Published: June 02, 2026 09:02 AM IST Updated: June 02, 2026 10:12 AM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമം. ലോകകപ്പ് ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യാൻ ഫിഫയുമായി കരാറൊപ്പിട്ട് ‘സീ ഗ്രൂപ്പ്’. ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംപ്രേഷണാവകാശം സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (സീൽ) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി ആരംഭിച്ച ‘യുണൈറ്റ് 8 സ്പോർട്സ്’ ചാനലുകളായ യുണൈറ്റ് 8 സ്പോർട്സ് 1, യുണൈറ്റ് 8 സ്പോർട്സ് 1 എച്ച്ഡി, യുണൈറ്റ് 8 സ്പോർട്സ് 2, യുണൈറ്റ് 8 സ്പോർട്സ് 2 എച്ച്ഡി എന്നിവയിൽ തത്സമയം കാണാം. ‘സീ5’ ഒടിടി പ്ലാറ്റ്‌ഫോമിൽ ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും. ഇന്ത്യയിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ തത്സമയം കാണാൻ കഴിയുമോ എന്ന കാര്യത്തിൽ ഏറെക്കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമായി.
2026 ലോകകപ്പിനു പുറമേ 2034 വരെയുള്ള 39 ഫിഫ ടൂർണമെന്റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ ഗ്രൂപ്പ് സ്വന്തമാക്കിയത്. ഫിഫ പുരുഷ അണ്ടർ 17 ലോകകപ്പ് (2026-2034), വനിതാ അണ്ടർ 17 ലോകകപ്പ് (2026-2034), പുരുഷ അണ്ടർ 20 ലോകകപ്പ് (2027, 2029, 2031, 2033), വനിതാ അണ്ടർ 20 ലോകകപ്പ് (2026, 2028, 2030, 2032, 2034), ഫിഫ ഫുട്സാൽ പുരുഷ ലോകകപ്പ് (2028, 2032), ഫിഫ ഫുട്സാൽ വനിതാ ലോകകപ്പ് (2029, 2033), 2027 ഫിഫ വനിതാ ലോകകപ്പ്, ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് (2026-2030) എന്നിവയുടെ സംപ്രേഷണാവകാശവും സീ ഗ്രൂപ്പ് സ്വന്തമാക്കി. 3.5 കോടി ഡോളറിനാണ് (ഏകദേശം 290 കോടി രൂപ) ഫിഫയുമായി സീ കരാർ ഒപ്പിട്ടതെന്നാണ് സൂചന. എങ്കിലും ഔദ്യോഗിക പ്രസ്താവനയിൽ കരാർ തുക വെളിപ്പെടുത്തിയിട്ടില്ല. 2026, 2030 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത് 10 കോടി ഡോളറായിരുന്നു.
മത്സരങ്ങളുടെ സമയക്രമമാണ് ഇന്ത്യയിൽ ടൂർണമെന്റിന്റെ സംപ്രേഷണാവകാശം വിറ്റഴിക്കുന്നതിനു വെല്ലുവിളിയായത്. യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 12നും പുലർച്ചെ 6 മണിക്കും ഇടയിലാണ് കാണാനാകുക. അർധരാത്രിയിലും പുലർച്ചെയുമായി നടക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യയിൽ പരസ്യവരുമാനം കുറവായിരിക്കുമെന്ന വിലയിരുത്തലിൽ ജിയോ ഹോട് സ്റ്റാർ, സോണി സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികൾ പിന്മാറിയതാണ് ഫിഫയെ പ്രതിസന്ധിയിലാക്കിയത്.
എന്നാൽ കഴിഞ്ഞ ആഴ്ച ‘യുണൈറ്റഡ് 8 സ്പോർട്സ് ’എന്ന പേരിൽ പുതിയ സ്പോർട്സ് ചാനലുകൾ തുടങ്ങി ഇന്ത്യൻ കായിക സംപ്രേഷണ വിപണിയിലേക്കു സീ ഗ്രൂപ്പ് തിരിച്ചെത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സീ ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു.
English Summary:








English (US) ·