ബഹുമതിയാണ്. അധികം ആളുകള്‍ക്ക് ആ അവസരം ലഭിക്കാറില്ല, അവന്‍ ഗംഭീരമായിരുന്നു. ഏറ്റവും പ്രധാനമായി ആദ്യ ഇന്നിംഗ്സില്‍ അവന്‍ ബാറ്റ് ചെയ്ത രീതി. ആദ്യമായി ക്യാപ്റ്റനായപ്പോള്‍ പരിഭ്രമം ഉണ്ടായിരുന്നിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, സെഞ്ചുറി നേടി. ഒരു വിജയകരമായ ക്യാപ്റ്റനാകാന്‍ ആവശ്യമായതെല്ലാം അവനുണ്ട്, പക്ഷെ നമ്മള്‍ അവന് സമയം നല്‍കണം. ഇതൊരു തുടക്കമാണ്. അവന്‍ ആദ്യമായിട്ടാണ് ക്യാപ്റ്റനാകുന്നത്. അവന്‍ മെച്ചപ്പെടും. അവന്‍ ഒരു മികച്ച പ്രൊഫഷണലായി പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്' ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.

Content Highlights: India`s manager Gautam Gambhir explains the team`s decision against England successful the archetypal Test match,

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article